കോഡിയാക്കിനെ വെല്ലാന്‍ പുതിയ മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍

കോഡിയാക്കിനെ വെല്ലാന്‍ പുതിയ മിറ്റ്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍

2015 മുതല്‍ ഫേസ്‌ലിഫ്റ്റ് രൂപത്തില്‍ അന്തര്‍ദേശീയ വിപണികളില്‍ വില്‍ക്കുന്ന മോഡലാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്

ന്യൂഡെല്‍ഹി : മിറ്റ്‌സുബിഷി തങ്ങളുടെ ഓള്‍-ന്യൂ ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 31.54 ലക്ഷം രൂപയാണ് എസ്‌യുവിയുടെ മുംബൈ എക്‌സ് ഷോറൂം വില. ഔട്ട്‌ലാന്‍ഡറിന്റെ ഒരു ഫുള്ളി ലോഡഡ് വേരിയന്റ് മാത്രമായിരിക്കും ഇന്ത്യയില്‍ ലഭിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ ഓള്‍-ന്യൂ മോഡലാണ് പുതിയ ഔട്ട്‌ലാന്‍ഡര്‍. 2015 മുതല്‍ ഫേസ്‌ലിഫ്റ്റ് രൂപത്തില്‍ അന്തര്‍ദേശീയ വിപണികളില്‍ വില്‍ക്കുന്ന മോഡലാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വാഹനം പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.

പുതിയ ഔട്ട്‌ലാന്‍ഡറിന്റെ ബോണറ്റിന് കീഴില്‍ 2.4 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 167 എച്ച്പി പവറും 222 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. മോട്ടോറുമായി ചേര്‍ത്തിരിക്കുന്ന 6 സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നാല് ചക്രങ്ങളിലേക്കും എപ്പോഴും കരുത്തേകും. വാഹനത്തിന്റെ ഡീസല്‍ വേരിയന്റ് മിറ്റ്‌സുബിഷി ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷയില്ല. എന്നാല്‍ ഔട്ട്‌ലാന്‍ഡര്‍ പിഎച്ച്ഇവി (പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍) ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് പരിഗണനയിലാണ്.

ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനമാണ് പുതിയ ഔട്ട്‌ലാന്‍ഡര്‍. ലഗേജ് സൂക്ഷിക്കാന്‍ കൂടുതല്‍ സ്ഥലം വേണമെങ്കില്‍ രണ്ട്, മൂന്ന് നിര സീറ്റുകള്‍ പരത്തി മടക്കിവെയ്ക്കാന്‍ കഴിയുമെന്നതാണ് ഒരു പ്രധാന ഇന്റീരിയര്‍ സവിശേഷത. ടോപ് സ്‌പെക് ട്രിം ആണെന്നതിനാല്‍ ഓട്ടോ ഹെഡ്‌ലൈറ്റുകള്‍, ഓട്ടോ വൈപ്പറുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, കീലെസ് ഗോ, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, പാഡില്‍ ഷിഫ്റ്ററുകള്‍, തുകല്‍ സീറ്റുകള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 6.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 710 വാട്ട് റോക്ക്‌ഫോഡ് ഫോസ്‌ഗേറ്റ് സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകള്‍ ലഭിച്ചിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആക്റ്റീവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.

ഔട്ട്‌ലാന്‍ഡര്‍ പിഎച്ച്ഇവി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് പരിഗണനയിലാണ്

34.84 ലക്ഷം രൂപ ഇന്ത്യ എക്‌സ് ഷോറൂം വിലയുള്ള 7 സീറ്റ് സ്‌കോഡ കോഡിയാക്കിനോടാണ് ഔട്ട്‌ലാന്‍ഡര്‍ നേരിട്ട് മത്സരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന 7 സീറ്റ് നെക്‌സ്റ്റ്-ജെന്‍ ഹോണ്ട സിആര്‍-വി ആയിരിക്കും മറ്റൊരു എതിരാളി.

Comments

comments

Categories: Auto