വരുണ്‍ അഗര്‍വാളിന്റെ മിഡാസ് ടച്ച്, 25ാം വയസ്സില്‍ കോടികളുടെ സമ്പാദ്യം

വരുണ്‍ അഗര്‍വാളിന്റെ മിഡാസ് ടച്ച്, 25ാം വയസ്സില്‍ കോടികളുടെ സമ്പാദ്യം

എന്‍ജിനീയറിംഗും മെഡിസിനും മാത്രമാണ് മികച്ച കരിയര്‍ നല്‍കുന്ന കോഴ്‌സുകള്‍ എന്ന ചിന്തയുള്ള മാതാപിതാക്കള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അങ്ങനെ ഉള്ളവര്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് വരുണ്‍ അഗര്‍വാള്‍ എന്ന 25 കാരന്റെ വിജയം. മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് എന്‍ജിനീയറിംഗിന് ചേര്‍ത്ത വരുണ്‍ തന്റെ ജീവിതം പഠനകാലത്ത് തന്നെ പാഷനില്‍ അധിഷ്ഠിതമായ സംരംഭകത്വത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ഇന്ന് ലാസ്റ്റ് മിനിറ്റ് ഫിലിംസ്, അല്‍മ മാറ്റര്‍ എന്നീ സ്ഥാപനങ്ങളുടെയും റെറ്റിക്കുലര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെയും ഉടമയാണ് വരുണ്‍, ഒപ്പം കോടികള്‍ കൊയ്യുന്ന സംരംഭകനും

തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ബാംഗ്ലൂര്‍ നഗരത്തിന്റെ സന്തതിയായി പിറന്ന വരുണ്‍ അഗര്‍വാളിന് ഏറ്റവും ഇഷ്ടപ്പെട്ട മേഖലയായിരുന്നു സിനിമ. അഭിനയ മോഹിയല്ല, എന്നാല്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമാകണം എന്ന മോഹം മനസ്സില്‍ ശക്തമായിരുന്നു. സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങണം, സംവിധായകന്‍ ആകണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്‍ വരുണ്‍ സ്‌കൂള്‍ പഠനകാലം മുതല്‍ക്കേ പങ്കുവച്ചിരുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. എന്നാല്‍ തങ്ങളുടെ മകനെ കുറിച്ച് വരുണിന്റെ മാതാപിതാക്കള്‍ക്ക് വ്യത്യസ്തമായ മറ്റൊരു ആഗ്രഹമാണ് ഉണ്ടായിരുന്നത്. എന്‍ജിനീയറിംഗ് കഴിഞ്ഞവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഉള്ള ബാംഗ്ലൂര്‍ നഗരത്തില്‍, തങ്ങളുടെ മകനെ മിടുക്കനായ ഒരു എന്‍ജിനീയര്‍ ആയിക്കാണാനാണ് അവര്‍ ആഗ്രഹിച്ചത്.

21 വയസ്സ് തികഞ്ഞപ്പോഴേക്കും ബോളിവുഡ് താരം പ്രീതി സിന്റയെ നായികയാക്കി എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ കൊമേഷ്യല്‍ ആഡ് ചെയ്യുന്ന രീതിയിലേക്ക് വരുണ്‍ അഗര്‍വാള്‍ വളര്‍ന്നു, ഒപ്പം കോടികളുടെ സമ്പാദ്യവും ബാങ്ക് എക്കൗണ്ടില്‍ നിറഞ്ഞു

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടെ, വരുണ്‍ തന്റെ മനസിലെ സിനിമ മോഹം മാതാപിതാക്കളെ അറിയിച്ചു. രാജ്യത്തെ മികച്ച സിനിമ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഏതെങ്കിലും ഒന്നില്‍ തന്നെ ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാതാപിതാക്കള്‍ അതിന് വിസമ്മതിച്ചു എന്ന് മാത്രമല്ല, ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രമുഖ എന്‍ജിനീയറിംഗ് കോളെജില്‍ മകനെ ചേര്‍ക്കുകയും ചെയ്തു. എത്ര മിടുക്കനാണ് എങ്കിലും മാതാപിതാക്കളുടെ വികാരങ്ങള്‍ക്ക് മുന്നില്‍ ഏതൊരു മകനും മൗനിയായി പോകുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമല്ലോ. അത്തരത്തില്‍ ഒരു സന്ദര്‍ഭത്തില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എന്‍ജിനീയറിംഗ് കോളെജിലേക്ക് വരുണിന് പോകേണ്ടി വന്നു. എന്നാല്‍ അപ്പോഴും തന്റെ പാഷന്‍ ഉപേക്ഷിക്കാന്‍ വരുണ്‍ തയ്യാറല്ലായിരുന്നു.

എന്‍ജിനീയറിംഗ് ക്ലാസിലും ചിന്ത സിനിമ തന്നെ

ബാംഗ്ലൂരിലെ സിഎംആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിക്കുമ്പോഴും വരുണിന്റെ മനസ്സ് സിനിമയ്ക്ക് പിന്നാലെ പാഞ്ഞു. കാമ്പസ് വിട്ട് പുറത്തു പോയി സിനിമ വ്യവസായത്തിന്റെ ഭാഗമാകാനുള്ള അനുവാദം ഇല്ലാത്തതിനാല്‍ കാമ്പസിനകത്ത് വച്ച് തന്നെ ഷോര്‍ട്ട്ഫിലിം നിര്‍മാണം ആരംഭിച്ചു.

‘സ്റ്റോപ്പ് തിങ്കിംഗ്, സ്റ്റാര്‍ട്ട് വര്‍ക്കിംഗ്’ എന്ന ഫോര്‍മുലയില്‍ അടിയുറച്ചായിരുന്നു വരുണിന്റെ പ്രവര്‍ത്തനം. ഹോസ്റ്റല്‍ ഫീസില്‍ നിന്നും മിച്ചം വച്ച പണം കൊണ്ട് തുടങ്ങിയ ആ സ്റ്റാര്‍ട്ടപ്പിന് ‘ലാസ്റ്റ് മിനിറ്റ് ഫിലിംസ്’ എന്നാണ് വരുണ്‍ പേര് നല്‍കിയത്. പാഷനില്‍ അധിഷ്ഠിതമായി തുടങ്ങിയതിനാലാവാം ആ സ്ഥാപനം വളരെ വേഗത്തില്‍ വളര്‍ന്നു. കാമ്പസിന് പുറത്തേക്കുള്ള ലാസ്റ്റ് മിനിറ്റ് ഫിലിംസിന്റെ വളര്‍ച്ച വരുണ്‍ അഗര്‍വാള്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഏറെ കയ്യടി നേടിക്കൊടുത്തു.

മ്യൂസിക് വീഡിയോസ്, കൊമേഷ്യല്‍ ആഡ്‌സ്, കൊമേഷ്യല്‍ ഫിലിംസ്, കോര്‍പ്പറേറ്റ് ഫിലിംസ് തുടങ്ങിയവ വരുണ്‍ അഗര്‍വാളിന്റെ സ്ഥാപനത്തില്‍ പിറവിയെടുത്തു. താന്‍ ഒരു മികച്ച സംരംഭകനാണ് എന്ന് തെളിയിക്കുന്നതായിരുന്നു വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വരുണ്‍ അഗര്‍വാളിന്റെ സ്ഥാപനത്തെ തേടിയെത്തിയ അവസരങ്ങള്‍. എന്നാല്‍ അതുകൊണ്ട് ഒന്നും തന്നെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല. എത്ര വരുമാനം നേടിയാലും എന്‍ജിനീയറിംഗ് ബിരുദം നേടിയേ തീരു എന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. താന്‍ നിര്‍മിച്ച ഹ്രസ്വചിത്രങ്ങളും പരസ്യങ്ങളും യുട്യൂബില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സമ്പാദിക്കുമ്പോള്‍ ബിസിനസ് ചര്‍ച്ചകള്‍ക്കും എന്‍ജിനീയറിംഗ് അവസാന വര്‍ഷ പരീക്ഷയ്ക്കും ഇടയിലായിരുന്നു വരുണ്‍.

ശ്രദ്ധ മുഴുവന്‍ ബിസിനസില്‍ ആയതിനാല്‍ തന്നെ പലവട്ടം പരാജയപ്പെട്ട ശേഷമാണ് എന്‍ജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയത്. എന്നാല്‍ അപ്പോഴേക്കും വരുണിന്റെ ലാസ്റ്റ് മിനിറ്റ് ഫിലിംസ് ലക്ഷങ്ങള്‍ വരുമാനമുള്ള ഒരു സ്ഥാപനമായി മാറിയിരുന്നു.

ശ്രദ്ധ മുഴുവന്‍ ബിസിനസില്‍ ആയതിനാല്‍ തന്നെ പലവട്ടം പരാജയപ്പെട്ട ശേഷമാണ് എന്‍ജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയത്. എന്നാല്‍ അപ്പോഴേക്കും വരുണിന്റെ ലാസ്റ്റ് മിനിറ്റ് ഫിലിംസ് ലക്ഷങ്ങള്‍ വരുമാനമുള്ള ഒരു സ്ഥാപനമായി മാറിയിരുന്നു

21 വയസ്സ് തികഞ്ഞപ്പോഴേക്കും ബോളിവുഡ് തരാം പ്രീതി സിന്റയെ നായികയാക്കി എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ കൊമേഷ്യല്‍ ആഡ് ചെയ്യുന്ന രീതിയിലേക്ക് വരുണ്‍ അഗര്‍വാള്‍ വളര്‍ന്നു. എന്നാല്‍ അവിടം കൊണ്ടൊന്നും നില്‍ക്കുന്ന ഒന്നായിരുന്നില്ല വരുണിന്റെ സംരംഭകയാത്ര. സീരിയല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എന്ന ആശയം എവിടെ നിന്നോ വരുണിന്റെ മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ തന്റെ സുഹൃത്ത് രോഹന്‍ മല്‍ഹോത്രയുമായി ചേര്‍ന്ന് മറ്റൊരു സംരംഭത്തിന് വരുണ്‍ തുടക്കമിട്ടു.

പാഷനൊപ്പം അല്‍പം ഫാഷനും

താന്‍ തന്റെ കോളെജിനു വേണ്ടി ഒന്നും ചെയ്തില്ല എന്ന ചിന്തയില്‍ നിന്നുമാണ് അല്‍മ മാറ്റര്‍ എന്ന സ്ഥപനത്തിന് വരുണ്‍ ആരംഭം കുറിക്കുന്നത്. കസ്റ്റമൈസ്ഡ് ടീഷര്‍ട്ടുകള്‍ ഡിസൈന്‍ ചെയ്യുന്ന സ്ഥാപനമായിരുന്നു ഇത്. ഇന്ത്യയൊട്ടുക്കുമുള്ള വിവിധ കോളെജുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അല്‍മ മാറ്ററില്‍ നിന്നും കസ്റ്റമൈസ്ഡ് ടീ ഷര്‍ട്ടുകളും ഹൂഡുകളും വാങ്ങാന്‍ തുടങ്ങിയതോടെ ഈ സംരംഭവും ഹിറ്റായി. അതോടെ വരുണിന്റെ രാശിയും തെളിഞ്ഞു. സീരിയല്‍ എന്‍ട്രപ്രണര്‍ഷിപ്പ് മനസ്സില്‍ കിടക്കുന്നത് കൊണ്ട് തന്നെ തന്റെ അടുത്ത സംരംഭത്തിനും വരുണ്‍ ഉടന്‍ തുടക്കമിട്ടു. റെറ്റിക്കുലര്‍ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റ് ആയിരുന്നു അത്.

ഹോസ്റ്റല്‍ ഫീസ് മിച്ചം വച്ചും കൂട്ടുകാരില്‍ നിന്നും പണം കടം വാങ്ങിയും വെന്‍ച്വര്‍ ഫണ്ടിംഗ് കണ്ടെത്തിയും ഒക്കെയായിരുന്നു തുടക്കമെങ്കിലും ഇപ്പോള്‍ എല്ലാവര്‍ക്കും മാതൃകയായ ഒരു വിജയമാണ് വരുണ്‍ അഗര്‍വാളിന്റേത്. എല്ലാവരും എന്ത് പഠിക്കുന്നു, എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിനെ പറ്റി ചിന്തിക്കാതെ സ്വന്തം പാഷനുകള്‍ക്ക് പിന്നാലെ സഞ്ചരിച്ചല്‍ വിജയം നമുക്കൊപ്പം നില്‍ക്കും എന്ന് വരുണിന്റെ കഥ തെളിയിക്കുന്നു.

Comments

comments