ഐ ഫോണുകള്‍ക്കു മേല്‍ ഇറക്കുമതി ചുങ്കം ചുമത്തില്ലെന്ന് റിപ്പോര്‍ട്ട്

ഐ ഫോണുകള്‍ക്കു മേല്‍ ഇറക്കുമതി ചുങ്കം ചുമത്തില്ലെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ചൈനയില്‍ അസംബിള്‍ ചെയ്യുന്ന ഐ ഫോണുകള്‍ക്കു മേല്‍ ഇറക്കുമതി ചുങ്കം ചുമത്തില്ലെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ആപ്പിളിന്റെ സിഇഒ ടിം കുക്കിനു വാക്ക് നല്‍കിയതായി ന്യൂയോര്‍ക്ക് ടൈംസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചുങ്കം ചുമത്തേണ്ട സാധനങ്ങളുടെ പട്ടിക ഏപ്രിലില്‍ തയാറാക്കിയിരുന്നു. ഇതില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വസ്തുക്കളെ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പട്ടിക, ട്രംപ് പരിഷ്‌കരിക്കുകയുണ്ടായി. അതില്‍ പലവിഭാഗങ്ങളിലുള്ള ചിപ്‌സിനെ (i/c ചിപ്‌സ്) ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണു ടെക്‌നോളജി മേഖലയില്‍ ആശങ്ക പരന്നത്. ഇപ്പോഴത്തെ സാഹചര്യമനുസരിച്ചു ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്താനാണു യുഎസ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ട്രംപിനെ ആപ്പിള്‍ സിഇഒ കുക്ക് വൈറ്റ് ഹൗസിലെത്തി സന്ദര്‍ശിക്കുകയും ട്രംപിന്റെ വ്യാപാര നയങ്ങള്‍ തങ്ങളെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്നും ബോദ്ധ്യപ്പെടുത്തുകയുണ്ടായെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചര്‍ച്ചകളുടെ വിശദാംശങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ട്രംപോ, കുക്കോ ഇതുവരെ തയാറായിട്ടില്ല.

ടെക്‌നോളജി രംഗത്തെ നയതന്ത്രജ്ഞന്റെ വേഷമാണ് ഇപ്പോള്‍ കുക്ക് ഏറ്റെടുത്തിരിക്കുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയെ എതിര്‍ക്കുന്ന വ്യാപാരനയങ്ങളുമായി ട്രംപ് മുന്നേറുകയാണെങ്കില്‍ അത് ഏറ്റവുമധികം ദോഷം ചെയ്യുന്നത് ആപ്പിള്‍ കമ്പനിയെ തന്നെയായിരിക്കുമെന്ന് ഏറ്റവും നന്നായി അറിയുന്ന ആളും ടിം കുക്ക് തന്നെയാണ്. വ്യാപാരയുദ്ധം മുറുകിയാല്‍ ആപ്പിളിന് അഭിമുഖീകരിക്കേണ്ടി വരുന്ന നഷ്ടം ചെറുതുമായിരിക്കില്ല. ചൈനയില്‍ ആപ്പിളിനെ പോലെ വിജയം വരിച്ച മറ്റൊരു കമ്പനിയില്ലെന്നത് ഒരു വസ്തുതയാണ്. 41 സ്‌റ്റോറുകളും, ദശലക്ഷക്കണക്കിന് ഐ ഫോണ്‍ ഉപയോക്താക്കളുമുണ്ടു ചൈനയില്‍. 2011-ല്‍ ആപ്പിളിന്റെ നേതൃസ്ഥാനമേറ്റെടുത്ത കുക്കിന്റെ കീഴില്‍ കമ്പനി ചൈനയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണു കൈവരിച്ചത്. ഇന്ന് ആപ്പിളിനു ചൈനയില്‍ 50 ബില്യന്‍ ഡോളറിന്റെ വാര്‍ഷിക വരുമാനമുണ്ട്. ചൈനയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണമുള്ളപ്പോഴാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചതെന്നും പ്രത്യേതം ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

Comments

comments

Categories: FK Special, Slider