സൗദിയുടെ ഫ്‌ളൈഇന്‍ ഇനി ക്ലിയര്‍ട്രിപ്പിന് സ്വന്തം

സൗദിയുടെ ഫ്‌ളൈഇന്‍ ഇനി ക്ലിയര്‍ട്രിപ്പിന് സ്വന്തം

സൗദി അറേബ്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ സംരംഭമാണ് ഫ്‌ളൈഇന്‍. 60-70 മില്ല്യണ്‍ ഡോളറിനാണ് ക്ലിയര്‍ട്രിപ് ഈ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തത്

റിയാദ്: സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ട്രാവല്‍ അഗ്രിഗേറ്ററായ ഫ്‌ളൈ ഇന്നിനെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ക്ലിയര്‍ട്രിപ് ഏറ്റെടുത്തു. എത്ര തുകയുടേതാണ് ഏറ്റെടുക്കല്‍ എന്നത് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 60-70 മില്ല്യണ്‍ ഡോളറിന്റെ ഇടപാടാണിതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ലയന സംരംഭത്തിന് പശ്ചിമേഷ്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയില്‍ 60 ശതമാനം വിഹിതം നേടാനാകും.

പശ്ചിമേഷ്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്ന് ക്ലിയര്‍ട്രിപ് അറിയിച്ചു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ലിയര്‍ട്രിപ്പിന്റെ ആദ്യ വിദേശ ഏറ്റെടുക്കലാണിത്. ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, പെഗാസസ് തുടങ്ങി നിരവധി ആഭ്യന്തര, അന്താരാഷ്ട്ര ബജറ്റ് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുള്ള പശ്ചിമേഷ്യന്‍ വിപണിയില്‍ ഓണ്‍ലൈന്‍ ട്രാവല്‍ സംരംഭങ്ങള്‍ക്ക് മികച്ച സാധ്യതകള്‍ ഉള്ളതായി ക്ലിയര്‍ ട്രിപ്പ് വിലയിരുത്തുന്നു.

അഞ്ച് വര്‍ഷം മുമ്പാണ് ഞങ്ങള്‍ പശ്ചിമേഷ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ആഭ്യന്തരതലത്തില്‍ അവിടെ വലിയ സാധ്യതകളുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. കമ്പനിയുടെ ലാഭക്ഷമത കൂട്ടാന്‍ പുതിയ ഏറ്റെടുക്കല്‍ സഹായിക്കുമെന്നാണ് കരുതുന്നത്-ക്ലിയര്‍ട്രിപ് സിഇഒ സ്റ്റുവാര്‍ട്ട് ക്രൈറ്റണ്‍ പറഞ്ഞു.

ഏറ്റെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ലയന സംരംഭത്തിന് പശ്ചിമേഷ്യയിലെ ഓണ്‍ലൈന്‍ ട്രാവല്‍ വിപണിയില്‍ 60 ശതമാനം വിഹിതം നേടാനാകും

പശ്ചിമേഷ്യയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഇന്ത്യന്‍ വിപണിയിലും ആക്രമണോല്‍സുക നയങ്ങള്‍ സ്വീകരിക്കാനാണ് ക്ലിയര്‍ ട്രിപ്പിന്റെ പദ്ധതി. നിലവില്‍ ഇന്ത്യ വിപണിയില്‍ മേധാവിത്വം വഹിക്കുന്നത് മേക്ക്‌മൈട്രിപ്പ്, യാത്ര തുടങ്ങിയ സംരംഭങ്ങളാണ്. നാസ്‌പേഴ്‌സ് പിന്തുണയ്ക്കുന്ന മേക്ക് മൈ ട്രിപ്പ് അടുത്തിടെ ട്രാവല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഫഌപ്കാര്‍ട്ടുമായി കൈകോര്‍ക്കുകയും ചെയ്തിരുന്നു. ഹോട്ടല്‍സ്, അക്കമഡേഷന്‍ രംഗത്ത് ക്ലിയര്‍ട്രിപ്പിന്റെ പ്രധാന എതിരാളികള്‍ സോഫ്റ്റ്ബാങ്ക്, ലൈറ്റ്‌സ്പീഡ് വെഞ്ച്വേഴ്‌സ്, സെക്ക്വോയ കാപ്പിറ്റല്‍ തുടങ്ങിയ വമ്പന്‍മാര്‍ പിന്തുണയ്ക്കുന്ന ഒയോയാണ്.

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ സഞ്ചരിക്കുന്നുണ്ട്. പ്രത്യേകിച്ചും ദുബായ് പോലുള്ള നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഈ സാധ്യതകള്‍ മുതലെടുക്കുകയാണ് പുതിയ ഏറ്റെടുക്കലോടെ ക്ലിയര്‍ട്രിപ്പിന്റെ ഉദ്ദേശ്യം-ക്രൈറ്റണ്‍ പറഞ്ഞു.

സ്റ്റുവാര്‍ട്ട് ക്രൈറ്റണ്‍, ഹൃഷ് ഭട്ട്, മാത്യു സ്പാസി എന്നിവര്‍ ചേര്‍ന്ന് 2006ലാണ് ക്ലിയര്‍ട്രിപ്പിന് തുടക്കമിട്ടത്. എയര്‍ ടിക്കറ്റ്, അക്കമഡേഷന്‍ വിഭാഗങ്ങളില്‍ കമ്പനി സജീവമാണ്. പ്രതിവര്‍ഷം 10 ദശലക്ഷം ഫ്‌ളൈറ്റ് ടിക്കറ്റുകളും 1.5 ദശലക്ഷം ഹോട്ടല്‍ റൂമുകളും പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യപ്പെടുന്നതായാണ് കണക്കുകള്‍. കന്‍കര്‍ ടെക്‌നോളജീസ്, ഡ്രാപെര്‍ ഫിഷര്‍ ജര്‍വെറ്റ്‌സണ്‍, ഡിഎജി വെഞ്ച്വേഴ്‌സ്, ഗന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നായി ഇതിനോടകം ക്ലിയര്‍ട്രിപ് സമാഹരിച്ചത് 70 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ്.

സൗദി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തത്തിലൂടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനോടൊപ്പം വരുമാനത്തില്‍ വമ്പന്‍ കുതിപ്പും നേടാമെന്നാണ് ക്ലിയര്‍ട്രിപ്പിന്റെ പ്രതീക്ഷ. 2008ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളൈഇന്‍ ബസ്, ഫ്‌ളൈറ്റ് ടിക്കറ്റ് മേഖലയിലാണ് പ്രധാനമായും ശ്രദ്ധ വെച്ചിരിക്കുന്നത്. മികച്ച ഹോളിഡേ പാക്കേജുകളും കമ്പനി തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ലഭ്യമാക്കുന്നുണ്ട്.

Comments

comments

Categories: Arabia