രാജ്യാന്തര ബിസിനസ് വികസന പദ്ധതിയുമായി ബാങ്ക്ബസാര്‍

രാജ്യാന്തര ബിസിനസ് വികസന പദ്ധതിയുമായി ബാങ്ക്ബസാര്‍

വിദേശ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 600 ശതമാനം വളര്‍ച്ച ലക്ഷ്യം

മുംബൈ: ഓണ്‍ലൈന്‍ സാമ്പത്തിക സേവന സ്ഥാപനമായ ബാങ്ക് ബസാര്‍ വിദേശ വിപണികളിലെ ബിസിനസ് വികസിപ്പിക്കാനൊരുങ്ങുന്നു. ഓസ്‌ട്രേലിയ, ഹോംങ്കോംഗ്, പശ്ചിമേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഡിജിറ്റല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമറിയിക്കുകയാണ് ലക്ഷ്യം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിലവില്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ സേവനം നല്‍കുന്നുണ്ട്.

ഈ സാമ്പത്തിക വര്‍ഷം വിദേശ ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 600 ശതമാനം വളര്‍ച്ചയാണ് ബാങ്ക്ബസാര്‍ പ്രതീക്ഷിക്കുന്നതെന്നും നിലവില്‍ സിംഗപ്പൂര്‍, മലേഷ്യന്‍ വിപണികള്‍ കമ്പനിയുടെ മൊത്ത വരുമാനത്തിലേക്ക് പത്ത് ശതമാനം സംഭാവന ചെയ്യുന്നുണ്ടെന്നും ബാങ്ക്ബസാര്‍ സിഇഒയും സഹസ്ഥാപകനുമായ ആദില്‍ ഷെട്ടി അറിയിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ വലിയ ഡിജിറ്റല്‍ സാധ്യതകളാണുള്ളതെന്നും ഇൗ ഇടപാടുകളുടെ മൂല്യം ഇന്ത്യയില്‍ നടക്കുന്ന ഇടപാടുകളേക്കാള്‍ ആറു മടങ്ങ് കൂടുതലാണെന്നും ആദില്‍ ഷെട്ടി പറഞ്ഞു. ഒരു കുടുംബത്തിന് 3.5 ലക്ഷം രൂപയാണ് ഇന്ത്യയിലെ വ്യക്തിഗത വായ്പകളുടെ ശാരാശരി മൂല്യം. രാജ്യാന്തര വിപണി മൂല്യത്തിലധിഷ്ഠിതമായ വിപണിയാണെന്നും ഇന്ത്യ എണ്ണത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ 74 ശതമാനം ബിസിനസുകളും ഉല്‍ഭവിക്കുന്നത് രാജ്യത്തെ 15 മുന്‍നിര നഗരങ്ങളില്‍ നിന്നാണ്. ഈ നഗരങ്ങള്‍ക്കു പുറത്തുള്ള വിപണികളിലെ വ്യവഹാരം കുറച്ച് വെല്ലുവിളി നിറഞ്ഞതാണ്. ഈ മേഖലയിലെ ഉപഭോക്താക്കള്‍ ഇപ്പോഴും ഇടപാടുകള്‍ക്കായി സഹായം തേടുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പെടെ 14 സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍/സേവനങ്ങളാണ് ബാങ്ക്ബസാര്‍ നല്‍കുന്നത്. ആമസോണ്‍ പിന്തുണയ്ക്കുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 103 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് നേടിയത്. ഇത് മുന്‍ വര്‍ഷത്തില്‍ നിന്ന 91 ശതമാനം കൂടുതലാണ്. ഇക്കാലയളവിലെ മൊത്ത വരുമാനം 66 ശതമാനം വര്‍ധിച്ച് 118 കോടി രൂപയായി. 71 കോടി രൂപയായിരുന്നു 2017 വര്‍ഷത്തെ വരുമാനം. ടെക്‌നോളജി തലത്തിലെ ഇന്നൊവേഷന്‍ വഴി പൂര്‍ണമായി പേപ്പര്‍ലെസ് സ്ഥാപനമാകാനും ബാങ്ക്ബസാര്‍ പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Business & Economy