വ്യാപാര തര്‍ക്ക പരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്:സുരേഷ് പ്രഭു

വ്യാപാര തര്‍ക്ക പരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്:സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: വിദേശരാജ്യങ്ങളുമായുള്ള വ്യാപാരതര്‍ക്കത്തിന് പരിഹാരം കാണാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു. പുതിയ ലോക വ്യാപാരനിയമം രൂപീകരിക്കാനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഇന്ത്യ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് സുരേഷ് പ്രഭുവിന്റെ പ്രസ്താവന. ഇന്റര്‍നാഷണല്‍ എംഎസ്എംഇ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ മുന്നിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളായാലും,യൂറോപ്യന്‍, ആഫ്രിക്കന്‍, ഗള്‍ഫ് രാജ്യങ്ങള്‍ ഏതായാലും ഏത് രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കാനാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി താന്‍ രാജ്യങ്ങളിലെ പ്രത്യേകിച്ച് യൂറോപ്പിലെയും യുഎസിലെയും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സൗഹൃദം ശക്തിപ്പെടുത്താനാണ് രാജ്യം ശ്രമിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറുകിട മധ്യ സംരംഭങ്ങള്‍ രാജ്യത്ത് സാമ്പത്തിക പുരോഗതിയില്‍ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ ഇത്തരം വ്യവസായ സംരംഭങ്ങള്‍ സാമ്പത്തികാവസരങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് സന്ദര്‍ശിച്ച സുരേഷ് പ്രഭു യുഎസ് വാണിജ്യകാര്യ സെക്രട്ടറി വില്‍ബര്‍ റോസുമായും വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈറ്റ്‌ഹൈസറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹാരിക്കാന്‍ ധാരണയുമായിരുന്നു.

 

 

Comments

comments