മല്യയെ തിരിച്ചുകൊണ്ടു വരണം, കടുത്ത ശിക്ഷ നല്‍കണം:മോദിക്ക് ജീവനക്കാരുടെ കത്ത് 

മല്യയെ തിരിച്ചുകൊണ്ടു വരണം, കടുത്ത ശിക്ഷ നല്‍കണം:മോദിക്ക് ജീവനക്കാരുടെ കത്ത് 

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്‌പെയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ കിംഗ് ഫിഷര്‍ കമ്പനി ഉടമ വിജയ് മല്യയ്‌ക്കെതിരെ ജീവനക്കാര്‍ രംഗത്ത്. കമ്പനി പൂട്ടി ആറ് വര്‍ഷം കഴിഞ്ഞിട്ടും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത നിരവധി ജീവനക്കാരാണ് മല്യയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ്മല്യയെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. കടുത്ത ശിക്ഷ മല്യയ്ക്ക് നല്‍കണമെന്നും ജീവനക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ജീവനക്കാര്‍ കത്തയച്ചിട്ടുണ്ട്.

തങ്ങള്‍ക്ക് അവകാശപ്പെട്ട ഗ്രാറ്റുവിറ്റിയോ മറ്റ് നഷ്ടപരിഹാരങ്ങളോ ഇതുവരെ നല്‍കിയിട്ടില്ല. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പോലും പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് തങ്ങളെന്ന് ജീവനക്കാര്‍ പറയുന്നു. വായ്പ തട്ടിച്ച് മുങ്ങിയ നാള്‍ മുതല്‍ മല്യയ്‌ക്കെതിരെ തങ്ങള്‍ പ്രതിഷേധം നടത്തിയിരുന്നു. പൊലീസിലും തൊഴില്‍ വകുപ്പിലും പരാതി നല്‍കി. നിരാഹാരം കിടക്കുക പോലും ചെയ്തു. എന്നിട്ടും തങ്ങളുടെ അവസ്ഥ പരിതാപകരമായി തുടരുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ലണ്ടനുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കി. ഇന്ത്യക്കാരായ തങ്ങളുടെ സ്ഥിതി ഇതാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

മല്യയുടെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു. അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ, കടുത്ത ശിക്ഷ അയാള്‍ക്ക് നല്‍കണമെന്നും കത്തില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയ്‌ക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതിനു തൊട്ടുപിന്നാലെയാണ് ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുന്നത്. ഇന്ത്യയില്‍ നിന്നും മുങ്ങിയ വിജയ് മല്യ ബ്രിട്ടനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനായുള്ള നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

 

Comments

comments

Categories: FK News, Slider