സാമ്പത്തികരംഗത്ത് വരാനിരിക്കുന്നത് നല്ല നാളുകള്‍

സാമ്പത്തികരംഗത്ത് വരാനിരിക്കുന്നത് നല്ല നാളുകള്‍

കൊച്ചി: ഇന്ത്യന്‍ സമ്പദ് രംഗത്ത് വരാനിരിക്കുന്നതു നല്ല നാളുകളാണെന്നും ലോകത്ത് ഏറ്റവുമധികം വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും സാമ്പത്തിക നിക്ഷേപ രംഗങ്ങളിലെ വിഗദഗ്ധന്‍ ഡോ. വി കെ വിജയകുമാര്‍. ഇന്ത്യ 7.4 ശതമാനം വളര്‍ച്ചാനിരക്കിലേക്ക് എത്തുമെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച ചര്‍ച്ചാ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഗോള സമ്പദ് രംഗം വളര്‍ച്ചയുടെ പാതയിലാണിപ്പോള്‍. 2008ല്‍ നിലച്ചുപോയ വളര്‍ച്ച 2017ല്‍ 3.9 ശതമാനത്തിലേക്കെത്തി കുതിപ്പു തുടങ്ങി. ചില പ്രതികൂല സാഹചര്യങ്ങളുണ്ടെങ്കിലും ഈ വര്‍ഷവും അടുത്തവര്‍ഷവും വളര്‍ച്ച തുടരും. മുന്‍വര്‍ഷം പ്രവചിച്ചതിനേക്കാള്‍ മികച്ച വളര്‍ച്ചയാണു 2017ല്‍ ആഗോളരംഗത്തുണ്ടായത് അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കലും ജിഎസ്ടി നടപ്പാക്കലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഉലച്ചെങ്കിലും 2019ല്‍ അതില്‍ നിന്നു മോചനമാകും. ഇക്കൊല്ലവും സാമാന്യം ഭേദപ്പെട്ട വളര്‍ച്ചയുണ്ടാകും. നിലവിലെ അന്തരീക്ഷത്തില്‍ ഇടത്തരവും ചെറുതുമായ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നത് ഓഹരി ഇടപാടുകാര്‍ ഒഴിവാക്കുന്നതാണു നല്ലതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ബ്ലൂചിപ്പുകളിലും വലിയ സ്ഥാപനങ്ങളിലും തുടര്‍ന്നും നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടുകളിലൂടെ ചെറുകിട സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി അധ്യക്ഷന്‍ ദീപക് എല്‍. അസ്വാനി സ്വാഗതവും കെഎംഎ സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Comments

comments

Categories: More