കേന്ദ്രം പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചേക്കില്ല

കേന്ദ്രം പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചേക്കില്ല

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനം ഒഴിയുന്നതോടെ ഈ സ്ഥാനത്തേക്ക് പുതിയൊരാളെ നിലവില്‍ നിയമിക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തോടെ പദവിയൊഴിയുമെന്ന് കഴിഞ്ഞ ദിവസമാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ അറിയിച്ചത്. കാലാവധി പൂര്‍ത്തിയാക്കും മുന്‍പാണ് രാജി.

2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കില്ല. നിലവിലുള്ള ഭരണകാലയളവില്‍ സാമ്പത്തിക സര്‍വേയും മോദി സര്‍ക്കാര്‍ അവതരിപ്പിക്കാനിടയില്ല. ഈ സാഹചര്യത്തില്‍ അരവിന്ദ് സുബ്രഹ്മണ്യന്റെ ബാക്കിയുള്ള കാലാവധിയിലേക്ക് പുതിയൊരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കാനുള്ള സാധ്യത കുറവാണെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അരവിന്ദ് സുബ്രഹ്മണ്യന്‍ പുറത്തുപോകുന്നതോടെ ധനമന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ ഇക്ക്‌ണോമിക് അഡൈ്വസര്‍ ആയ സഞ്ജീവ് സന്യാള്‍ ഈ ചുമതല വഹിച്ചേക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

2013 സെപ്റ്റംബറില്‍ രഘുറാം രാജന്‍ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും രാജിവെച്ച ശേഷം 2014 ഒക്‌റ്റോബറില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ ചുമതലയേറ്റെടുക്കും വരെ ഈ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. സമാനമായ സാഹചര്യം നിലവിലും തുടരാനാണ് സാധ്യത. 2017ല്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു.

Comments

comments

Categories: More