ആശുപത്രി ശൃംഖല: ആമസോണും ബെര്‍ക്ക്‌ഷെയറും ജെപി മോര്‍ഗനും കൈകോര്‍ക്കുന്നു; അതുല്‍ ഗവാന്‍ഡെ സിഇഒ

ആശുപത്രി ശൃംഖല: ആമസോണും ബെര്‍ക്ക്‌ഷെയറും ജെപി മോര്‍ഗനും കൈകോര്‍ക്കുന്നു; അതുല്‍ ഗവാന്‍ഡെ സിഇഒ

 

ന്യൂയോര്‍ക്ക്: ഹെല്‍ത്ത് കെയര്‍ ശൃംഖലയ്ക്കായി ലോകത്തെ വന്‍ വ്യവസായ സംരംഭകര്‍ കൈകോര്‍ക്കുകയാണ്. പ്രശസ്ത നിക്ഷേപകനും ബെര്‍ക് ഷെയര്‍ ഹാത്‌വെയുടെ സ്ഥാപകനുമായ വാറന്‍ ബഫറ്റ്, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഡോട്ട് കോമിന്റെ ഉടമ ജെഫ് ബെസോസ്, ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപന ഉടമ ജെപി മോര്‍ഗന്‍ എന്നിവരാണ് ഹെല്‍ത്ത് കെയര്‍ ശൃംഖല എന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ജനുവരിയിലാണ് മൂന്ന് കമ്പനികളും ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ ഇന്ത്യന്‍ സര്‍ജനും മെഡിക്കല്‍ പ്രൊഫസറുമായ അതുല്‍ ഗവാന്‍ഡെയുമായി സഹകരിച്ചാണ് ഹെല്‍ത്ത് കെയര്‍ കമ്പനി പ്രവര്‍ത്തിക്കുക. അതുല്‍ ഗവാന്‍ഡെയെ കമ്പനിയുടെ സിഇഒ ആയി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി ശൃഖംലയ്ക്ക് രൂപം നല്‍കാനാണ് മൂന്ന് കമ്പനികളുടെയും ലക്ഷ്യം. ആമസോണിന്റെ സാങ്കേതികവിദ്യ കമ്പനിയുടെ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാകും.

ബോസ്റ്റണ്‍ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുക. ആരോഗ്യ മേഖലയില്‍ വിദഗ്ധനായ അതുലിനെ സിഇഒ ആയി നിയമിക്കുന്നതിലൂടെ കമ്പനിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ബ്രിംഗ്ഹാമില്‍ സ്ത്രീകളുടെ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന അതുല്‍ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസറാണ്. ഇദ്ദേഹം ജൂലെ 9 മുതല്‍ സിഇഒ സ്ഥാനത്തേക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ അമസോണ്‍, ബെര്‍ക്ക്‌ഷെയര്‍, ജെപി മോര്‍ഗന്‍ കമ്പനികളിലെ 10 കോടിയോളം വരുന്ന ജീവനക്കാര്‍ക്ക് വേണ്ടിയാണ് കമ്പനി പ്രവര്‍ത്തിക്കുക. തുടര്‍ന്ന് ജനങ്ങള്‍ക്കും കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും.

 

 

 

 

 

Comments

comments