ഒരു ഗ്രാമത്തെ സമൃദ്ധിയിലേക്കെത്തിച്ച കുഞ്ഞുടുപ്പുകള്‍

ഒരു ഗ്രാമത്തെ സമൃദ്ധിയിലേക്കെത്തിച്ച കുഞ്ഞുടുപ്പുകള്‍

വ്യവസായം കൊണ്ട് ഒരു ജനതയെ സാമ്പത്തികമായും സാമൂഹികമായും എങ്ങനെ സുദൃഢമാക്കാം എന്നതിനുള്ള ഉദാഹരണമാണ് പോപ്പീസ് ബേബി കെയര്‍. അന്‍പത് ലക്ഷം രൂപ മൂലധനത്തില്‍ അഞ്ചു ജോലിക്കാരുമായി 2004 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് 94 കോടി രൂപയുടെ വിറ്റുവരവും 1300 തൊഴിലാളികളുമുള്ള ഒരു വ്യവസായ സ്ഥാപനമായി മാറിക്കഴിഞ്ഞു. ഷാജു തോമസ് എന്ന ദീഷണാശാലിയായ സംരംഭകന്റെ സംരംഭകത്വ മികവിനൊപ്പം തിരുവാലി എന്ന ഉള്‍നാടന്‍ ഗ്രാമം കൂടിയാണ് പോപ്പീസിലൂടെ വികസനത്തിന്റെ ചരിത്രത്തിലേക്ക് ചുവടുവച്ചു കയറിയത്

കുഞ്ഞുടുപ്പുകള്‍ എന്ന് കേട്ടാല്‍ ഉടന്‍ പോപ്പീസ് എന്ന പേര് മനസിലേക്ക് ഓടിയെത്തുന്ന രീതിയില്‍ കേരളം മാറിയിട്ട് ഒന്നര പതിറ്റാണ്ടാകുന്നു. ഈ കാലയളവിനുള്ളില്‍ ഒരു ഗ്രാമത്തെ വികസനത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ഒരു സംരംഭകന് സാധിച്ചിട്ടുണ്ട് എങ്കില്‍ അത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധത ഒന്നുകൊണ്ട് മാത്രമാണ്.അക്കാര്യത്തില്‍ പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്റര്‍ ഷാജു തോമസിന് അഭിമാനിക്കാം.

ഒന്നുമില്ലായ്മയില്‍ നിന്നുമാണ് മലപ്പുറം ജില്ലയിലെ തിരുവാലി എന്ന ഗ്രാമം കേരളത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ ഇടം പിടിക്കുന്നത്. 2004 ല്‍ കുഞ്ഞുടുപ്പ് നിര്‍മിക്കുന്ന എക്‌സ്‌ക്ലൂസീവ് ഫാക്റ്ററിയുമായി പോപ്പീസ് സ്ഥാപിതമാകുമ്പോള്‍ തിരുവാലിയിലെ ബഹുഭൂരിപക്ഷം വരുന്ന വീട്ടമ്മമാരും തൊഴില്‍ രഹിതരായിരുന്നു. ഇത്തരത്തില്‍ സാമൂഹികമായി പറയത്തക്ക വികസനം ഒന്നും ഇല്ലാതെ കിടന്നിരുന്ന ഒരു ഗ്രാമപ്രദേശത്ത് ഗാര്‍മെന്റ് ഫാക്ടറി ആരംഭിക്കുകയും, പ്രാദേശീയരായ വീട്ടമ്മമാരെ തെരഞ്ഞെടുത്ത് അവര്‍ക്ക് കുഞ്ഞുടുപ്പ് നിര്‍ണത്തില്‍ പ്രത്യേക പരിശീലനം നല്‍കി മാന്യമായ വേതനത്തിന്റെ അടിസ്ഥാനത്തില്‍ ജോലി നല്‍കുകയും ചെയ്തതിലൂടെ തിരുവാലിയുടെ ഹൃദയത്തുടിപ്പായി മാറുകയായിരുന്നു പോപ്പീസ്.

സംരംഭകത്വം എന്ന മോഹം മനസ്സില്‍ ഉദിച്ച കാലം മുതല്‍ക്ക് തന്നെ ഷാജു തോമസിന്റെ മനസ്സില്‍ ചേക്കേറിയ ആഗ്രഹമായിരുന്നു, വികസനം കയറിചെല്ലാത്ത ഒരു പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ഉയര്‍ത്തികൊണ്ട് വരിക എന്നത്. ഈ യത്‌നത്തില്‍ ഷാജു പിന്തുടര്‍ന്നതാകട്ടെ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ട്വന്റി ട്വന്റി ഗ്രാമ വികസന മാതൃകയും. എന്നാല്‍ തിരുവാലിയുടെ കാര്യത്തില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് ഷാജു തോമസ് പറയുന്നു. നിലവില്‍ പോപ്പീസ് ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നവരില്‍ 60 % പേരും പ്രാദേശീയരാണ് എന്ന വസ്തുത ഏറെ സന്തോഷത്തോടെ പറയുന്ന ഷാജു, പോപ്പീസിന്റെ രണ്ടാം ഘട്ട വികസനത്തോടെ തിരുവാലിയുടെ രണ്ടാം ഘട്ട വികസനവും സാധ്യമാകും എന്ന് ഉറച്ച് വിശ്വസിക്കുന്നു. 2020ഓടെ മലപ്പുറത്തുനിന്നൊരു ലിസ്റ്റഡ് കമ്പനി, കേരളത്തിനൊരു രാജ്യാന്തര ബ്രാന്‍ഡ് അതാണ് പോപ്പീസിലൂടെ ഷാജു ലക്ഷ്യമിടുന്നത്.

പത്രപ്രവര്‍ത്തകനില്‍ നിന്നും സംരംഭകനിലേക്ക്

ബിസിനസില്‍ വിജയിച്ച ഏതൊരു സംരംഭകന്റെയും ജീവിതത്തില്‍ രസകരമായ ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കും. ഷാജു തോമസിന്റെ കാര്യത്തിലും ഉണ്ട് അങ്ങനെയൊന്ന്. ഒരു പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച ഷാജു തോമസ് തികച്ചും അവിചാരിതമായാണ് തുണികളുടെ ലോകത്തേക്ക് എത്തുന്നത്.ഒരിക്കല്‍ തിരുപ്പൂരിലെ തുണി കമ്പനികളെക്കുറിച്ച് ഫീച്ചര്‍ തയാറാക്കനെത്തിയ ഷാജുവിന്റെ മനസ്സില്‍ ഫീച്ചര്‍ തയ്യാറാക്കാനുള്ള പോയിന്റുകള്‍ക്കൊപ്പം ചേക്കേറിയതാണ് തുണിവ്യവസായം എന്ന ആശയം. തുണിവ്യവസായത്തിന്റെ സാധ്യതകളെക്കുറിച്ച് ഷാജു തയ്യാറാക്കിയ ലേഖനം സ്വന്തം ജീവിതത്തില്‍ തന്നെ അദ്ദേഹം പ്രാവര്‍ത്തികമാക്കുകയായിരുന്നു.

പണം മുടക്കി നടത്തുന്ന ബ്രാന്‍ഡിംഗ് കാമ്പയിനുകളോ പരസ്യങ്ങളോ ഒന്നുമാകരുത് തന്റെ സ്ഥാപനത്തിന്റെ മുഖമുദ്ര എന്ന് ഷാജു തോമസിന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് ആദ്യപടി എന്ന് മനസിലാക്കിയ ഷാജു തോമസ് അതിനായുള്ള നടപടികള്‍ സ്വീകരിച്ചു

തിരികെ നാട്ടിലെത്തിയ ഷാജു തന്റെ മനസില്‍ തോന്നിയ ആശയം ബിസിനസുകാരനായ പിതാവിനോട് പങ്കുവച്ചു. മകനെ പൂര്‍ണ്ണമായും പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ വെറുതെ തുണി വ്യവസായം തുടങ്ങാതെ, കൃത്യമായ വിപണി പഠനം നടത്തി എന്താണ് സമൂഹത്തിനു വേണ്ടത് എന്ന് മനസിലാക്കിയ ശേഷം മാത്രം അതിലേക്ക് ഇറങ്ങിത്തിരിക്കുവാന്‍ അദ്ദേഹം മകനെ ഉപദേശിച്ചു.അങ്ങനെയാണ് സ്വന്തം ബ്രാന്‍ഡ് എന്ന മോഹം ഷാജുവിന്റെ മനസ്സില്‍ ഉദിക്കുന്നത്.

വസ്ത്രവ്യാപാരത്തെ പറ്റി കൂടുതല്‍ പഠിക്കുന്നതിനായി തിരുപ്പൂരിന് പുറമെ കോയമ്പത്തൂര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും ഷാജു സഞ്ചരിച്ചു. എന്താണ് ഉപഭോക്താക്കളുടെ ശരിയായ ആവശ്യം, ഏതു തരം വസ്ത്രങ്ങളാണ് കൂടുതലായും വിറ്റുപോകുന്നത്, ഏത് മെറ്റിരിയലിനാണ് ആവശ്യക്കാര്‍ കൂടുതല്‍ തുടങ്ങി വിവിധ കാര്യങ്ങളെ പറ്റി ഷാജു വിശദമായ ഒരു പ്രൊജക്റ്റ് റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കി.

ഇത്തരത്തില്‍ ഷാജു നടത്തിയ പഠനയാത്രയ്ക്കിടയിലാണ് ചെറിയ കുഞ്ഞുങ്ങള്‍ക്കാവശ്യമായ നല്ല ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ വിപണിയിലില്ലെന്ന കാര്യം അദ്ദേഹം മനസിലാക്കുന്നത്. പിന്നെ പഠനം കുഞ്ഞുടുപ്പ് വിപണിയെപ്പറ്റിയായി. മുതിര്‍ന്നവര്‍ക്കു നിരവധി ബ്രാന്‍ഡുകളില്‍ വസ്ത്രങ്ങള്‍ ലഭ്യമാണെങ്കിലും കുഞ്ഞുങ്ങള്‍ക്ക്, പ്രത്യേകിച്ചു നവജാത ശിശുക്കള്‍ക്ക് വേണ്ടി ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ അധികമൊന്നും വിപണിയില്‍ ഇല്ല എന്ന് കണ്ടെത്തിയ ഷാജു അത് തന്നെയാണ് തന്റെ പ്രവര്‍ത്തനമേഖല എന്ന് തിരിച്ചറിയുകയായിരുന്നു.

ഗുണമേന്മ എന്ന ബ്രാന്‍ഡിംഗ് തന്ത്രം

കുഞ്ഞുടുപ്പ് വിപണിയില്‍ നിക്ഷേപം നടത്താന്‍ ഉറപ്പിച്ച ആദ്യമാത്രയില്‍ തന്നെ സ്വന്തമായൊരു ബ്രാന്‍ഡ് എന്ന ആശയമാണ് മനസില്‍ വേരുറപ്പിച്ചിരുന്നത്. എന്നാല്‍ പണം മുടക്കി നടത്തുന്ന ബ്രാന്‍ഡിംഗ് കാമ്പയിനുകളോ പരസ്യങ്ങളോ ഒന്നുമാകരുത് തന്റെ സ്ഥാപനത്തിന്റെ മുഖമുദ്ര എന്ന് ഷാജു തോമസിന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ് ആദ്യപടി എന്ന് മനസിലാക്കിയ ഷാജു തോമസ് അതിനായുള്ള നടപടികള്‍ സ്വീകരിച്ചു. കൃത്രിമത്വം തീരെയില്ലാത്ത, എന്നാല്‍ കുട്ടികളുമായി അടുത്തു നില്‍ക്കുന്ന, എളുപ്പത്തില്‍ പറയാന്‍ കഴിയുന്ന ഒരു പേര് സ്ഥാപനത്തിനായി കണ്ടെത്തുക എന്നതായിരുന്നു ആദ്യപടി. ദിവസങ്ങളോളം നീണ്ട ആലോചകനകള്‍ക്ക് ഒടുവില്‍ ഷാജു തന്നെയാണ് പോപ്പീസ് എന്ന ബ്രാന്‍ഡ് നെയിം കണ്ടെത്തിയത്.

അടുത്തത് ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ഭരിച്ച ദൗത്യമായിരുന്നു. പലവിധ നിര്‍മാണ രീതികളില്‍ നിന്നും ലോകോത്തരമായത് തന്നെ തന്റെ സ്ഥാപനത്തിനായി ഷാജു തെരെഞ്ഞെടുത്തു.വൃത്തിഹീനമായ സാഹചര്യങ്ങളെ പൂര്‍ണമായും ഒഴിവാക്കി അത്യധികം വൃത്തിയുള്ള അന്തരീക്ഷം കുഞ്ഞുടുപ്പുകളുടെ നിര്‍മാണത്തിനായി ഉണ്ടാക്കി. തയ്യല്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് യാതൊരു വിധ ത്വക് രോഗങ്ങളും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് അവരെ ജോലിക്ക് എടുത്തത്.ജോലിക്കായി തെരെഞ്ഞെടുക്കുന്നവര്‍ക്ക് വിദേശ മാതൃകയിലുള്ള സ്റ്റിച്ചിംഗ് മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്.

വിലയേറിയാലും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ നല്‍കുവാന്‍ മാതാപിതാക്കള്‍ തയാറാകുമെന്ന മനശാസ്ത്രംതന്നെ ഷാജുവിന്റെ ബിസിനസിന്റെ അടിത്തറയായി. സാധാരാണ വസ്ത്രങ്ങളെ അപേക്ഷിച്ച് പോപ്പീസ് ബ്രാന്‍ഡ് വസ്ത്രങ്ങള്‍ക്ക് വില കൂടുതലാണ്, എന്നാല്‍ ഈ വിലക്കൊത്ത ഗുണമേന്മയും ഈടും വസ്ത്രങ്ങള്‍ക്ക് ഉണ്ടായിരിക്കും. നവജാത ശിശുക്കളുടെ വസ്ത്രം മുതല്‍ രണ്ടു വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കുള്ള വിവിധങ്ങളായ ഉടുപ്പുകള്‍, അനുബന്ധ തുണിത്തരങ്ങള്‍ എന്നിവയായിരുന്നു ആദ്യകാലത്ത് പോപ്പീസ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍, ബാഗുകള്‍, കാരി ബാഗുകള്‍ , മറ്റ് ആക്‌സസറികള്‍ എന്നിവ പോപ്പീസില്‍ നിര്‍മിക്കുന്നുണ്ട്. രണ്ട് മുതല്‍ ആറ് വയസ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള ജൂനിയര്‍ പോപ്പീസ് അടിവസ്ത്രങ്ങള്‍, ടിഷര്‍ട്ടുകള്‍, സ്ത്രീകള്‍ക്കുള്ള ലെഗ്ഗിംഗ്‌സ്, നൈറ്റ് ഡ്രസ് (പോമീസ്), പുരുഷന്മാര്‍ക്കുള്ള ടി ഷര്‍ട്ടുകള്‍ എന്നിവയും പോപ്പീസ് ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇരുന്നൂറിലധികം പാറ്റേണുകളാണ് കുഞ്ഞുങ്ങളുടെ വസ്ത്ര ശേഖരത്തില്‍ ഉള്ളത്.

പഞ്ഞി മുതല്‍ ബട്ടണ്‍ വരെ എല്ലാം സുരക്ഷിതം

ഗുണമേന്മയെ മുഖമുദ്രയാക്കിയ മാറ്റാന്‍ തുടക്കം മുതലേ ആഗ്രഹിച്ചതുകൊണ്ട് തന്നെ കുഞ്ഞുടുപ്പ് നിര്‍മാണത്തിന്റെ ഓരോഘട്ടങ്ങത്തിലും തന്റെ ശ്രദ്ധ ഷാജു തോമസ് ഉറപ്പു വരുത്തിയിരുന്നു. പഞ്ഞിയില്‍ നിന്നും നൂല്‍ നൂല്‍ക്കുന്നതിനു മുന്‍പ് പ്രത്യേക പ്രോസസിംഗിനു വിധേയമാക്കി.ഇതില്‍ നിന്നും ഏറ്റവും നേര്‍ത്ത, മൃദുവായ നൂലുകള്‍ മാത്രം കുഞ്ഞുടുപ്പുകള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചു.

”ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന പഞ്ഞിയാണ് നൂലുണ്ടാക്കാനായി പോപ്പീസില്‍ ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങളുടെ ചര്‍മത്തിനു ദോഷമുണ്ടാകാത്ത പ്രകൃതിദത്ത നിറങ്ങളാണ് തുണികള്‍ക്കു നിറംകൊടുക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായിട്ടാണ് ഓരോ വസ്ത്രവും നിര്‍മിക്കുന്നത്. റീസൈക്കിളിംഗ് ഇല്ലാത്ത ഒരു ഉത്പന്നവും പോപ്പീസ് ഉപയോഗിക്കുന്നില്ല എന്നതും എടുത്തുപറയത്തക്ക ഒരു പ്രത്യേകതയാണ്. നിറ്റിംഗ്, വീവിംഗ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നത് കനേഡിയന്‍ സാങ്കേതികവിദ്യയും ജാപ്പനീസ് മെഷനറികളുമാണ് .ചുരുക്കിപ്പറഞ്ഞാല്‍, ഒരു കുഞ്ഞിനെ പരിചരിക്കുന്നതുപോലെ അത്ര സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്” ഷാജു തോമസ് പറയുന്നു.

ടെക്‌സ്‌റ്റൈല്‍ പ്രഫഷണലും ഫാഷന്‍ ഡിസൈനര്‍മാരും വിപണി വിദഗ്ധരും സ്‌കിന്‍ സ്‌പെഷലിസ്റ്റും നൈപുണ്യമുള്ള തൊഴിലാളികളും ഉള്‍പ്പെട്ടതാണ് പോപ്പീസ് ടീം.
എന്‍ഐഎഫ്ടി പോലുള്ള മികച്ച സ്ഥാപനങ്ങളില്‍ പഠിച്ച ആളുകളാണ് പോപ്പീസില്‍ ഡിസൈനിംഗ്, സൂപ്പര്‍വൈസിംഗ് സെക്ഷന്റെ ചുമതല നിര്‍വയ്ക്കുന്നത്. വിപണിയില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പറ്റി പഠിക്കാനും ഉല്‍പ്പന്നനിരയില്‍ അതിന് അനുസൃതമായ മാറ്റം വരുത്തുന്നതിനായി വളരെ ശക്തമായ ഒരു ഗവേഷണ വിഭാഗവും പോപ്പീസിനുണ്ട്. കുഞ്ഞുങ്ങള്‍ക്ക് സുഖം, സുരക്ഷിതത്വം, സ്‌റ്റൈല്‍ എന്നിവയാണ് പോപ്പീസ് വാഗ്ദാനം ചെയ്യുന്നത് എന്ന് ഷാജു തോമസ് പറയുന്നു.

കേരളത്തിനകത്തും പുറത്തും ഒരുപോലെ ശക്തം

മലപ്പുറത്താണ് ഉത്ഭവം എങ്കിലും മലപ്പുറത്തോ കേരളത്തിലോ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല പോപ്പീസ് എന്ന് ഷാജു തോമസ് പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷങ്ങളില്‍ തന്നെ തെളിയിച്ചു. കേരളത്തില്‍ ഒരു വര്‍ഷം ജനിക്കുന്നത് മൂന്നുലക്ഷം കുട്ടികളാണ് എന്നാണ് കണക്ക്, എന്നാല്‍ പോപ്പീസ് ഒരുമാസം കേരളത്തില്‍ വില്‍ക്കുന്നത് മൂന്നു ലക്ഷത്തിന് മേല്‍ കുട്ടിയുടുപ്പുകളാണ്. അതായത് ഒരു കുട്ടി ജനിക്കുമ്പോള്‍ ആ കുട്ടിക്ക് വേണ്ടി ശരാശരി 30 ന് മുകളില്‍ വസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്യപ്പെടുന്നു. ഈ സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് പോപ്പീസ് തങ്ങളുടെ വിപണന ശൃഖല കേരളത്തിലെ 14 ജില്ലകളെക്കൂടാതെ കര്‍ണാടകം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങി 9 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത്.കുട്ടിയുടുപ്പു വിപണിയില്‍ ഈ വര്‍ഷം രാജ്യത്തെ ഒന്നാം ബ്രാന്‍ഡ് ആകുക എന്ന ലക്ഷ്യത്തെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് തിരുവാലിയുടെ സ്വന്തം ബ്രാന്‍ഡ് മുന്നേറുന്നത്.

കേരളത്തില്‍ ഒരു വര്‍ഷം ജനിക്കുന്നത് മൂന്നുലക്ഷം കുട്ടികളാണ് എന്നാണ് കണക്ക്, എന്നാല്‍ പോപ്പീസ് ഒരുമാസം കേരളത്തില്‍ വില്‍ക്കുന്നത് മൂന്നു ലക്ഷത്തിന് മേല്‍ കുട്ടിയുടുപ്പുകളാണ്. അതായത് ഒരു കുട്ടി ജനിക്കുമ്പോള്‍ ആ കുട്ടിക്ക് വേണ്ടി ശരാശരി 30 ന് മുകളില്‍ വസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്യപ്പെടുന്നു

ജിസിസി രാജ്യങ്ങളില്‍ ഇതിനോടകം പോപ്പീസ് തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നടപ്പുവര്‍ഷം പോപ്പീസ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഷാജു തോമസ്. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യുഎസ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി പുരോഗമിക്കുന്നുണ്ട്. ആ നിലക്ക് നോക്കുമ്പോള്‍ ലോകോത്തര ബ്രാന്‍ഡ് എന്ന ഖ്യാതിയിലേക്ക് എത്തിച്ചേരാന്‍ പോപ്പീസിന് അധിക ദൂരം സഞ്ചരിക്കേണ്ടതില്ല. 2019 ഓടെ 50 രാജ്യങ്ങളില്‍ പോപ്പീസ് എത്തിച്ചേരും എന്നാണ് ഷാജു തോമസ് പ്രതീക്ഷിക്കുന്നത്.

വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വിപണിയിലേക്കും പോപ്പീസ് കടന്നു കഴിഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പ് വഴി പോപ്പീസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഇതു കൂടുതല്‍ വിപുലമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഒപ്പം എക്‌സ്‌ക്ലൂസീവ് ഷോപ്പുകള്‍ എന്ന ആശയവും മനസിലുണ്ട്. എന്നാല്‍ വിപണിയിലെ സാഹചര്യങ്ങള്‍ തീര്‍ത്തും അനുകൂലമാകുന്ന സാഹചര്യത്തില്‍ മാത്രമേ പോപ്പീസ് അതിന് മുതിരുകയുള്ളൂ എന്ന് ഷാജു പറയുന്നു.

വികസനത്തിന് കരുത്തേകാന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍

ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിലൂടെ വിപണി കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പോപ്പീസ്. ഇതിന്റെ ഭാഗമായി പുരുഷന്മാര്‍ക്കുള്ള ലിനന്‍ ഷര്‍ട്ടുകള്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. പെര്‍ഫ്യൂംഡ് ഷര്‍ട്ടാണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു ഉല്‍പ്പന്നം. കുട്ടികള്‍ക്കായി കുറഞ്ഞ ഭാരമുള്ള ബാക്ക് പാക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍, ടോയ്‌സ് എന്നിവയുടെ ഉല്‍പ്പാദനവും വര്‍ധിപ്പിക്കും. പോപ്പീസിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് നൂറുശതമാനം ഗ്യാരന്റി ഉറപ്പ് വരുത്തിക്കൊണ്ട് എല്ലാ ജില്ലകളിലും സര്‍വീസ് സെന്ററുകള്‍ തുറക്കാനും ഉദ്ദേശിക്കുന്നു.

നിലവില്‍ 94 കോടി രൂപയുടെ വിറ്റുവരവുള്ള പോപ്പീസ് ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നത് 200 കോടി രൂപയുടെ വിറ്റുവരവാണ് എന്ന് ഷാജു വ്യക്തമാക്കുന്നു. ചെയ്യുന്ന ജോലിയില്‍ നിശ്ചയദാര്‍ഢ്യമുള്ള ഈ നിലമ്പൂര്‍ സ്വദേശിയുടെ ചിന്തകള്‍ക്ക് അനുസൃതമായി പോപ്പീസ് ബേബി കെയര്‍ എന്ന ബ്രാന്‍ഡും തിരുവാലി എന്ന ഗ്രാമവും കൂടുതല്‍ വികസന സ്വപ്‌നങ്ങള്‍ കാണുകയും വിജയ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

Comments

comments