‘നാവിക്’ വെല്ലുവിളിയല്ല, അമേരിക്കയോടുള്ള മധുര പ്രതികാരം

‘നാവിക്’ വെല്ലുവിളിയല്ല, അമേരിക്കയോടുള്ള മധുര പ്രതികാരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഗതിനിര്‍ണയ സംവിധാനമാണ് നാവിക്. ഐആര്‍എന്‍എസ്എസ്-1 ശ്രേണിയിലെ ഏഴോളം സാറ്റലൈറ്റുകള്‍ ഉള്‍പ്പെട്ട നാവിക് അവസാന ഘട്ട ലോഞ്ചിംഗിന് തയാറെടുക്കുമ്പോള്‍ ലോകപോലീസ് ചമയുന്ന അമേരിക്കയുടെ ജിപിഎസ് സംവിധാനത്തേക്കാളും ഒരുപടി മുന്നിലാണെന്നു പറയാം

ലോകത്ത് ദ്രുതഗതിയിയില്‍ വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് ഇന്ത്യ. ഗതിനിര്‍ണയ മേഖലയില്‍ (നാവിഗേഷന്‍) സ്വയംപര്യാപ്തത നേടിക്കൊണ്ട് സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കിയതിലൂടെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം ബഹുദൂരം മുന്നിലാണെന്നു കൂടി തെളിയിക്കപ്പെടുകയാണ്. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് (NavIc-Navigation with Indian Constellation), അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോകം ഉറ്റുനോക്കുന്ന ഒരുപിടി കാര്യങ്ങള്‍ ഏറ്റുവാങ്ങിയാണ് നമ്മുടെ ജൈത്രയാത്ര.

സ്വന്തമായി ഗതിനിര്‍ണയ സംവിധാനം ഒരുക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയും 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള സമീപ പ്രദേശങ്ങളെയും വരുതിയിലാക്കുന്ന ജിപിഎസ് സംവിധാനം അമേരിക്കയുടെ നിലവിലെ സംവിധാനങ്ങളേക്കാളേറെ വ്യക്തത നല്‍കുന്നുമുണ്ട്. ഭൗമോപരിതല, വ്യോമ-സമുദ്ര മേഖലയിലെ ഗതിനിര്‍ണയത്തിനും, വാഹന ട്രാക്കിംഗ്, കപ്പല്‍ ഗതിനിര്‍ണയം, ദുരന്തനിവാരണം, മാപ്പിംഗ്, ജിയോഡെറ്റിക് ഡാറ്റാ തയാറാക്കല്‍, ഡ്രൈവര്‍മാര്‍ക്കുള്ള ദൃശ്യ-ശ്രവ്യ ഗതിനിര്‍ണയം തുടങ്ങിയവയ്ക്ക് വളരെയധികം സഹായകമാണ് നാവിക്.

സ്വന്തമായി ഗതിനിര്‍ണയ സംവിധാനം ഒരുക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയും 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള സമീപ പ്രദേശങ്ങളെയും വരുതിയിലാക്കുന്ന ജിപിഎസ് സംവിധാനം അമേരിക്കയുടെ നിലവിലെ സംവിധാനങ്ങളേക്കാളേറെ വ്യക്തത നല്‍കുന്നുമുണ്ട്

അമേരിക്കയ്ക്കുള്ള ശക്തമായ മറുപടി

ഇന്ത്യ ഗതിനിര്‍ണയ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനു പിന്നില്‍ സംഭവബഹുലമായ ഒരു കഥയുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ നാം തദ്ദേശീയമായി വികസിപ്പിച്ച ഈ ജിപിഎസ് സംവിധാനം ലോകപോലീസ് ചമയുന്ന അമേരിക്കയ്ക്കുള്ള ശക്തമായ മറുപടി എന്നുതന്നെ വിശേഷിപ്പിക്കാനാകും. ഏതാണ്ട് രണ്ട് ദശാബ്ദങ്ങള്‍ക്കു മുമ്പാണ് ആ സംഭവം അരങ്ങേറിയത്. 1999ലെ കാര്‍ഗില്‍ യുദ്ധകാലം. പാകിസ്ഥാന്‍ സൈന്യം കാര്‍ഗിലില്‍ നിലയുറപ്പിച്ചിപ്പോഴാണ് ആ ഭൂപ്രദേശത്തിന്റെ ജിപിഎസ് ഡാറ്റാ ഇന്ത്യയ്ക്ക് നിര്‍ണായക നീക്കത്തിനായി വേണ്ടിവന്നത്. ആഗോളശക്തിയായ അമേരിക്കയോട് ഇതിനായി സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ അതു സൗകര്യപൂര്‍വം നിരസിച്ചു. അമേരിക്കയുടെ സ്‌പേസ് അധിഷ്ഠിത നാവിഗേഷന്‍ സംവിധാനം, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കങ്ങള്‍ മനസിലാക്കാന്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമായിരുന്നു. അന്ന് ആ സഹായം ലഭ്യമായിരുന്നെങ്കില്‍ ഓപ്പറേഷന്‍ വിജയ് ആറുമാസം മുമ്പുതന്നെ അവസാനിപ്പിക്കാമായിരുന്നുവെന്നാണ് പില്‍ക്കാലത്ത് സൈന്യം വെളിപ്പെടുത്തിയത്. ഇന്ത്യയെ സംബന്ധിച്ച് അതൊരു നിര്‍ണായക തീരുമാനത്തിലേക്കുള്ള ചുവടുവെപ്പായി എന്നുവേണം കരുതാന്‍. ആഗോള ശക്തികളെ ആശ്രയിക്കാതെ തന്നെ സ്വന്തമായി അത്തരത്തിലൊരു സംവിധാനം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ അതോടുകൂടി തീരുമാനമെടുത്തു. തുടര്‍ന്ന് ഐഎസ്‌ഐര്‍ഒ ഇതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.

നാവിഗേഷന്‍ സംവിധാനത്തിന്റെ തുടക്കം

ഇന്ത്യക്ക് സ്വന്തമായി നാവിഗേഷന്‍ സംവിധാനം ഒരുക്കുന്ന പദ്ധതിക്ക് 2006ല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 1420 കോടി രൂപ നീക്കിവെച്ച പദ്ധതിക്കായി ഐഎസ്ആര്‍ഒ പുതിയ സാറ്റലൈറ്റ് നാവിഗേഷന്‍ സെന്റര്‍ തന്നെ അവരുടെ കാംപസില്‍ തുറക്കുകയും ചെയ്തു. ഐആര്‍എന്‍എസ്എസ്-1 ശ്രേണിയില്‍ ഏഴോളം സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു തീരുമാനം. ഇതില്‍ ആദ്യ സാറ്റലൈറ്റ് ഐആര്‍എന്‍എസ്എസ്-1എ 2013 ജൂലെ1 ന് വിക്ഷേപിച്ചു. തൊട്ടടുത്ത വര്‍ഷം ഐആര്‍എന്‍എസ്എസ്-1ബി, ഐആര്‍എന്‍എസ്എസ്-1സി വിക്ഷേപിക്കപ്പെട്ടു. 2015ല്‍ ഐആര്‍എന്‍എസ്എസ്-1ഡി, 2016ല്‍ ഐആര്‍എന്‍എസ്എസ്-1ഇ, ഐആര്‍എന്‍എസ്എസ്-1എഫ്, ഐആര്‍എന്‍എസ്എസ്-1ജി എന്നിവ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഈ വിക്ഷേപണത്തോടുകൂടി പ്രധാനമന്ത്രി നരേന്ദ്രേമോദി ഇന്ത്യയുടെ നാവിഗേഷന്‍ സംവിധാനത്തിന് നാവിക് എന്ന് നാമകരണം ചെയ്തു.

അമേരിക്കയുടെ ജിപിഎസിനേക്കാളും മേലെയാണ് നാവികിന്റെ സ്ഥാനമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. എസ്, എല്‍ ബാന്‍ഡുകളിലായി ഇരട്ട ഫ്രീക്ക്വന്‍സിയാണ് നമ്മുടെ സംവിധാനങ്ങള്‍ക്കുള്ളത്. എന്നാല്‍ 1575.42 മെഗാഹെര്‍ട്‌സ് പ്രവര്‍ത്തന ഫ്രീക്ക്വന്‍സി റേഞ്ചിലുള്ള എല്‍ ബാന്‍ഡിനെ മാത്രമാണ് ജിപിഎസ് സാധാരണ ആശ്രയിക്കുന്നത്‌

ഭ്രമണപഥത്തില്‍ തകരാറിലായ ഐആര്‍എന്‍എസ്എസ്-1എയ്ക്കു പകരം 2017ല്‍ ഐആര്‍എന്‍എസ്എസ്-1എച്ച് വിക്ഷേപിച്ചെങ്കിലും ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നിട് ഏറ്റവും ഒടുവിലായി ഈ വര്‍ഷം ഏപ്രിലിലാണ് ഐആര്‍എന്‍എസ്എസ്-1ഐ ഐസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചത്. നിലവില്‍ ഏഴ് സാറ്റലൈറ്റുകളാണ് നാവിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ മൂന്നെണ്ണം ജിയോസിങ്ക്രണൈസ് ഭ്രമണ പഥത്തിലും നാലെണ്ണം ജിയോസ്‌റ്റേഷനറി ഭ്രമണപഥത്തിലുമാണുള്ളത്.

നാവിക് വിദേശ സംവിധാനങ്ങളോട് കിടപിടിക്കും

വ്യക്തതയാര്‍ന്ന ഗതിനിര്‍ണയ രീതി ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്ന സംവിധാനമാണ് നാവിക്. പാശ്ചാത്യ രാജ്യങ്ങളിലെ സംവിധാനങ്ങളോട് കിടപിടിക്കുന്ന വിധത്തിലുള്ള നാവിക് അവസാനഘട്ട ലോഞ്ചിംഗിലാണിപ്പോള്‍. നിലവില്‍ ഇന്ത്യയിലെ വിവിധ കമ്പനികളും മറ്റും ഉപയോഗിക്കുന്ന വിദേശ സംവിധാനങ്ങള്‍ക്കു പകരം വെക്കാന്‍ ഉടന്‍തന്നെ ഈ സംവിധാനം പൂര്‍ണമായും സജ്ജമാകുമെന്ന് ഐടി സെക്രട്ടറി അജയ് പ്രകാശ് സോഹ്‌നി അറിയിച്ചിട്ടുണ്ട്.

അമേരിക്കയുടെ ജിപിഎസിനേക്കാളും മേലെയാണ് നാവികിന്റെ സ്ഥാനമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. എസ്, എല്‍ ബാന്‍ഡുകളിലായി ഇരട്ട ഫ്രീക്ക്വന്‍സിയാണ് നമ്മുടെ സംവിധാനങ്ങള്‍ക്കുള്ളത്. എന്നാല്‍ 1575.42 മെഗാഹെര്‍ട്‌സ് പ്രവര്‍ത്തന ഫ്രീക്ക്വന്‍സി റേഞ്ചിലുള്ള എല്‍ ബാന്‍ഡിനെ മാത്രമാണ് ജിപിഎസ് സാധാരണ ആശ്രയിക്കുന്നത്. കുറഞ്ഞ ആവൃത്തിയുള്ള സിഗ്നലുകള്‍ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ തരംഗ ദൈര്‍ഘ്യത്തില്‍ കാലാവസ്ഥയിലെ താളപ്പിഴകളനുസരിച്ച് മാറ്റങ്ങള്‍ വരുന്നു. അതുമൂലം സംഭവിക്കുന്ന ഫ്രീക്ക്വന്‍സിയിലെ പിഴവ് മനസിലാക്കാന്‍ ‘അറ്റ്‌മോസ്ഫറിക് മോഡല്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയയാണ് യുഎസ് ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ കൃത്യമായ പിഴവ് തിരിച്ചറിയുന്നതിനായി ഈ മോഡല്‍ ഇടക്കിടെ പരിഷ്‌കരിക്കേണ്ടതുണ്ട്.

ഇരട്ട ആവൃത്തിയില്‍ വരുന്ന കാലതാമസം അളക്കുകയാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ ചെയ്യുന്നത്. ഇരട്ട ഫ്രീക്ക്വന്‍സിയെ, അതായത് എസ് ബാന്‍ഡിനെയും എല്‍ ബാന്‍ഡിനെയും ആശ്രയിക്കുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ കൃത്യതയിലെ പിഴവ് മനസിലാക്കാന്‍ നാവിക്കിന് മറ്റൊരു മാതൃകയെയും ആശ്രയിക്കേണ്ട അവസ്ഥ വരുന്നില്ലെന്നും അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്റ്റര്‍ തപന്‍ മിശ്ര ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ജിപിഎസിന്റെ പൊസിഷന്‍ ആക്വറസി 20-30 മീറ്റര്‍ ആകുമ്പോള്‍ നാവികിന്റേത് 5 മീറ്റര്‍ ആണ്. ഇതില്‍ നിന്നും ജിപിഎസിനേക്കാളും ടെക്‌നിക്കല്‍ മികവ് നാവിക്കിനുണ്ടെന്ന് മനസിലാക്കാനാകും.

നാവിക് ലോഞ്ച് ചെയ്യുന്നതോടെ സ്വന്തമായി നാവിഗേഷന്‍ സംവിധാനമുള്ള രാജ്യങ്ങളുടെ നിരയിലേക്ക് എത്തുകയാണ് ഇന്ത്യ. അമേരിക്കയുടെ ജിപിഎസ്, റഷ്യയുടെ ഗ്ലോനാസ്, യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ, ജപ്പാന്റെ ക്യൂഇസഡ്എസ്എസ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ചൈനയും ബെയ്‌ദോ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം നിര്‍മിക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോള്‍.

Comments

comments

Categories: FK Special, Slider