ഇ-കൊമേഴ്‌സ് മേഖലയില്‍ കുതിക്കുന്ന ഗ്രോസറി സ്റ്റാര്‍ട്ടപ്പുകള്‍

ഇ-കൊമേഴ്‌സ് മേഖലയില്‍ കുതിക്കുന്ന ഗ്രോസറി സ്റ്റാര്‍ട്ടപ്പുകള്‍

600 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ഇന്ത്യയുടെ പലചരക്ക് വിപണി ആഗോളതലത്തില്‍ ആറാം സ്ഥാനത്താണുള്ളത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇ-കൊമേഴ്‌സ് വിപണിയില്‍ തിളങ്ങുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം

ഇന്ത്യയുടെ പലചരക്ക് വിപണി അതിവേഗം വളര്‍ച്ച നേടുന്ന ഒന്നായി മാറിയിരിക്കുകയാണ്, പ്രത്യേകിച്ചും ഓണ്‍ലൈന്‍ വിപണിയില്‍. 600 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ഈ മേഖല ആഗോളതലത്തില്‍ നിലവില്‍ ആറാം സ്ഥാനത്താണുള്ളത്. പലചരക്കു വിപണിയിലെ കൃത്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഏകദേശം അഞ്ച് മുതല്‍ എട്ട് ശതമാനം പലചരക്കു സ്ഥാപനങ്ങള്‍ മാത്രമേ സംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് മനസിലാക്കാം. സാങ്കേതികവിദ്യയും ലോജിസ്റ്റിക്‌സ് സേവനങ്ങളുമൊക്കെയായി ഇ-കൊമേഴ്‌സ് മേഖലയില്‍ പിടിമുറുക്കിയവരാണ് ഇപ്പോള്‍ കൂടുതല്‍ നേട്ടം കൊയ്യുന്നത്. ഇതൊന്നും അവകാശപ്പെടാനില്ലാത്ത ചെറുകിട കച്ചവടക്കാര്‍ വിപണിയില്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഏതാണ്ട് നാലരക്കോടിക്കും മേലെയാണ്. ഇ-കൊമേഴ്‌സ് വിപണിയിലെ വര്‍ധിച്ചു വരുന്ന സ്വാധീനം ഹോള്‍സെയ്ല്‍, റീട്ടെയ്ല്‍ കച്ചവടക്കാരെ ഓണ്‍ലൈന്‍ വില്‍പ്പനയുടെ സാധ്യതകളിലേക്ക് വഴിതുറക്കാനും പ്രേരിപ്പിക്കുന്നുണ്ട്. അടുത്തകാലത്തായി നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് ഈ മേഖലയിലേക്ക് കടന്നുവന്ന് മികച്ച ലാഭം കരസ്ഥമാക്കുന്നത്. ബിടുസി വിപണിയേക്കാളും ബിടുബി വിപണിക്കാണ് ഈ രംഗത്ത് സാധ്യതകള്‍ കൂടുതലായുള്ളത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പലചരക്ക് വിപണിയില്‍ തിളങ്ങുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം.

മൂന്ന് വര്‍ഷം മുമ്പു തുടക്കമിട്ട ജംബോഗ്രോസറി ഡെല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍, റെസ്‌റ്റൊറന്റ്, കാറ്ററിംഗ് മേഖല തുടങ്ങി വന്‍തോതില്‍ ഭക്ഷ്യ-ധാന്യ വിഭവങ്ങള്‍ ആവശ്യമായി വരുന്ന വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം

ജംബോഗ്രോസറി (JumboGrocery)

മൂന്ന് വര്‍ഷം മുമ്പു തുടക്കമിട്ട ജംബോഗ്രോസറി ഡെല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഹോട്ടല്‍, റെസ്‌റ്റൊറന്റ്, കാറ്ററിംഗ് മേഖല തുടങ്ങി വന്‍തോതില്‍ ഭക്ഷ്യ-ധാന്യ വിഭവങ്ങള്‍ ആവശ്യമായി വരുന്ന വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. വിപുലമായ ഉല്‍പ്പന്ന ശ്രേണികളിലൂടെ നിര്‍മാതാക്കളുമായി ശക്തമായ വിതരണ ശൃംഖല നിലനിര്‍ത്തുന്നതിനൊപ്പം മികച്ച ലോജിസ്റ്റിക്‌സ് സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. സേവനങ്ങളിലും ബില്ലിംഗ് ഇടപാടുകളിലുമുള്ള സുതാര്യതയാണ് ഈ സ്റ്റാര്‍ട്ടപ്പിനെ പലചരക്ക് വിപണിയിലെ കരുത്തരാക്കി മാറ്റുന്നത്.

സ്‌മെര്‍കാറ്റോ (Smerkato)

കഴിഞ്ഞ വര്‍ഷം ബെംഗളൂര്‍ ആസ്ഥാനമായി തുടങ്ങിയ ഗ്രോസറി സ്റ്റാര്‍ട്ടപ്പാണ് സ്‌മെര്‍കാറ്റോ. നിക്ഷേപം മുതല്‍ എല്ലാ വിഭാഗങ്ങളിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍ സേവനം പ്രയോജനപ്പെടുത്തുന്ന കമ്പനി വിവിധ ഭക്ഷ്യശൃംഖലകള്‍, ഹോട്ടല്‍, റെസ്‌റ്റൊറന്റ് എന്നിവിടങ്ങളിലേക്കാണ് കൂടുതലായും വിതരണം നടത്തുന്നത്. പ്രാദേശിക കച്ചവട സ്ഥാപനങ്ങളുടെ ഒരു ഹൈപ്പര്‍ലോക്കല്‍ വിപണി എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഉപഭോക്താക്കളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നത് അനുസരിച്ച് ഇവര്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ പ്രാദേശിക കച്ചവട സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. പലചരക്കു വിപണിയിലെ ഇടനിലക്കാരന്‍ എന്ന നിലയിലാണ് ഇവരുടെ പ്രവര്‍ത്തനം. പലചരക്ക് വിപണിക്കു പുറമെ ഹാര്‍ഡ്‌വെയര്‍, ഓട്ടോമൊബൈല്‍ വിപണിയിലേക്കും സ്‌മെര്‍കാറ്റോ ഇപ്പോള്‍ കടന്നിട്ടുണ്ട്.

എസ്‌കിരാന (EZKirana)

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് സ്റ്റാര്‍ ഹോട്ടലുകളേക്കാള്‍ ഉപരി ഭക്ഷ്യശൃംഖലയിലെ ചെറുകിട സംരംഭകരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഹോള്‍സെയ്ല്‍ കച്ചവടക്കാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിരുന്ന ഇവര്‍ നിലവില്‍ നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് പലചരക്ക് സാധനങ്ങള്‍ സംഭരിക്കുകയാണ്. ഓണ്‍ ഡിമാന്‍ഡ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌കിരാന വിതരണജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് പ്രേത്യക ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വളരെ ലളിതമായ രീതിയില്‍ ഓര്‍ഡറുകള്‍ തെരഞ്ഞെടുക്കാനും പായ്ക്കിംഗിനും ലഭ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കാനുമെല്ലാം ഈ ആപ്പ് സഹായിക്കും.

ഉഡാന്‍ (Udaan)

ഫ്ളിപ്പ്കാര്‍ട്ടിലെ മുന്‍ എക്‌സിക്യൂട്ടിവ് സുജീത് കുമാര്‍, അമോദ് മാല്‍വിയ, വൈഭവ് ഗുപ്ത എന്നിവര്‍ ചേര്‍ന്ന് 2016ല്‍ തുടങ്ങിയ സംരംഭമാണ് ഉഡാന്‍. ഹോള്‍സെയ്ല്‍ കച്ചവടക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ റീട്ടെയ്ല്‍ കച്ചവടക്കാരിലേക്ക് എത്തിക്കാനുള്ള വിപണിയാണ് ഉഡാനിലൂടെ സാധ്യമാകുന്നത്. മേഖലയിലെ ഏറ്റവുമധികം നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പാണ് ഇത്. ലോജിസ്റ്റിക്‌സ്, പേമെന്റ്, ടെക്‌നോളജി പിന്തുണ നല്‍കുന്ന സംരംഭം പലചരക്ക് വിപണി കൂടാതെ ടെക്‌സ്റ്റൈല്‍, ഇലക്ട്രോണിക്‌സ് വിഭാഗത്തിലും സേവനങ്ങള്‍ നല്‍കുന്നുണ്ട്. ലൈറ്റ്‌സ്പീഡ് വെഞ്ച്വേഴ്‌സ്, റഷ്യന്‍ ടെക് നിക്ഷേപകനായ യൂറി മില്‍നര്‍, മറ്റു പ്രമുഖ സംരംഭകര്‍ എന്നിവരില്‍ നിന്നായി 60 മില്യണ്‍ ഡോളര്‍ നിക്ഷേപം ഇവര്‍ സമാഹരിച്ചിട്ടുണ്ട്.

ബെംഗളൂരു ആസ്ഥാനമായി ബിസിനസ് ടു റീട്ടെയ്ല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സോപ്പ് 2016ലാണ് ഇ-കൊമേഴ്‌സ് വിപണിയില്‍ തുടക്കം കുറിക്കുന്നത്. റീട്ടെയ്ല്‍ കച്ചവടക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും മറ്റുമായി മൊബീല്‍ ആപ്ലിക്കേഷനും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലും പ്രാദേശിക ഭാഷയിലും ആപ്പ് സേവനം ലഭ്യമാണ്‌

ജംബോടെയ്ല്‍ (Jumbotail)

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തില്‍ കച്ചവടക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും ബ്രാന്‍ഡഡ് സ്ഥാപനങ്ങള്‍ക്കുമെല്ലാം തങ്ങളുടെ പലചരക്ക്, ഭക്ഷ്യവിപണിയിലെ ഉല്‍പ്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യാന്‍ സാധ്യക്കും. കലാരി കാപ്പിറ്റല്‍, നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് എന്നിവരില്‍ നിന്നായി 10.5 മില്യണ്‍ ഡോളര്‍ നിക്ഷേപം ഇവര്‍ ഇതിനോടകം സമാഹരിച്ചിട്ടുണ്ട്.

സൂപ്പര്‍സോപ്പ് (SuperZop)

ബെംഗളൂരു ആസ്ഥാനമായി ബിസിനസ് ടു റീട്ടെയ്ല്‍ (ബിടുആര്‍) മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സോപ്പ് 2016ലാണ് ഇ-കൊമേഴ്‌സ് ഗ്രോസറി വിപണിയില്‍ തുടക്കം കുറിക്കുന്നത്. പൃഥ്വി സിംഗ്, ദര്‍ശന്‍ കൃഷ്ണമൂര്‍ത്തി, രഘുവീര്‍ അല്ലട എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ സംരംഭം റീട്ടെയ്ല്‍ കച്ചവടക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും മറ്റുമായി ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലും പ്രാദേശിക ഭാഷയിലും ആപ്പ് സേവനം ലഭ്യമാണ്.

ഷോപ്പ്കിരാന (ShopKirana)

2015ല്‍ തനുതേജസ് സരസ്വത്, സുമിത് ഗോരാവത്, ദീപക് ധനോട്ടിയ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് ഷോപ്പ്കിരാന. ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് പലചരക്ക് വിപണിയിലെ വന്‍കിട കച്ചടക്കാരെയും റീട്ടെയ്ല്‍ വ്യാപാരികളെയും കോര്‍ത്തിണക്കുന്ന പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ മുംബെയിലേക്കും ബിസിനസ് വികസിപ്പിച്ച ഇവര്‍ വിപണിയിലിറങ്ങുന്ന പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രചാരണ പരിപാടികളെയും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider