നാസ്‌കോമിന്റെ വിമെന്‍ വിസാര്‍ഡ് റൂള്‍ ടെക് പ്രോഗ്രാമിന് തുടക്കമായി

നാസ്‌കോമിന്റെ വിമെന്‍ വിസാര്‍ഡ് റൂള്‍ ടെക് പ്രോഗ്രാമിന് തുടക്കമായി

ബെംഗളൂരു: ഐടി മേഖലയില്‍ മുതിര്‍ന്ന സ്ഥാനങ്ങളില്‍ വനിതാ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാസ്‌കോം വിഭാവന ചെയ്ത വിമെന്‍ വിസാര്‍ഡ്‌സ് റൂള്‍ ടെക് പ്രോഗ്രാമിന് തുടക്കമായി. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന വനിതകളെ അവരുടെ കരിയറില്‍ മുന്നോട്ടുപോകാനും ബിസിനസ് മേഖലയിലെ ഭാവിയിലെ നേതാക്കളെ കണ്ടെത്താനും പ്രോഗ്രാം സഹായിക്കുമെന്ന് നാസ്‌കോം സീനിയര്‍ ഡയറക്റ്റര്‍ അശോക് പദ്മിനി പറഞ്ഞു. ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി അധിഷ്ഠിത സേവനങ്ങള്‍, ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്, ഉല്‍പ്പന്ന ഗവേഷണ വികസനം തുടങ്ങിയ മേഖലകളിലുള്ള വനിതാ ടെക്കികളുടെ നൈപുണ്യം വികസിപ്പിക്കാന്‍ പദ്ധതി സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ്, ബയോകോണ്‍ ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസ്ദൂംദാര്‍ ഷാ തുടങ്ങിയവര്‍ പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നെയില്‍ നടന്ന നാസ്‌കോം ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ സമിറ്റില്‍ വെച്ചാണ് ആദ്യമായി വിമെന്‍ വിസാര്‍ഡ് റൂള്‍ ടെക് പ്രോഗ്രാം പ്രഖ്യാപിക്കപ്പെട്ടത്. ‘വിമണ്‍ ആന്‍ഡ് ഐടി സ്‌കോര്‍കാര്‍ഡ’് എന്ന വിഷയത്തില്‍ ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ നാസ്‌കോം റിപ്പോര്‍ട്ടില്‍ സുഗമമായ ജോലി, വീട്ടിലിരുന്നുകൊണ്ട് ജോലിചെയ്യാനുള്ള സൗകര്യം, കുട്ടികളെ പരിപാലിക്കുന്നതിനുള്ള അവധി, ആരോഗ്യപരിപാലനം, ജോലിസ്ഥലത്തെ പീഡനത്തില്‍ നിന്നുള്ള മോചനം, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച നയങ്ങള്‍ ഐടി സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളിലെ വനിതാ സാന്നിധ്യം 20 ശതമാനത്തില്‍ നിന്ന 60 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പരാമര്‍ശം ഉണ്ടായിരുന്നു.

Comments

comments

Categories: Business & Economy