വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണം;12,500 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണം;12,500 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ ആദ്യമായി ഔദ്യോഗിക നടപടിയെടുക്കുന്നു. തട്ടിപ്പ് നടത്തി മുങ്ങുന്ന കുറ്റക്കാര്‍ക്കെതിരെയുള്ള ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ഓര്‍ഡിനന്‍സ് അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് അപേക്ഷ നല്‍കി. മല്യയുടെ 12,500 കോടി രൂപയോളം വരുന്ന സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ സമീപിച്ചു.

സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് മുംബൈ കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മല്യയുടെ എല്ലാ കമ്പനികളില്‍ നിന്നുമുള്ള സ്ഥാവരജംഗമവസ്തുക്കള്‍ അടങ്ങിയ സ്വത്ത് കണ്ടുകെട്ടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ ആക്ട്(പിഎംഎല്‍എ) പ്രകാരം രണ്ട് ചാര്‍ജ് ഷീറ്റുകളാണ് മല്യയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചാര്‍ജ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടാമതും മല്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനും യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡിനും കോടതി നോട്ടീസ് അയച്ചു. കേസ് ജൂലൈ 30 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനായി ഐഡിബി ബാങ്കില്‍ നിന്നെടുത്ത 900 കോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് മല്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും മുങ്ങിയ മല്യ ഇപ്പോള്‍ ലണ്ടനില്‍ ഒളിവിലാണ്.

 

 

Comments

comments