കര്‍ഷകരുടെ വരുമാനം വര്‍ധിച്ചു: പ്രധാനമന്ത്രി

കര്‍ഷകരുടെ വരുമാനം വര്‍ധിച്ചു: പ്രധാനമന്ത്രി

ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷ 280 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളുടെ ഫലമായി രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി മേഖലകളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായി ‘നരേന്ദ്ര മോദി ആപ്പ്’ വഴി വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉല്‍പ്പാദനവും വരുമാനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുണ്ടായ വിജയത്തെ കുറിച്ചും പ്രധാനമന്ത്രി കര്‍ഷകരോട് ചോദിച്ചറിഞ്ഞു. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് ആവശ്യമായിട്ടുള്ള സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കര്‍ഷകരില്‍ തങ്ങള്‍ക്ക് വിശ്വാസമാണെന്നും വിജയം നേടുന്നതിന് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കര്‍ഷകര്‍ തയാറാണെന്നും മോദി പറഞ്ഞു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നാല് പ്രധാന പോയ്ന്റുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് പരമാവധി കുറയ്ക്കുക, കര്‍ഷകര്‍ക്ക് ആദായകരമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പാഴ്‌ചെലവ് കുറയ്ക്കുക, വരുമാനം നേടുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുക തുടങ്ങിയവയാണ് ആ നാല് പോയ്ന്റുകള്‍.

കേന്ദ്ര ബജറ്റില്‍ കുറഞ്ഞ താങ്ങുവില (എംഎസ്പി) പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് ആദായകരമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം 2010-2014 കാലയളവിലെ ശരാശരിയായ 250 മില്യണ്‍ ടണ്ണില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷ 280 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories

Related Articles