ഇന്ത്യയിലെ ഡോളര്‍ മില്യണയര്‍മാരില്‍ 20% വര്‍ധനവ്

ഇന്ത്യയിലെ ഡോളര്‍ മില്യണയര്‍മാരില്‍ 20% വര്‍ധനവ്

വിപണി മൂലധനത്തില്‍ 50 ശതമാനത്തിലധികം വര്‍ധനവുണ്ടായതാണ് ഈ വളര്‍ച്ചയുടെ പ്രധാന കാരണം

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന്റെ പ്രതികൂല ഫലങ്ങള്‍ക്കിടയിലും 2017ല്‍ ഇന്ത്യയുടെ ഡോളര്‍ മില്യണയര്‍മാരുടെ എണ്ണത്തിലും അവരുടെ ആസ്തിയിലും ഇന്ത്യ 20 ശതമാനത്തോളം വര്‍ധന നേടിയെന്ന് ഫ്രഞ്ച് ടെക് കമ്പനിയായ കാപ്‌ജെമിനിയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ സാമ്പത്തിക അസമത്വം സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഉയര്‍ന്ന അറ്റ ആസ്തിയുള്ള വ്യക്തികളുടെ (എച്ച്എന്‍ഐ) എണ്ണം 20.4 ശതമാനം വളര്‍ന്ന് 2.63 ലക്ഷമായി മാറി. അതേസമയം അവരുടെ സംയോജിത സമ്പത്ത് 21 ശതമാനം വളര്‍ന്ന് 1 ട്രില്യണ്‍ യുഎസ് ഡോളറിന് മുകളിലെത്തിയെന്നും കാപ്‌ജെമിനി പറയുന്നു.

ആഗോളതലത്തില്‍ എച്ച്എന്‍ഐകളുടെ എണ്ണം 11.2 ശതമാനവും ഇവരുടെ മൊത്തം സമ്പത്ത് 12 ശതമാനവും വളര്‍ച്ചയാണ് നേടിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ അതിവേഗത്തിലുള്ള വളര്‍ച്ചയാണ് ഇന്ത്യയിലെ അതി സമ്പന്നര്‍ നേടിയത്. ലോകത്തിലെ ഏറ്റവും വലിയ എച്ച്എന്‍ഐ സാന്നിധ്യമുള്ള വിപണികള്‍ യുഎസ്, ജപ്പാന്‍, ജര്‍മനി, ചൈന എന്നിവയാണ്. 2017ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ 11-ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഒരു മില്യണിലധികം യുഎസ് ഡോളറിന്റെ നിക്ഷേപ ആസ്തികളുള്ള വ്യക്തിയെയാണ് എച്ച്എന്‍ഐ ആയി കണക്കാന്നുന്നത്.

2017ല്‍ വിപണി മൂലധനത്തില്‍ 50 ശതമാനത്തിലധികം വര്‍ധനവുണ്ടായതാണ് ഈ വളര്‍ച്ചയുടെ പ്രധാന കാരണം. ഇതുകൂടാതെ റിയല്‍റ്റി വിലകളില്‍ ശരാശരി 4.8 ശതമാനം വര്‍ധനവുണ്ടായതും 6.7 ശതമാനമെന്ന ജിഡിപി വളര്‍ച്ചയും ഇതിന് സഹായകരമായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചരക്ക് സേവന നികുതി നടപ്പിലാക്കിയത് വിവിധ ആസ്തികളില്‍ പ്രത്യാഘാതം സൃഷ്ടിച്ചുവെങ്കിലും അത് താല്‍ക്കാലികമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ധനനയം സ്ഥിരമായത്, നോട്ട് അസാധുവാക്കലിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതായത്, ഉയര്‍ന്ന നിക്ഷേപ നിരക്കുകള്‍ എന്നിവ സമ്പത്ത വര്‍ധിപ്പിക്കാന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

2017ല്‍ രാജ്യത്തുണ്ടായ മൊത്തം സമ്പത്തിന്റെ 73 ശതമാനവും സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് ജനുവരിയില്‍ രാജ്യാന്തര സംഘടനയായ ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ പഠനവും കാപ്‌ജെമിനി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. രാജ്യത്തെ 67 ശതമാനം വരുന്ന ദരിദ്രരുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ധനയുടെ ശരാശരി വെറും ഒരു ശതമാനം മാത്രമാണെന്നും ഓക്‌സ്ഫാം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Comments

comments

Categories: Business & Economy