ജല സുരക്ഷാ പദ്ധതികള്‍ക്ക് പെപ്‌സികോ ഫൗണ്ടേഷന്‍ സഹായം; വാട്ടര്‍ എയ്ഡിന് 4.26 ദശലക്ഷം ഡോളര്‍ നല്‍കും

ജല സുരക്ഷാ പദ്ധതികള്‍ക്ക് പെപ്‌സികോ ഫൗണ്ടേഷന്‍ സഹായം; വാട്ടര്‍ എയ്ഡിന് 4.26 ദശലക്ഷം ഡോളര്‍ നല്‍കും

കൊച്ചി: പെപ്‌സിക്കോ പ്ലാന്റുകളുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന രണ്ടു ലക്ഷത്തോളം പേര്‍ക്ക് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജല ലഭ്യതാ പദ്ധതികള്‍ വിപുലമാക്കുമെന്ന് പെപ്‌സികോ. കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ ജില്ലകളിലെ പ്ലാന്റിനു സമീപം താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 2020 ഡിസംബറോടെ ശുദ്ധ ജലം ലഭ്യമാക്കാനായി പെപ്‌സികോ ഫൗണ്ടേഷന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വാട്ടര്‍ എയ്ഡിന് 4.26 ദശലക്ഷം ഡോളര്‍ ഗ്രാന്റ് നല്‍കും.

ശുദ്ധജലവും ശുചിത്വവും ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ വികസനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ആറാമത്തെ ലക്ഷ്യത്തിന്റെ ചുവടു പിടിച്ചാണ് ഈ നടപടി. പെര്‍ഫോമന്‍സ് വിത്ത് പര്‍പ്പസ് 2025 അജണ്ടയുടെ ഭാഗമായി 2006 മുതല്‍ ആഗോള തലത്തില്‍ 25 ദശലക്ഷം ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുകയാണ് പെപ്‌സികോയുടെ ലക്ഷ്യം.

ശുദ്ധജല ലഭ്യത വര്‍ധിപ്പിക്കുന്ന രീതിയിലുള്ള പരിഹാരങ്ങള്‍ അവതരിപ്പിക്കുന്നതിനായിരിക്കും അടുത്ത മൂന്നു വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വാട്ടര്‍ എയ്ഡ് പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ ശുദ്ധജല ലഭ്യതയുള്ളവരുടെ എണ്ണം വര്‍ധിപ്പിക്കുകയും ജല സ്രോതസ്സുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ജലത്തിന്റെ ഗുണമേന്മ തുടര്‍ച്ചായി പരിശോധിക്കുക, ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുക, ശുചിത്വം, ശുചിത്വ ശീലങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം എന്നിവയും ഇതിന്റെ ഭാഗമായി നടത്തും. ജല സുരക്ഷ ഉറപ്പാക്കുക മാത്രമായിരിക്കില്ല ഈ നീക്കങ്ങളിലൂടെ സാധ്യമാകുക, മഴക്കൊയ്ത്ത് അടക്കമുള്ള ജല സംരക്ഷണ നടപടികള്‍ പ്രോല്‍സാഹിപ്പിക്കാനും ഇതു സഹായകമാകും.

ശുദ്ധവും സുരക്ഷിതവുമായ ജല ലഭ്യതയ്ക്കുള്ള മനുഷ്യാവകാശത്തെ പെപ്‌സികോ മാനിക്കുന്നതായി ഇതേക്കുറിച്ചു പ്രതികരിക്കവെ പെപ്‌സികോ ഇന്ത്യയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അഹമദ് എല്‍ഷേഖ് ചൂണ്ടിക്കാട്ടി. പെര്‍ഫോര്‍മന്‍സ് വിത്ത് പര്‍പ്പസ് എന്ന തങ്ങളുടെ കാ്‌ഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഫലപ്രദമായ ജല സംരംക്ഷണം, ആസൂത്രണം,വിതരണം തുടങ്ങിയവയ്ക്ക് പെപ്‌സികോ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുദ്ധ ജലം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിലൂടെ സമൂഹത്തിന്റെ ജല സുരക്ഷ മെച്ചപ്പെടുത്താനാണ് വാട്ടര്‍ എയ്ഡുമായി സഹകരിച്ച് പെപ്‌സികോ ഫൗണ്ടേഷന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂട്ടായ പരിശ്രമത്തിലൂടെയാണ് എല്ലാവര്‍ക്കും ശുദ്ധ ജലം ലഭ്യമാക്കാനാവുകയെന്ന് വാട്ടര്‍ എയ്ഡ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് വി കെ മാധവന്‍ പറഞ്ഞു. ശുദ്ധമായ ജലവും ശൗചാലയങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ആറാമത്തെ വികസന ലക്ഷ്യം കൈവരിക്കുന്നതിനായി സ്വകാര്യ മേഖലയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതില്‍ വാട്ടര്‍ എയ്ഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെപ്‌സികോ ഫൗണ്ടേഷന്റെ ശ്രമങ്ങളും തങ്ങളുടെ പ്രവര്‍ത്തനങ്ങളും യോജിക്കുന്നത് എല്ലാവര്‍ക്കും ഗുണകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷന്‍ ഇതുവരെ ഇന്ത്യയില്‍ നടത്തിയിട്ടുള്ള 17 ദശലക്ഷം ഡോളറിന്റെ നിക്ഷേപങ്ങള്‍ക്കു തുടര്‍ച്ചയായിട്ടാവും ഇപ്പോഴത്തെ ഗ്രാന്റ്. സുരക്ഷിതമായ ജലത്തിനും ശുചിത്വ പദ്ധതികള്‍ക്കും വേണ്ടിയുള്ള പദ്ധതികളില്‍ കേന്ദ്രീകരിച്ചുള്ള ഈ ഗ്രാന്റുകള്‍ ജല ദൗര്‍ലഭ്യ മേഖലകളിലെ പത്തു ദശലക്ഷത്തിലേറെ പേരെയാണ് ക്രിയാത്മകമായി പിന്തുണച്ചത്. സെയ്ഫ് വാട്ടര്‍ നെറ്റ് വര്‍ക്ക് പോലുള്ള സര്‍ക്കാര്‍ ഇതര സംഘടനകളുമായുള്ള സഹകരണത്തിലൂടെ രാജ്യത്ത് നൂറിലേറെ ആര്‍.ഒ. വാട്ടര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചതടക്കം നിരവധി പദ്ധതികളും സൂക്ഷ്മ വായ്പകളിലൂടെ ജല ലഭ്യതയ്ക്കായി വാട്ടര്‍ ഡോട്ട് ഓര്‍ഗുമായി സഹകരിച്ചതും ഇതിന്റെ ഭാഗമായിരുന്നു.

 

 

 

 

Comments

comments

Categories: FK News, Slider

Related Articles