2020ഓടെ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍

2020ഓടെ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ 5ജി സര്‍വീസസ് അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലും 5ജി സേവനം അവതരിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തയാറെടുക്കുന്നു. 5ജി സാങ്കേതിക വിദ്യാ പ്രയോഗത്തിന്റെ രൂപരേഖ തയാറാക്കുന്നതിന് ബഹുരാഷ്ട്ര കമ്പനികളായ നോക്കിയ, കോറിയന്റ്, എസ്ടിഇ തുടങ്ങിയവയുമായി ബിഎസ്എന്‍എല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും 2020ഓടുകൂടി 5ജിയില്‍ എന്റര്‍പ്രൈസ്, കണ്‍സ്യൂമര്‍ സേവനങ്ങള്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജയ്ന്‍ പറഞ്ഞു. വ്യവസായ സംഘടനയായ ദ മൊബീല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച (ടിഎംഎ) മൊബീല്‍ ഡിവൈസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി 700 മെഗാഹെട്‌സ് ബാന്‍ഡില്‍ എയര്‍വേവുകള്‍ അനുവദിക്കണമെന്ന് ഇതിനോടകം ബിഎസ്എന്‍എല്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി ടെസ്റ്റ് ബെഡ് രൂപീകരിക്കുന്നതിനായി ബിഎസ്എന്‍എലും ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി കോര്‍പ്പറേഷനും ഏപ്രിലില്‍ വിര്‍ഗോ കോര്‍പ്പറേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.

5ജിയുമായി ബന്ധപ്പെട്ട മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഫിന്നിഷ് നിര്‍മാണ കമ്പനിയായ നോക്കിയയുമായി ബിഎസ്എന്‍എല്‍ കരാര്‍ ഒപ്പിട്ടത്. 5ജി അധിഷ്ഠിത വ്യാവസായിക ആപ്ലിക്കേഷനുകളെ കുറിച്ച് പഠിക്കുന്നതിനും ഇവ വിന്യസിപ്പിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോറിയന്റുമായും ബിഎസ്എന്‍എല്‍ പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.

5ജി വിന്യാസം വികസിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിഎേല്ലാ ടെലികോം കമ്പനികളെയും സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് സി-ഡോട്ട് (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ടെലിമാറ്റിക്‌സ്) എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ വിപിന്‍ ത്യാഗി പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ടെലികോം കമ്പനികള്‍ പരീക്ഷണ ഘട്ടം നടപ്പിലാക്കുമെന്നാണ് ദ മൊബീല്‍ അസോസിയേഷന്‍ വിശ്വസിക്കുന്നത്. 5ജി അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകളുടെ ലഭ്യതയും പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പുതുതായി രൂപീകരിച്ച ടെലികോം ഗ്രൂപ്പ് (ടിഎംഎ) പറയുന്നു.

Comments

comments

Categories: Business & Economy