10 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശേഷി ഇന്ത്യക്കുണ്ട്: സുഭാഷ് ചന്ദ്ര ഗാര്‍ഗ്

10 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശേഷി ഇന്ത്യക്കുണ്ട്: സുഭാഷ് ചന്ദ്ര ഗാര്‍ഗ്

3 ശതമാനത്തിനുള്ളില്‍ ധനക്കമ്മി എത്തിക്കുകയെന്ന ലക്ഷ്യം ഉടന്‍ തന്നെ നേടും

ന്യൂഡെല്‍ഹി: 2030 ഓടെ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. സുസ്ഥിരമായ എട്ട് ശതമാനം ശരാശരി വളര്‍ച്ചയും ഡോളറിനെതിരായി ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റവും ഈ ലക്ഷ്യത്തിലേക്കെത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അനന്ത സെന്റര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സ്മഡ്ജ ആന്‍ഡ് സ്മഡ്ജ എന്നിവ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച ആറാമത് ഗ്രോത്ത് നെറ്റ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ഗാര്‍ഗെ.

തെരഞ്ഞെടുപ്പ് വര്‍ഷമാണെങ്കില്‍ പോലും സാമ്പത്തിക മാനേജ്‌മെന്റ് ദുര്‍ബലമാകാന്‍ അനുവദിക്കില്ല. 3 ശതമാനത്തിനുള്ളില്‍ ധനക്കമ്മി എത്തിക്കുകയെന്ന ലക്ഷ്യം ഇന്ത്യ ഉടന്‍ തന്നെ നേടുമെന്നും അത് സുസ്ഥിരമായിരിക്കുമെന്നും ഗാര്‍ഗ് വിലയിരുത്തുന്നു. നികുതിയും ജിഡിപിയും തമ്മിലുള്ള അനുപാതം 10 ശതമാനത്തില്‍ നിന്ന് 11.6 ശതമാനമായി മെച്ചപ്പെട്ടു. പുതിയ സ്വകാര്യ മൂലധന നിക്ഷേപവും ഉയര്‍ന്നു.
നോട്ട് അസാധുവാക്കല്‍ സാമ്പത്തിക സാഹചര്യങ്ങളില്‍ വലിയ മാറ്റത്തിന് ഇടയാക്കി. പ്രധാന ബാങ്കിംഗ് ഇതര നിക്ഷേപ വിഭാഗമായി മ്യൂച്വല്‍ ഫണ്ടുകള്‍ മാറി. ഭാവിയില്‍ ബാങ്ക് സാമ്പത്തിക വിപണികളെ അടിസ്ഥാനമാക്കിയുള്ള വായ്പകള്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നികുതി ഘടനയുമായി കോര്‍പറേറ്റുകള്‍ ഇടപെടുന്ന രീതിയില്‍ ചരക്ക് സേവന നികുതി മാറ്റങ്ങള്‍ വരുത്തിയെന്നും ഗാര്‍ഗ് അഭിപ്രായപ്പെട്ടു. മികച്ച രീതിയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അടിസ്ഥാനസൗകര്യ മേഖലയിലും നിര്‍മാണ മേഖലയിലും ഇനിയും കൂടുതല്‍ ചെയ്യേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: More