അഭയാര്‍ത്ഥികള്‍ക്കായി 27 മില്ല്യണ്‍ ഡോളറിന്റെ വിദ്യാഭ്യാസ ഫണ്ട്

അഭയാര്‍ത്ഥികള്‍ക്കായി 27 മില്ല്യണ്‍ ഡോളറിന്റെ വിദ്യാഭ്യാസ ഫണ്ട്

യുഎഇയിലെ പ്രമുഖ സംരംഭകനായ അബ്ദുള്‍ അസീസ് അള്‍ ഗുറയ്‌റാണ് ലോക അഭയാര്‍ത്ഥി ദിനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ഫണ്ട് പ്രഖ്യാപിച്ചത്

ദുബായ്: യുഎഇയിലെ പ്രമുഖ ബിസിനസുകാരനും ഫിലാന്‍ട്രോപിസ്റ്റുമായ അബ്ദുള്‍ അസീസ് അല്‍ ഗുറയ്ര്‍ അഭയാര്‍ത്ഥികള്‍ക്കായി 27 മില്ല്യണ്‍ ഡോളറിന്റെ വിദ്യാഭ്യാസ ഫണ്ട് പ്രഖ്യാപിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോക അഭയാര്‍ത്ഥി ദിനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അഭയാര്‍ത്ഥികള്‍ക്കായി ഈ ഫണ്ട് പ്രഖ്യാപിച്ചത്.

യുദ്ധക്കെടുതികളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും ഭാഗമായി യുഎഇയിലേക്ക് കുടിയേറിയ അഭയാര്‍ത്ഥികളിലെ യുവതലമുറയ്ക്ക് ശരിയായ തരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനായാണ് ഫണ്ട് വിനിയോഗിക്കുക. മൂന്ന് വര്‍ഷത്തേക്കുള്ളതാണ് ഫണ്ട്. ഏറ്റവും ചുരുങ്ങിയത് 5,000 കുട്ടികളുടെയെങ്കിലും വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അഭയാര്‍ത്ഥികളായവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഫണ്ടിംഗ് അപര്യാപ്തമാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അല്‍ ഗുറയ്‌റിനെപ്പോലുള്ള സംരംഭകരുടെ ഇടപെടലുകള്‍ വലിയ തോതിലുള്ള ഫലം ചെയ്യും.

യുഎഇയുടെ രാഷ്ട്ര പിതാവായ ഷേഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ 100ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന (ഇയര്‍ ഓഫ് സയിദ്) വേളയിലാണ് ഇത്തരമൊരു ഫണ്ട് രൂപീകരിക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ അഭയാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഫിലാന്‍ട്രോപിസ്റ്റുകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആഗോള സംഘര്‍ഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ അവസരങ്ങള്‍ നഷ്ടപ്പെട്ട യുവതലമുറയ്ക്ക് അതിന് വീണ്ടും അവസരം നല്‍കുകയെന്നത് അവരുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്-അള്‍ ഗുറയ്ര്‍ പറഞ്ഞു.

മാതൃരാജ്യങ്ങളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി യുഎഇയില്‍ താമസിക്കുന്ന കുടിയേറ്റക്കാരുടെ മക്കള്‍ക്ക് താങ്ങാവുന്നതല്ല ഇവിടുത്തെ സ്‌കൂള്‍ ഫീസ്. അവരെ പിന്തുണയ്ക്കാന്‍ ഈ ഫണ്ട് ഉപയോഗപ്പെടുത്തും

മാതൃരാജ്യങ്ങളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി യുഎഇയില്‍ താമസിക്കുന്ന കുടിയേറ്റക്കാരുടെ മക്കള്‍ക്ക് താങ്ങാവുന്നതല്ല ഇവിടുത്തെ സ്‌കൂള്‍ ഫീസ്. അവരെ പിന്തുണയ്ക്കാന്‍ ഈ ഫണ്ട് ഉപയോഗപ്പെടുത്തും. പുതിയ സ്‌കൂള്‍ വര്‍ഷത്തിന് മുന്നോടിയായാണ് ആദ്യ റൗണ്ട് ഗ്രാന്റുകള്‍ പ്രഖ്യാപിക്കുക.

അറബ് മേഖലയില്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയരിക്കണക്കിന് കുട്ടികള്‍ക്ക് പുതിയ ഫണ്ട് ഉപകാരപ്പൈട്ടേക്കും. യുണിസെഫിന്റെ പഠനമനുസരിച്ച് അറബ് മേഖലയിലെ സ്‌കൂളില്‍ പോകാത്ത കുട്ടികളില്‍ 80 ശതമാനവും ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരാണ്. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 2 ദശലക്ഷം കുട്ടികള്‍ക്കാണ്.

അബ്ദുള്‍ അസീസ് അല്‍ ഗുറയ്‌റിന്റെ ഉദാരമായ ഈ സമീപനം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. യുഎന്‍ ദൗത്യങ്ങള്‍ക്ക് അനുസൃതമായതാണിത്. അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്ക് അവരുടെ ജീവിതം തിരിച്ചുപിടിക്കുന്നതിന് വ്യക്തികളും സംഘടനകളും തോളോടു തോള്‍ ചേര്‍ന്ന് സഹായം നല്‍കണം-അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഹൈ കമ്മീഷണര്‍ ഫിലിപ്പൊ ഗ്രാന്‍ഡെ പറഞ്ഞു.

Comments

comments

Categories: Arabia