ഏപ്രിലില്‍ എടിഎം വഴി പിന്‍വലിച്ചത് 2.65 ലക്ഷം കോടി രൂപ

ഏപ്രിലില്‍ എടിഎം വഴി പിന്‍വലിച്ചത് 2.65 ലക്ഷം കോടി രൂപ

നോട്ട് അസാധുവാക്കലിനു മുന്‍പുള്ള മാസങ്ങളിലെ ശരാശരിയേക്കാള്‍ അധികമാണിത്

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഏപ്രിലില്‍ 66 വ്യത്യസ്ത ബാങ്കുകള്‍ക്ക് കീഴിലെ എടിഎമ്മുകള്‍ വഴിയുള്ള പണം പിന്‍വലിക്കല്‍ 2.65 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എടിഎമ്മുകള്‍ വഴി പിന്‍വലിച്ച തുകയുമായി താരതമ്യം ചെയ്താല്‍ ഇത് 22 ശതമാനം വര്‍ധനവാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ വ്യക്തമാക്കുന്നു. മാത്രമല്ല ഏപ്രിലില്‍ നടന്ന പിന്‍വലിക്കലുകളുടെ തുക നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്ന മാസങ്ങളിലെ 2.2 ലക്ഷം കോടി രൂപയെന്ന ശരാശരി തുകയേക്കാള്‍ ഉയര്‍ന്നതാണെന്നും ശ്രദ്ധേയമാണ്. എടിഎം, പിഒഎസ് ഇടപാടുകളെ സംബന്ധിച്ച് ആര്‍ബിഐ പുറത്തുവിട്ട പ്രതിമാസ ഡാറ്റയിലാണ് ഇക്കാര്യങ്ങളുള്ളത്.

മൊത്തം 76 കോടി എടിഎം ഇടപാടുകളിലൂടെയാണ് 2.65 ലക്ഷം കോടി രൂപ പിന്‍വലിക്കപ്പെട്ടത്. 2017 ഏപ്രിലില്‍ നടന്നത് മൊത്തം 2.16 ലക്ഷം കോടി രൂപയുടെ എടിഎം പിന്‍വലിക്കലുകളാണ്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളായ 1000 രൂപയും 500 രൂപയും കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്.
അതേസമയം എടിഎം പിന്‍വലിക്കലുകള്‍ വര്‍ധിച്ചതിനൊപ്പം തന്നെ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള പിഒഎസ് പേമെന്റുകളും ഉയര്‍ന്നിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഡാറ്റ പറയുന്നു. 2018 ഏപ്രില്‍ മാസത്തില്‍ ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള പിഒഎസ് പേമെന്റുകള്‍ 45,500 കോടി രൂപയായി വര്‍ധിച്ചു, 33 കോടി ഇടപാടുകളാണ് ഇക്കാലയളവില്‍ നടന്നത്. ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള പിഒഎസ് പേമെന്റുകള്‍ ഏപ്രിലില്‍ 44,834 കോടി രൂപയായിരുന്നു, 13 കോടി ഇടപാടുകളാണ് ഇക്കാലയളവില്‍ ഇതില്‍ നടന്നത്.

രാജ്യത്ത് ജനങ്ങളുടെ കൈയില്‍ വിനിമയത്തിലുള്ള കറന്‍സി 18.5 ലക്ഷം കോടി രൂപയെന്ന റെക്കോഡ് ഉയരത്തിലെത്തിയെന്ന് ജൂണ്‍ ആദ്യം ആര്‍ബിഐ പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലിന് ശേഷമുള്ള മാസങ്ങളില്‍ ആളുകളുടെ കൈവശമുണ്ടായിരുന്ന തുക 7.8 ലക്ഷം കോടി രൂപയായി താഴ്ന്നിരുന്നു. 2016 നവംബര്‍ ആദ്യത്തില്‍ (നോട്ട് അസാധുവാക്കലിന് തൊട്ടുമുമ്പ്) ആളുകളുടെ കൈവശമുണ്ടായിരുന്നത് 17 ലക്ഷം കോടി രൂപയായിരുന്നു.

ഇന്റര്‍നെറ്റ് വ്യാപനം,സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം എന്നിവയുടെ വളര്‍ച്ചയെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുണ്ടെങ്കിലും പേമെന്റുകളില്‍ ഇപ്പോഴും ഏറെ മുന്നിട്ട് നില്‍ക്കുന്നത് നേരിട്ടുള്ള പണമിടപാടുകള്‍ തന്നെയാണെന്ന് കഴിഞ്ഞ വര്‍ഷം ആഗോള പേമെന്റ് പ്ലാറ്റ്‌ഫോമായ പേപാല്‍ പുറത്തുവിട്ട ഒരു പഠനം വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Banking