മാനസിക സമ്മര്‍ദ്ദം അന്ധതയ്ക്ക് കാരണമാവുന്നു

മാനസിക സമ്മര്‍ദ്ദം അന്ധതയ്ക്ക് കാരണമാവുന്നു

വാഷിംഗ്ടണ്‍: മാനസിക സമ്മര്‍ദ്ദം കാഴ്ച ശക്തിയെയും ബാധിക്കുന്നതായി പഠനം. ഗ്ലൂക്കോമ, ഓപ്റ്റിക് ന്യൂറോപ്പതി, ഡയബറ്റിക് റെറ്റിനോപ്പതി, മാകുലാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയവയ്ക്കുള്ള ഒരു പ്രധാന കാരണം മാനസിക സമ്മര്‍ദ്ദമാണെന്നാണ് പഠനറിപ്പോര്‍ട്ട്. ഇപിഎംഎ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പഠനത്തിന്റെ മുഖ്യ ഗവേഷകനായ ബേണ്‍ഹാര്‍ഡ് സാബല്‍ സൂക്ഷ്മമായി പഠിച്ചതിനു ശേഷമാണ് ഇക്കാര്യങ്ങള്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാഡീ വ്യവസ്ഥ, രക്തക്കുഴലുകള്‍, കണ്ണ്, തലച്ചോര്‍ എന്നിവയെ മാനസിക സമ്മര്‍ദ്ദം വലിയ തോതിലാണ് ബാധിക്കുന്നത്. ആരോഗ്യത്തെ പ്രതികൂലമായാണ് ഇത് ബാധിക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഇത്തരത്തിലുള്ള പ്രശനങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്ന് വൈദ്യശാസ്ത്രം ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലെന്നും സാബല്‍ വിശദീകരിക്കുന്നു.

ചികിത്സ നല്‍കണമെങ്കില്‍ രോഗി സ്വമേധയാ തയ്യാറാവണം. സമ്മര്‍ദ്ദത്തില്‍ നിന്നും വിട്ടുമാറി നില്‍ക്കണം. ഭീതിയും ഉത്കണ്ഠയും രോഗിയുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുകയെന്ന് പഠന ഗവേഷകനായ ഡോ.മുനീബ് ഫൈഖ് കൂട്ടിച്ചേര്‍ത്തു. ഇന്‍ട്രാക്യുലാര്‍ മര്‍ദം, എന്‍ഡോതെലിയല്‍ ഡിസ്ഫംങ്ഷന്‍, വീക്കം തുടങ്ങിയവയാണ് സ്‌ട്രെസിന്റെ കൂടുതല്‍ പരിണിതഫലങ്ങള്‍.

ധ്യാനം, മാനസികോല്ലാസ വിനോദങ്ങളില്‍ പങ്കാളിയാകല്‍, മാനസികമായ നിയന്ത്രണം, നല്ലൊരു സൈക്കോളജിസ്റ്റിനെ സമീപിക്കുക എന്നീ വഴികളാണ് സമ്മര്‍ദ്ദം കുറയ്ക്കാനായി പഠനം നടത്തിയ ഗവേഷകര്‍ ദിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. ഒപ്പം ശുഭാപ്തി വിശ്വാസവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

 

 

 

 

 

 

Comments

comments

Categories: Health
Tags: blindness, stress