ആയുഷ്മാന്‍ ഭാരത് 100,000 തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് ഇന്ദു ഭൂഷണ്‍

ആയുഷ്മാന്‍ ഭാരത് 100,000 തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് ഇന്ദു ഭൂഷണ്‍

പദ്ധതി സൃഷ്ടിക്കുന്ന ആവശ്യകത മൂലം 300 പുതിയ സ്വകാര്യ ആശുപത്രികള്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നാലു വര്‍ഷത്തിനുള്ളില്‍ 1,00,000 ദീര്‍ഘകാല തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് സിഇഒ ഇന്ദു ഭൂഷന്‍. സ്വകാര്യ ആശുപത്രികളുടെ പ്രതീക്ഷിത വിപുലീകരണം വഴിയാണ് ഇവയില്‍ ഭൂരിഭാഗം തൊഴിലുകളും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 100 മില്യണ്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം നല്‍കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത്- ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി (എബിഎന്‍എച്ച്പിഎം) നടപ്പിലാക്കുന്നത്.

അടുത്ത മൂന്ന്,നാല് വര്‍ഷത്തിനുള്ളില്‍ വൈദഗ്ധ്യം ആവശ്യമുള്ളതും ഭാഗികമായി വൈദഗ്ധ്യം ആവശ്യമുള്ളതുമായ 100,000 ദീര്‍ഘകാല തൊഴിലുകള്‍ പ്രത്യക്ഷമായി തന്നെ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് തങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഭൂഷണ്‍ പറയുന്നു. ഏകദേശം 25,000 ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. എബി-എന്‍എച്ച്പിഎം സൃഷ്ടിക്കുന്ന ആവശ്യകത മൂലം 300 പുതിയ സ്വകാര്യ ആശുപത്രികള്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ആശുപത്രിയും 200 ആളുകള്‍ക്ക് വീതം ജോലി നല്‍കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

ഇതുകൂടാതെ 80 ലക്ഷത്തിലധികം ഹ്രസ്വകാല തൊഴിലുകളും ഈ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടും. എബി-എന്‍എച്ച്പിഎം ഗുണഭോക്താക്കളെ വിവരങ്ങള്‍ അറിയിക്കുന്നതിന് ഏകദേശം 2 ലക്ഷം ജനങ്ങളെ സര്‍ക്കാര്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവിധ ചികിത്സാ പാക്കേജുകളുടെ ഭാഗമായി റീ ഇംപേര്‍സ് ചെയ്യുന്ന ചെയ്യുന്ന പണം കുറഞ്ഞ നിരക്കിലായതിനാല്‍ ഈ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ ഉണ്ടാകുമോയെന്ന സംശയവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ‘സേവനം അധികം എത്തിച്ചേര്‍ന്നിട്ടില്ലാത്ത മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് സാമ്പത്തിക ക്ഷമത നല്‍കുന്ന തരത്തിലല്ല പദ്ധതിയുടെ നിലവിലെ ഘടനയുള്ളത്. പാക്കേജ് നിരക്കുകള്‍ ശരിയായല്ല സജ്ജീകരിച്ചിട്ടുള്ളതെന്നതും വ്യക്തമാണ്’, അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് (ഇന്ത്) പ്രസിഡന്റ് അലെക്‌സ് തോമസ് പറയുന്നു.

മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുയെും അനുബന്ധ സ്റ്റാഫുകളുടെയും വലിയ തോതിലുള്ള ലഭ്യതയെ ആശ്രയിച്ചാണ് ഈ പദ്ധതിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ഇന്ത്യയിലുള്ള അഭാവമാണ് അടിസ്ഥാന പ്രശ്‌നമെന്നും തോമസ് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy