ചെറുകിട വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി

ചെറുകിട വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി

പരിമിതമായ ഭൂമിയിലെ നിര്‍മാണത്തിന് മാര്‍ഗങ്ങള്‍ ആരായുന്നു, ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ അടിസ്ഥാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. ഏകദേശം ഒരു ലക്ഷം കോടി രൂപാ നിക്ഷേപത്തില്‍ ചെറിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം ഗണ്യമായി ഉയരുന്നുണ്ടെങ്കിലും വിമാനത്താവളങ്ങളുടെ നിര്‍മാണം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ഭൂമി കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പരിമിതമായ ഭൂമിയില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്ത്യക്കകത്തും പുറത്തുമുള്ള വിദഗ്ധരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. വ്യോമയാന വകുപ്പിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരങ്ങള്‍ക്കകത്ത് ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിക്കു പുറമെയാണ് എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയോളം നിക്ഷേപം നടത്താനുള്ള നീക്കമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്ര സര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്കായുള്ള ഭൂമി കണ്ടെത്തി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് പ്രഭു അറിയിച്ചു. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സുരേഷ് പ്രഭു വെളിപ്പെടുത്തിയിട്ടില്ല.

പാസഞ്ചര്‍ ട്രിപുകള്‍ നാല് വര്‍ഷം മുന്‍പുള്ള പത്ത് കോടിയില്‍ നിന്നും 20 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രാലയം വ്യക്തമാക്കി. വിമാനയാത്രികരുടെ എണ്ണം ഈ വര്‍ഷം ആദ്യ പാദത്തില്‍ 20 ശതമാനം വര്‍ധിച്ചു. പക്ഷെ, വര്‍ധിച്ചുവരുന്ന ഈ ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങള്‍ പരിമിതമാണെന്നാണ് സുരേഷ് പ്രഭു പറയുന്നത്.

യാത്രാനിരക്കുകള്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ താരതമ്യേന കുറവായിരുന്നുവെന്നും സുരേഷ് പ്രഭു പറഞ്ഞു. ഉദാന്‍ പദ്ധതി പ്രകാരം 31 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമായെന്നും ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ ഉദ്യേഗസ്ഥര്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories