എണ്ണ ഉല്‍പ്പാദനം കൂട്ടുന്നത് സൗദിയെ ബാധിച്ചേക്കും

എണ്ണ ഉല്‍പ്പാദനം കൂട്ടുന്നത് സൗദിയെ ബാധിച്ചേക്കും

ഐഎംഎഫിന്റെ വിലയിരുത്തല്‍ പ്രകാരം എണ്ണ വില ബാരലിന് 87.90 ഡോളര്‍ എങ്കിലും ആയാലേ സൗദിക്ക് ബജറ്റ് കമ്മി നികത്താന്‍ സാധിക്കൂ. ഇപ്പോള്‍ ഉല്‍പ്പാദനം കൂട്ടുന്നത് എണ്ണ വിലയിലെ ഇടിവിന് കാരണമായേക്കുമെന്നാണ് ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്

റിയാദ്: വളരെ സങ്കീര്‍ണമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് സൗദി അറേബ്യ കടന്നുപോകുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. എണ്ണ വിലയിലെ വര്‍ധന പിടിച്ചുനിര്‍ത്താനുള്ള സൗദിയുടെ നീക്കം അവരുടെ സമ്പദ് വ്യവസ്ഥയെന്ന തന്നെ ബാധിക്കുമെന്നാണ് പലരും മുന്നറിയിപ്പ് നല്‍കുന്നത്. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന ഒപെക്ക് കരാര്‍ നീട്ടേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ സൗദി അറേബ്യ.

തകര്‍ന്നടിഞ്ഞ എണ്ണ വിപണിയുടെ ഉയിര്‍ത്തെഴുനേല്‍പ്പിന് വഴിവെച്ചത് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചുള്ള ഒപെക്ക്-ഒപെക്ക് ഇതര രാജ്യങ്ങളുടെ കരാറായിരുന്നു. പ്രധാന ഒപെക്ക് ഇതര എണ്ണ ഉല്‍പ്പാദന രാജ്യമായ റഷ്യയും ഇതില്‍ പങ്കാളിയായിരുന്നു. ഒപെക്കിലെ രാജാവായ സൗദിയുടെ വലിയ വിജയമായി ഈ കരാര്‍ വിലയിരുത്തപ്പെടുന്നു.

എന്നാല്‍ ഇപ്പോള്‍ വിപണി സന്തുലിത കൈവരിച്ചുവെന്നും എണ്ണ വില ഉയര്‍ന്നുവെന്നും ഇനിയും കരാര്‍ തുടരേണ്ടതില്ലെന്നുമാണ് സൗദിയുടെയും റഷ്യയുടെയും നിലപാട്. അതുകൊണ്ടുതന്നെ ജൂണ്‍ 22ന് തുടങ്ങുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ യോഗത്തില്‍ സൗദി ഉല്‍പ്പാദനം കൂട്ടണമെന്ന തന്ത്രമായിരിക്കും കൈക്കൊള്ളുക. പക്ഷേ ഇത് സൗദിക്ക് തന്നെ തിരിച്ചടിയായി മാറുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ഒപെക്ക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തള്ളിക്കളയാന്‍ സൗദി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുകൂടിയാണ് കരാറില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമം നടത്തുന്നത്

വമ്പന്‍ ബജറ്റ് കമ്മിയാണ് സൗദിക്കുള്ളത്. ഇത് നികത്തണമെങ്കില്‍ എണ്ണ വില ബാരലിന് 87.90 ഡോളറെങ്കിലും ആകണമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ച കരാറില്‍ നിന്ന് പുറത്തുകടക്കുന്നത് എണ്ണ വിലയിലെ ഇടിവിന് കാരണമായേക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് സൗദിയുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുകയും ബജറ്റ് കമ്മി നികത്താന്‍ സാധിക്കാതെ വരുകയും ചെയ്യുന്നതിന് കാരണമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്ന സൗദിയുടെ നിലപാടിനോട് ഇറാനും ഇറാഖും വെനെസ്വലയും എതിര്‍പ്പ് അറിയിച്ചിട്ടുമുണ്ട്. ഉയര്‍ന്ന എണ്ണ വിലയില്‍ നിന്ന് സൗദിക്ക് നേട്ടമാണ് ലഭിച്ചത്. എന്നാല്‍ പുതിയ പ്ലാന്‍ അവര്‍ക്ക് തിരിച്ചടി നല്‍കിയേക്കും-ബ്ലൂംബര്‍ഗ് ഇക്കണോമിക്‌സ് ചീഫ് മിഡില്‍ ഈസ്റ്റ് ഇക്കണോമിസ്റ്റ് സിയാദ് ദൗഡ് പറഞ്ഞു.

ഒപെക്ക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തള്ളിക്കളയാന്‍ സൗദി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുകൂടിയാണ് കരാറില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമം നടത്തുന്നത്. ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയുമായി മികച്ച ബന്ധമാണ് സൗദി കാത്ത് സൂക്ഷിക്കുന്നത്. ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിന് ട്രംപിനെ സൗദി വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

Comments

comments

Categories: Arabia
Tags: saudi -oil