വിതരണം വിപൂലീകരിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തയാറെടുക്കുന്നു

വിതരണം വിപൂലീകരിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തയാറെടുക്കുന്നു

ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് അടുത്ത നാലു വര്‍ഷത്തില്‍ ഒരു മില്യണ്‍ തൊഴില്‍ കൂട്ടിച്ചേര്‍ക്കും

ന്യൂഡെല്‍ഹി: ഉല്‍സവ സീസണിനു മുന്നോടിയായ വിതരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇ കൊമേഴ്‌സ് കമ്പനികള്‍ തയാറെടുക്കുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ സ്റ്റാഫിംഗ് കമ്പനികളും സേവനദാതാക്കളുമായും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സാധാരണയായി എല്ലാ വര്‍ഷവും ഉത്സവ സീസണുകളില്‍ വിതരണ തൊഴിലാളികളുടെ എണ്ണം 35-40 ശതമാനം വരെ ഉയരാറുണ്ട്. ഉത്സവ സീസണ്‍ ഡിമാന്റിനു പുറമേ ചെറുകിട പട്ടണങ്ങളില്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലിന്റെ വ്യാപ്തി വര്‍ധിക്കുന്നതും വിതരണ പ്രവര്‍ത്തനങ്ങള്‍ വധിപ്പിക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്.

ഇ-കൊമേഴ്‌സ് റീട്ടെയ്ല്‍ ലോജിസ്റ്റിക്‌സ് അതിവേഗത്തിലാണ് വളരുന്നതെന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ ആളുകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും തൊഴില്‍ സേവനദാതാക്കളായ ടീംലീസ് പറയുന്നു. അധിക തൊഴിലാളികളെ നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നാണ് ടീംലീസ് ബിസിനസ് മേധാവി മയുര്‍ സുനിത് സരസ്വത് വ്യക്തമാക്കുന്നത്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്,സ്വിഗ്ഗി,സൊമാറ്റോ തുടങ്ങിയ കമ്പനികള്‍ക്കാണ് ടീംലീസ് തൊഴിലാളികളെ നല്‍കുന്നത്.

ഇ-കൊമേഴ്‌സ് റീട്ടെയ്‌ലില്‍ ഗതാഗത ചെലവിന്റെ 45-50 ശതമാനം വരുന്നത് ഡെലിവറി പ്രവര്‍ത്തനങ്ങള്‍ക്കായാണ്. ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് വിപണി 1.35 ബില്യണ്‍ ഡോളറാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഏകദേശം 36 ശതമാനം വളരുമെന്നും കെപിഎംജി കണക്കാക്കുന്നു.

ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഉല്‍സവ വില്‍പ്പന സീസണ്‍ ഡിസംബര്‍ വരെ തുടരും. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയ്ല്‍, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍, ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയ്ല്‍, ദീപാവലി സീസണ്‍, ക്രിസ്മസ് സീസണ്‍, പുതുവര്‍ഷ വില്‍പ്പന എന്നിവയെല്ലാം ഇക്കാലയളവിലാണ് നടക്കുക.
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയ്ക്ക് വിതരണത്തിന് സ്വന്തമായി ഉപസ്ഥാപനങ്ങളുണ്ട്. ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ് (എടിഎസ്) വഴി ആമസോണും ഇ-കാര്‍ട്ട് വഴി ഫ്‌ളിപ്കാര്‍ട്ടും വിതരണ സേവനം നടത്തുന്നു. എടിഎസ് വഴി 15,000 പേര്‍ക്കും ഇ-കാര്‍ട്ട് വഴി 8000 പേര്‍ക്കും തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ഫുഡ്, ഗ്രോസറി വിഭാഗങ്ങള്‍ മാറ്റിനിര്‍ത്തിയാലും രാജ്യത്തെ മൊത്തം ഇ-റീട്ടെയ്ല്‍ വിതരണ മേഖലയിലെ തൊഴില്‍ ശക്തി ഏകദേശം ഒരു ലക്ഷം വരുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy