ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 16.53% വര്‍ധിച്ചു

ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 16.53% വര്‍ധിച്ചു

118.56 ലക്ഷം ആഭ്യന്തര വിമാന യാത്രികരാണ് ഈ വര്‍ഷം മേയില്‍ ഉണ്ടായിരുന്നത്

ന്യഡെല്‍ഹി: മേയില്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16.53 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) റിപ്പോര്‍ട്ട്. 118.56 ലക്ഷം യാത്രികരാണ് ഈ വര്‍ഷം മേയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് ഡിജിസിഎയില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ 101.74 ലക്ഷം യാത്രികര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയ സ്ഥാനത്താണിത്.

ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം മൂന്ന് ശതമാനം വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഏപ്രിലില്‍ 115.13 ലക്ഷം യാത്രികര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗിച്ചിരുന്നു. ഈ വര്‍ഷം ജനുവരി -മേയ് കാലയളവില്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനത്തിലധികം വര്‍ധനയുണ്ടായി. ഇക്കാലയളവില്‍ മൊത്തമായി 571.58 ലക്ഷം യാത്രികരാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 2017ല്‍ ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 465.8 ലക്ഷം പേര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉപയോഗിച്ച സ്ഥാനത്താണിത്.

മേയില്‍ പാസഞ്ചര്‍ ലോഡ് ഫാക്റ്ററിന്റെ അടിസ്ഥാനത്തില്‍ മുന്നിലെത്തിയത് ബജറ്റ് എയര്‍ലൈന്‍ ആയ സ്‌പൈസ്‌ജെറ്റ് ആണ്. സീറ്റീംഗ് ശേഷിയുടെ 94.8 ശതമാനവും കഴിഞ്ഞ മാസം സ്‌പൈസ്‌ജെറ്റ് ഉപയോഗപ്പെടുത്തിയതായാണ് ഡിജിസിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ തുടര്‍ച്ചയായി 38-ാം മാസമാണ് പിഎല്‍എഫില്‍ മുന്നിലെത്താന്‍ സ്‌പൈസ്‌ജെറ്റിന് സാധിച്ചിരിക്കുന്നതെന്ന് കമ്പനി ചീഫ് സെയ്ല്‍സ്, റെവന്യു ഓഫീസര്‍ ശില്‍പ ഭാട്ടിയ പറഞ്ഞു. പാസഞ്ചര്‍ ലോഡ് ഫാക്റ്ററിന്റെ അടിസ്ഥാനത്തില്‍ വിപണിയില്‍ രണ്ടാം സ്ഥാനമുറപ്പിച്ചിട്ടുള്ളത് ഇന്‍ഡിഗോയാണ്. സീറ്റിംഗ് ശേഷിയുടെ 91 ശതമാനവും കഴിഞ്ഞ മാസം ഉപയോഗപ്പെടുത്താന്‍ ഇന്‍ഡിഗോയ്ക്ക് സാധിച്ചിട്ടുണ്ട്.

എയര്‍ഏഷ്യ ഇന്ത്യയുടെ 89.7 ശതമാനം സീറ്റുകളും ഗോഎയറിന്റെ 89.2 ശതമാനം സീറ്റുകളും കഴിഞ്ഞ മാസം നിറഞ്ഞിരുന്നു. വിമാന സര്‍വീസുകളുടെ കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്‍ഡിഗോയാണ്. 80.9 ശതമാനമാണ് കമ്പനിയുടെ കൃത്യനിഷ്ഠാ നിരക്ക്. ബെംഗളൂരു, ന്യൂഡെല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നീ നാല് പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ കൃത്യനിഷ്ഠയുടെ അടിസ്ഥാനത്തിലാണ് ഈ നിരക്ക് കണക്കാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ സ്‌പൈസ്‌ജെറ്റ് രണ്ടാം സ്ഥാനത്തും വിസ്താര മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.

40.9 ശതമാനം വിപണി വിഹിതവുമായി ഇന്‍ഡിഗോയാണ് വിപണിയില്‍ ഒന്നാമതുള്ളത്. 13.7 ശതമാനം വിഹിതവുമായി ജെറ്റ് എയര്‍വേയ്‌സ് രണ്ടാം സ്ഥാനത്തും 12.8 ശതമാനം വിഹിതവുമായി എയര്‍ ഇന്ത്യ മൂന്നാം സ്ഥാനത്തും ഇടം പിടിച്ചു. സ്‌പൈസ് ജെറ്റ് (12.3 ശതമാനം), ഗോഎയര്‍ (8.7 ശതമാനം) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

Comments

comments

Categories: Business & Economy