ജോഗിംഗ് വേറിട്ട അനുഭവമാക്കാന്‍ ബാംബൂ സോക്‌സ്

ജോഗിംഗ് വേറിട്ട അനുഭവമാക്കാന്‍ ബാംബൂ സോക്‌സ്

സാധാരണ കോട്ടണ്‍ സോക്‌സുകള്‍ക്കു പകരം മുള നാരുകള്‍ ചേര്‍ത്തുണ്ടാക്കിയ സോക്‌സ് വിപണിയിലെത്തിച്ചാണ് ഹീലിയം എന്ന സംരംഭം ശ്രദ്ധേയമാകുന്നത്. അഞ്ചുമാസംകൊണ്ട് 2100 ജോഡി സോക്‌സുകള്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വിറ്റഴിഞ്ഞിരിക്കുന്നു

തിരക്കുകള്‍ക്കിടയിലും ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ബോധവാന്‍മാരാകുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. രാവിലെയുള്ള ജോഗിംഗ്, നടത്തം ഇവയൊക്കെ ഇതിന്റെ ഭാഗമായി പ്രായഭേദമന്യേ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. സ്‌പോര്‍ട്‌സ് താരങ്ങളുള്‍പ്പെടെ സ്ഥിരമായി കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കറിയാം സോക്‌സും ഷൂവുമൊക്കെ സൗകര്യപൂര്‍വം ലഭിച്ചില്ലെങ്കിലുള്ള അവസ്ഥ. സോക്‌സും മറ്റും രണ്ടു തവണയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ വിയര്‍പ്പ് അടിഞ്ഞുള്ള ദുര്‍ഗന്ധം സ്ഥിരം പരാതികള്‍ക്ക് ഇടയാക്കാറുമുണ്ട്.

കായിക പ്രേമികളുടെ ഇത്തരം പരാതികള്‍ക്കൊരു പരിഹാരമായിട്ടാണ് ഹീലിയം എന്ന സംരംഭം മുന്നോട്ടു വരുന്നത്. സാധാരണ രീതിയിലുള്ള കോട്ടണ്‍ സോക്‌സുകള്‍ക്കു പകരം മുള നാരുകള്‍ ചേര്‍ത്തുണ്ടാക്കിയ സോക്‌സാണ് അവര്‍ വിപണിയിലെത്തിക്കുന്നത്. ഇതോടൊപ്പം വേറിട്ട രീതിയില്‍ തയാറാക്കിയ ഷൂവും ഇവര്‍ ഉടന്‍ പുറത്തിറക്കും.

ഹീലിയത്തിന്റെ തുടക്കം

സ്‌പോര്‍ട്‌സില്‍ അതീവ താല്‍പ്പര്യമുള്ള പ്രതീക് ശര്‍മ, സിദ്ധാര്‍ത്ഥ് ജെയ്ന്‍ എന്നീ രണ്ടു എന്‍ജിനീയറീംഗ് ബിരുദധാരികളാണ് ഈ പുതിയ കണ്ടെത്തലിനു പിന്നില്‍. പ്രതീകിന്റെ ബുദ്ധിയിലുദിച്ച ഹീലിയം സംരംഭം വേറിട്ട ഉല്‍പ്പന്നങ്ങളുടെ വിപണനത്തെിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മേഖലയില്‍ ശ്രദ്ധേയമായി കഴിഞ്ഞു. നവീന സാങ്കേതികവിദ്യയില്‍ പുതുമ നിറഞ്ഞ രൂപകല്‍പ്പനയോടുകൂടി തയാറാക്കിയ ഈടുറപ്പും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങളാണ് ഇവിടെ തയാറാക്കുന്നത്. 2017ല്‍ തങ്ങളുടെ വേറിട്ട ആശയത്തില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയ സംരംഭകര്‍ ഈ വര്‍ഷം ജനുവരി അവസാനത്തോടുകൂടിയാണ് സോക്‌സ് വിപണിയില്‍ എത്തിച്ചത്. വെറും അഞ്ചു മാസങ്ങള്‍ കൊണ്ടുതന്നെ 2100 ജോഡി സോക്‌സുകള്‍ ഇന്ത്യ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നിവിടങ്ങളിലായി വിറ്റഴിച്ചു കഴിഞ്ഞിരിക്കുന്നു.

ഷൂ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന ആശയത്തില്‍ നിന്നും കടമെടുത്താണ് ഹീലിയം എന്ന പേര് സംരംഭത്തിന് നല്‍കിയിരിക്കുന്നത്. ഹീലിയം വാതകത്തെ പോലെ തന്നെ ഭാരം കുറഞ്ഞ അനുഭവമാകും ഈ ഷൂ അണിഞ്ഞുള്ള ഓട്ടമെന്നും സംരംഭകര്‍ ചൂണ്ടിക്കാണിക്കുന്നു.

മെറ്റീരിയല്‍ എന്‍ജീനീയര്‍ കൂടിയായ പ്രതീക് ശര്‍മയാണ് സംരംഭത്തിന്റെ ഹൈലൈറ്റായ ബാംബൂ സോക്‌സിന്റെ സൂത്രധാരന്‍. ” സാധാരണഗതിയില്‍ കോട്ടണ്‍ സോക്‌സുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സോക്‌സില്‍ വിയര്‍പ്പടിഞ്ഞുള്ള ദുര്‍ഗന്ധം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത് പിന്നീട് അണുബാധയിലേക്കും നയിക്കും. സോക്‌സ് നിര്‍മാണത്തിനായി ഞങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് മുളയില്‍ നിന്നുള്ള നാരുകളാണ്. താപം നിയന്ത്രിക്കാന്‍ കഴിവുള്ളതായതിനാല്‍ ശൈത്യകാലത്ത് ചൂടും വേനല്‍ക്കാലത്ത് തണുപ്പും നല്‍കാന്‍ ഇവയ്ക്ക് കഴിയും. വിയര്‍പ്പ് അടിഞ്ഞുകൂടുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ദുര്‍ഗന്ധമോ തൊലിപ്പുറത്ത് ചെറിയ കുമിളകളോ ഉണ്ടാകുന്നുമില്ല,” പ്രതീക് പറയുന്നു.

പച്ചസ്വര്‍ണമായ മുളയ്ക്ക് പ്രോല്‍സാഹനം

പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും യോജിക്കുന്ന മുളയെ വേണ്ടുവോളം പ്രോല്‍സാഹിപ്പിക്കണമെന്നാണ് പ്രതീകിന്റെ അഭിപ്രായം. മുളയെ പച്ചസ്വര്‍ണമെന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വാക്കുകള്‍ അദ്ദേഹം ശരിവെക്കുന്നുമുണ്ട്. ”ദീര്‍ഘകാലം കോട്ടണ്‍ സോക്‌സുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കോട്ടണ്‍ ഉല്‍പ്പാദനം ലോകത്ത് കുറവാണ്, മാത്രവുമല്ല ഇതിന്റെ കൃഷിരീതിയില്‍ ധാരാളം കീടനാശിനി ഉപയോഗിക്കുന്നുമുണ്ട്. ഇത് പ്രകൃതിക്ക് ദോഷം ചെയ്യും. എന്നാല്‍ മുള നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് ഏറെ യോജിച്ച ഒന്നാണ്. ഇതിന്റെ ഗുണഫലങ്ങള്‍ നമ്മള്‍ മനുഷ്യന്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു,”പ്രതീക് വിശദമാക്കുന്നു.

ഹീലിയം സംരംഭത്തിലെ മറ്റൊരു ഹൈലൈറ്റായ റണ്ണിംഗ് ഷൂ ഈ വര്‍ഷം ഡിസംബറോടെ പുറത്തിറക്കാനാണ് തീരുമാനം. മിഡ്‌സോള്‍ നിര്‍മാണത്തിനായി പേറ്റന്റ് ലഭിച്ച Auximpro® എന്ന നവീന ടെക്‌നോളജിയാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. പോളിയുറത്തീന്‍ കലര്‍ന്ന പദാര്‍ത്ഥമാണ് ഷൂവിന്റെ മിഡ്‌സോള്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്‌

ഐഐടി റൂര്‍ക്കിയിലെ എന്‍ജിനീയറിംഗ് പഠനത്തിനുശേഷം യുകെ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ സ്‌പോര്‍ട് എന്‍ജിനീയറിംഗ് പഠിച്ച ശേഷമാണ് പ്രതീക് ഈ സംരംഭത്തിനേക്ക് കടന്നത്. യുകെയില്‍ വെച്ച് അഡിഡാസില്‍ ഫുട്‌വെയര്‍ ഗവേഷണത്തിന്റെ ഭാഗമായത് സ്‌പോര്‍ട്‌സ് ഷൂ ബിസിനസിലേക്കിറങ്ങാന്‍ ഏറെ സഹായിച്ചെന്നു പ്രതീക് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്‍ജിനീയറിംഗ് പഠനത്തിനുശേഷം സിംഗപ്പൂരിലെ ഓയില്‍ വാതക കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു സിദ്ധാര്‍ത്ഥ് ജെയ്ന്‍.

സ്‌പോര്‍ട്‌സ് ഷൂ ഈ വര്‍ഷാവസാനം വിപണിയില്‍

ഹീലിയം സംരംഭത്തിലെ മറ്റൊരു ഹൈലൈറ്റായ റണ്ണിംഗ് ഷൂ ഈ വര്‍ഷം ഡിസംബറോടെ പുറത്തിറക്കാനാണ് തീരുമാനം. മിഡ്‌സോള്‍ നിര്‍മാണത്തിനായി പേറ്റന്റ് ലഭിച്ച Auximpro® എന്ന നവീന ടെക്‌നോളജിയാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. പോളിയുറത്തീന്‍ കലര്‍ന്ന പദാര്‍ത്ഥമാണ് ഷൂവിന്റെ മിഡ്‌സോള്‍ നിര്‍മാണത്തിനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഷൂ അണിഞ്ഞ് ഓടുന്ന വ്യക്തിയുടെ ഊര്‍ജം ആഗിരണം ചെയ്ത് കാലുകളിലും മുട്ടുകളിലും പാദത്തിലുമുണ്ടാകുന്ന ആയാസം കുറയ്ക്കുന്ന തരത്തിലുള്ള ഹൈ-ടെക് വിദ്യയാണ് ഷൂവിലുള്ളത്.

ആറു മുതല്‍ 12 മാസം കൂടുമ്പോള്‍ ഹീലിയത്തില്‍ നിന്നും ഓരോ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ”പ്രമുഖ ബാന്‍ഡുകളില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഷൂവിന് വില വളരെ കൂടുതലാണ്. കാരണം ഇവിടെ ഇറക്കുമതി തീരുവ വളരെ കൂടുതലാണ്. ഈ അവസ്ഥയില്‍ മികച്ച ഈടും ഗുണമേന്‍മയുമുള്ള ഉല്‍പ്പന്നം മറ്റു ബ്രാന്‍ഡുകളേക്കാള്‍ മൂന്നിലൊന്ന് വിലയ്ക്ക് ലഭ്യമാക്കിയാല്‍ ഉപഭോക്താക്കള്‍ക്കു ഗുണകരമാകുമെന്നതില്‍ സംശയമില്ല,” പ്രതീക് പറയുന്നു. എന്നാല്‍ 5000 കോടി രൂപ വിപണിമൂല്യമുള്ള ഇന്ത്യന്‍ ഫുട്‌വെയര്‍ മേഖലയില്‍ വന്‍കിട ബ്രാന്‍ഡുകളെ അഭിമുഖീകരിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

Comments

comments