ന്യൂഡെല്‍ഹി: ഇന്ത്യക്കാരിലധികവും ഓട്ടോമാറ്റിക് കാറുകളിലേക്ക് തിരിയുകയാണ്. കൂടുതല്‍ പേര്‍ക്കും ഓട്ടോമാറ്റിക് കാറുകളില്‍ യാത്ര ചെയ്യാനും ഡ്രൈവ് ചെയ്യാനും താത്പര്യമമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ മാനുവല്‍ കാറുകള്‍ ഉണ്ടെങ്കിലും ഓട്ടോമാറ്റിക് കാറുകളുടെ പ്രചാരം വന്‍തോതില്‍ വര്‍ധിക്കുകയാണ്.
തിരക്കുപിടിച്ച നഗരങ്ങളിലെ ഗതാഗത കുരുക്കുകളും, റോഡുകളുടെ പരിതാപകരമായ അവസ്ഥയും ഇന്ധനവിലയില്‍ വരുന്ന മാറ്റങ്ങളുമാണ് ഇന്ത്യക്കാരെ ഓട്ടോമാറ്റിക് കാറുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്.
ഓട്ടോമാറ്റിക് കാറുകള്‍ മാന്വല്‍ കാറുകളേക്കാള്‍ വളരെ ലളിതമാണ് എന്നതും ഇതിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നു. ബ്രേക്ക് പെഡലും ആക്സിലറേറ്ററും മാത്രമാണ് ഓട്ടോമാറ്റിക് കാറുകളുടെ സവിശേഷത. ഗിയര്‍ മാറ്റേണ്ട ആവശ്യകതയും ഇല്ല. ടു പെഡല്‍ കാറുകളുടെയും എസ്യുവികളുടെയും വില്‍പ്പന രണ്ട് വര്‍ഷങ്ങള്‍ക്ക് കൊണ്ട് 12 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. 2018 സാമ്പത്തികവര്‍ഷത്തില്‍ 3.5 മുതല്‍ 3.7 ലക്ഷം യൂണിറ്റാണ് വിപണിയിലെ വിറ്റുവരവ്. ഇത് 2019 അവസാനത്തോടുകൂടി അരക്കോടിക്ക് മുകളിലാകുമെന്നാണ് കണക്ക്.
നഗരങ്ങളില്‍ ഡ്രൈവര്‍മാരുടെ കുറവുണ്ട്. അതിനാല്‍ യൂബര്‍, ഒല എന്നീ ആപ്പ് അധിഷ്ഠിത കാറുകളെ യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കും. നഗരങ്ങളില്‍ ഓട്ടോമാറ്റിക് കാറുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
ഓട്ടോമാറ്റിക് കാറുകള്‍ വിപണിയിലെത്തിക്കുന്ന മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.53 ലക്ഷം ഓട്ടോമാറ്റിക് കാറുകളാണ് വിറ്റഴിച്ചത്. മുന്‍ വവര്ഷങ്ങളേക്കാള് 65 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓട്ടോമാറ്റിക് കാറുകളോടുള്ള ആളുകളുടെ താത്പര്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.