2018 ബിഎംഡബ്ല്യു 630ഡി വിപണിയില്‍

2018 ബിഎംഡബ്ല്യു 630ഡി വിപണിയില്‍

ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട് എന്നീ വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 66.50 ലക്ഷം, 73.70 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ഇന്ത്യയില്‍ ഡീസല്‍ 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ (630ഡി) അവതരിപ്പിച്ചു. പെട്രോള്‍ പതിപ്പായ 630ഐ യില്‍നിന്ന് വ്യത്യസ്തമായി ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളില്‍ 630ഡി ലഭിക്കും. യഥാക്രമം 66.50 ലക്ഷം രൂപ, 73.70 ലക്ഷം രൂപയാണ് വില. 530ഡി ഉപയോഗിക്കുന്ന അതേ ഡീസല്‍ എന്‍ജിനാണ് 630ഡിയുടെ ബോണറ്റിന് കീഴില്‍ കാണുന്നത്. 3.0 ലിറ്റര്‍, ഇന്‍-ലൈന്‍, 6 സിലിണ്ടര്‍ എന്‍ജിന്‍ അതേ 265 എച്ച്പി കരുത്തും 620 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പിന്‍ ചക്രങ്ങളിലേക്കാണ് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഈ ഔട്ട്പുട്ട് കൈമാറുന്നത്.

6 സീരീസ് ജിടിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ തമ്മില്‍ കാഴ്ച്ചയില്‍ വ്യത്യാസങ്ങളില്ല. പിന്നില്‍ കാണുന്ന ബാഡ്ജ് മാത്രമാണ് ഏക വ്യത്യാസം. എന്നാല്‍ ഡീസല്‍ പതിപ്പിന്റെ എം സ്‌പോര്‍ട് വേരിയന്റിന് ഗ്രില്ലില്‍ കറുപ്പ് നിറ അംശം, സൈഡ് സ്‌കര്‍ട്ടുകള്‍, റിയര്‍ ഏപ്രണ്‍, മുന്നില്‍ വലിയ എയര്‍ ഇന്‍ടേക്കുകള്‍, എം സ്‌പോര്‍ട് ബ്രേക്ക് പാക്കേജ് എന്നിവ ലഭിച്ചിരിക്കുന്നു. ഭാരം കുറഞ്ഞ 19 ഇഞ്ച് അലോയ് വീലുകളിലാണ് എം സ്‌പോര്‍ട് വേരിയന്റ് വരുന്നത്.

രണ്ട് 10.2 ഇഞ്ച് സ്‌ക്രീനുകള്‍ സഹിതം റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ആംഗ്യങ്ങളാലും ശബ്ദത്താലും നിയന്ത്രിക്കാന്‍ കഴിയുന്ന ബിഎംഡബ്ല്യുവിന്റെ ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആപ്പിള്‍ കാര്‍പ്ലേ, നാവിഗേഷന്‍ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സഹിതം), ഹാര്‍മന്‍ കാര്‍ഡണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പാര്‍ക്കിംഗ് അസിസ്റ്റ് ചെയ്യുന്നതിന് 360 ഡിഗ്രി കാമറകള്‍ എന്നിവ 630ഡി ലക്ഷ്വറി ലൈനിന്റെ ഫീച്ചറുകളാണ്. നേരത്തെ വിപണിയില്‍ ലഭിച്ചിരുന്ന 630ഐ ലക്ഷ്വറി ലൈനിനും ഇതേ ഫീച്ചറുകള്‍ നല്‍കിയിരുന്നു. എംസ്‌പോര്‍ട് എന്ന ഉയര്‍ന്ന വേരിയന്റില്‍ ഫുള്‍ കളര്‍ പ്രൊജക്ഷന്‍ സഹിതം ഹെഡ്-അപ് ഡിസ്‌പ്ലേ, സോഫ്റ്റ്-ക്ലോസ് ഡോര്‍ ഫംഗ്ഷന്‍, നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ കാണാം.

ലോഞ്ച് കണ്‍ട്രോള്‍ ഫംഗ്ഷന്‍, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ് സഹിതം എബിഎസ്, സ്റ്റബിലിറ്റി ആന്‍ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക്, ഹില്‍ ഡെസന്റ് കണ്‍ട്രോള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് 630ഐയിലേതുപോലെ 630ഡിയിലെ സുരക്ഷാ ഫീച്ചറുകള്‍. 630ഡി പുറത്തിറക്കിയതോടെ 630ഐയുടെ വില ബിഎംഡബ്ല്യു പരിഷ്‌കരിച്ചു. 61.80 ലക്ഷം രൂപയാണ് പുതിയ വില.

630ഡി പുറത്തിറക്കിയതോടെ 630ഐയുടെ വില പരിഷ്‌കരിച്ചു. 61.80 ലക്ഷം രൂപയാണ് പുതിയ വില

ഇന്ത്യയില്‍ മെഴ്‌സിഡീസ് ബെന്‍സ് ഇ-ക്ലാസിന് ബിഎംഡബ്ല്യു നല്‍കുന്ന മറുപടിയാണ് 6 സീരീസ് ജിടി. ലോംഗ് വീല്‍ബേസ് രൂപത്തില്‍ മാത്രമാണ് ഇ-ക്ലാസ് ലഭിക്കുന്നത്. 6 സീരീസ് ജിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ മെഴ്‌സിഡീസ് ബെന്‍സ് ഇ-ക്ലാസിന് വില കൂടുതലാണ് (58.61 ലക്ഷം മുതല്‍ 72.85 ലക്ഷം രൂപ വരെ). 53.80 ലക്ഷം മുതല്‍ 66.20 ലക്ഷം രൂപ വരെയുള്ള വിലകളിലാണ് ബിഎംഡബ്ല്യു 5 സീരീസ് വില്‍ക്കുന്നത്. 5 സീരീസ് അടിസ്ഥാനമാക്കിയാണ് 6 സീരീസ് ജിടി നിര്‍മ്മിച്ചിരിക്കുന്നത്.

(എല്ലാം ഇന്ത്യ എക്‌സ് ഷോറൂം വില)

Comments

comments

Categories: Auto