കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവരുടെ ആരോഗ്യ പരിരക്ഷ; സ്മാര്‍ട്ട് ചെയറുമായി പതിനാലുകാരന്‍

കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവരുടെ ആരോഗ്യ പരിരക്ഷ; സ്മാര്‍ട്ട് ചെയറുമായി പതിനാലുകാരന്‍

ഏറെ നേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ വരാറുണ്ട്. കാഴ്ചയെയും, ശരീരത്തെയും ബാധിക്കുന്ന രോഗങ്ങള്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ പിടിപെടാം. ഇതിനെല്ലാം പരിഹാരമായി രാജ്‌കോട്ടില്‍ നിന്നും ഒരു പതിനാലുകാരന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാനസ്വിത് ശങ്കറാണ് കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നവരുടെ ആരോഗ്യ പരിരക്ഷയ്ക്ക് ഉതകുന്ന തരത്തില്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് ചെയറാണ് മാനസ്വിതിന്റെ കണ്ടുപിടുത്തം. പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന കസേര ടെക്കികള്‍ ഉള്‍പ്പടെ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണ്.

പ്ലാസ്റ്റിക് കൊണ്ടാണ് കസേര നിര്‍മിച്ചിരിക്കുന്നത്. ടൈമര്‍, ഡിസി മോട്ടോര്‍( വൈബ്രേറ്റര്‍), ബസര്‍, എയര്‍ബ്ലോവര്‍ എന്നിവ കസേരയില്‍ ഘടിപ്പിച്ചിട്ടുണ്ട്. 555 ടൈമര്‍ സര്‍ക്യൂട്ട് വഴിയാണ് കസേരയിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ മോണിറ്ററുമായി സമ്മര്‍ദ്ദമുണ്ടാകുന്ന ഭാഗം ബന്ധിപ്പിച്ചിരിക്കും.

ഒരാള്‍ കസേരയില്‍ വന്നിരുന്നാല്‍ സര്‍ക്യൂട്ട് സ്വിച്ച് ഓണാകും. രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി കസേരയില്‍ ഇരിക്കുമ്പോള്‍ ബസര്‍ ഓണാകും. ഒരു മിനുട്ട് ഇടവേള നല്‍കി കസേര ഇളകാന്‍ തുടങ്ങും. അപ്പോഴും കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ എയര്‍ ബ്ലോവറില്‍ നിന്നും ചൂട് കാറ്റ് പുറത്തേക്ക് വമിക്കും. കസേരയില്‍ നിന്നും അയാള്‍ എഴുന്നേല്‍ക്കാന്‍ തുനിഞ്ഞില്ലെങ്കില്‍ കമ്പ്യൂട്ടര്‍ മോണിറ്റര്‍ തനിയെ ഓഫാകും.

ജോലി ചെയ്യുന്നതിനിടയില്‍ വ്യായാമം ചെയ്യാനുള്ള സൗകര്യമാണ് സ്മാര്‍ട്ട് ചെയര്‍ ഒരുക്കുന്നത്. ഒരേരീതിയില്‍ ദീര്‍ഘനേരം ഇരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന ഓര്‍മപ്പെടുത്തലാണ് സ്മാര്‍ട്ട് ചെയര്‍ കൊണ്ട് മാനസ്വിത് ലക്ഷ്യമിടുന്നത്.

സ്മാര്‍ട്ട് ചെയര്‍ വികസിപ്പിച്ചതിന് കഴിഞ്ഞ ജനുവരിയില്‍ ഐഎന്‍എസ്ഇഎഫ് റീജിയണല്‍ സയന്‍സ് ഫെയറില്‍ മാനസ്വിതിന് അവാര്‍ഡും ലഭിച്ചിരുന്നു.

 

Comments

comments

Categories: Motivation
Tags: Smart chair