ഇന്ത്യയില്‍ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ലൈല്‍

ഇന്ത്യയില്‍ 1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് കാര്‍ലൈല്‍

മുംബൈ: ഇന്ത്യയില്‍ 1.2-1.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ കാര്‍ലൈല്‍ ഗ്രൂപ്പ് പദ്ധതിയിടുന്നു. ഗ്രൂപ്പ് പുതുതായി രൂപീകരിച്ച 6.55 ബില്യണ്‍ ഡോളറിന്റെ ഏഷ്യാ ബൈഔട്ട് ഫണ്ടില്‍ നിന്നാണ് ഈ നിക്ഷേപം നടത്തുക. ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ലൈല്‍ ഗ്രൂപ്പിന്റെ ലക്ഷ്യം.

ഏഷ്യക്കായുള്ള മുന്‍ ഫണ്ടുകളെ അപേക്ഷിച്ച് 65 ശതമാനം അധികമാണ് പുതിയ ഫണ്ടിലെ നിക്ഷേപം.
‘ ഞങ്ങളെ സംബന്ധിച്ച് ഇന്ത്യ ഒരു തന്ത്രപ്രധാന വിപണിയാണ്. ഇന്ത്യ ഒരു പ്രധാനപ്പെട്ട വിപണിയായി മാറിയതിനാല്‍ ഇത്തവണത്തെ ഫണ്ടിംഗില്‍ ഇന്ത്യക്കുള്ള വിഹിതം വര്‍ധിപ്പിക്കും’, കാര്‍ലൈല്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ നീരജ് ഭരദ്വാജ് പറഞ്ഞു.

ഏഷ്യാ ഫണ്ടുകളില്‍ നിന്നും ഏകദേശം 5-7 ശതമാനത്തിന്റെ നിക്ഷേപമാണ് കാര്‍ലൈല്‍ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ളത്. എല്ലാ ഫണ്ടുകളില്‍ നിന്നുമായി 35 ഇടപാടുകള്‍ വഴി 1.9 ബില്യണ്‍ ഡോളറാണ് കാര്‍ലൈല്‍ ഇന്ത്യയില്‍ നിക്ഷേപിച്ചത്. എസ്ബിഐ കാര്‍ഡ്‌സ്, പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ്, മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍, ഡെല്‍ഹിവര്‍ ലോജിസ്റ്റ്ക്‌സ് തുടങ്ങിയവയിലെല്ലാം കാര്‍ലൈലിന് നിലവില്‍ നിക്ഷേപമുണ്്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ആറ് ഇടപാടുകളിലായി 750 മില്യണ്‍ ഡോളറാണ് കമ്പനി രാജ്യത്ത് നിക്ഷേപിച്ചത്. ഏഷ്യാ പസഫിക്കിലെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരില്‍ ഒന്നാണ് കാര്‍ലൈല്‍.
1998 മുതലാണ് കാര്‍ലൈല്‍ ഏഷ്യയില്‍ നിക്ഷേപിക്കാന്‍ ആരംഭിച്ചത്. അവരുടെ ഏഷ്യന്‍ സ്വകാര്യ ഇക്വിറ്റി

പ്ലാറ്റ്‌ഫോം വഴി 160ല്‍ അധികം കമ്പനികളുമായി ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. വിറ്റഴിക്കലുകള്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ട നിക്ഷേപ അവസരങ്ങള്‍ ഒരുക്കുന്നുവെന്ന് ഭര്‍ദ്വാജ് പറയുന്നു. തങ്ങളുടെ ഇന്ത്യന്‍ ബിസിനസിന്റെ ഒരു ഭാഗം വില്‍ക്കുന്നതിന് ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ ശ്രമിക്കുകയാണ്. നോണ്‍-കോര്‍ ബിസിനസുകള്‍ അല്ലെങ്കില്‍ ലാഭ ഇതര സംരംഭങ്ങള്‍ വില്‍ക്കുന്നതിന് ഇന്ത്യന്‍ വന്‍കിട കമ്പനികളും നീക്കം നടത്തുന്നുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള പ്രധാന കാരണം ഇതാണ്.

ഇന്ത്യയിലെ നിക്ഷേപങ്ങളുടെ പ്രധാന ശ്രദ്ധാ കേന്ദ്രമായി സാമ്പത്തിക സേവനങ്ങള്‍ തുടരും. ആരോഗ്യപരിപാലനം, ഫാര്‍മ അധിഷ്ഠിത കയറ്റുമതി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് എന്നിവയെല്ലാം തന്നെ പ്രധാനപ്പെട്ട നിക്ഷേപ മേഖലകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy