വിയന്നയിലേക്ക് വീണ്ടും പറന്ന് സൗദിയ

വിയന്നയിലേക്ക് വീണ്ടും പറന്ന് സൗദിയ

2010 മുതല്‍ ഓസ്ട്രിയന്‍ തലസ്ഥാനത്തേക്കുള്ള സേവനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു സൗദിയ

റിയാദ്: സൗദിയ എന്ന പേരിലറിയപ്പെടുന്ന സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സൗദിയ വിമാനങ്ങള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച്ച വീണ്ടും വിയന്നയിലേക്ക് പറന്നത്.

ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് കിംഗ് അബ്ദുളസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജെദ്ദയില്‍ നിന്ന് വിമാനം സര്‍വീസ് നടത്തുക. റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിലും വിമാനത്തിന് സ്‌റ്റോപ്പുണ്ട്.

എയര്‍ബസ് എ320 വിമാനമാകും സര്‍വീസിന് ഉപയോഗിക്കുകയെന്ന് സൗദിയ അറിയിച്ചു. ബിസിനസ്, ഇക്കോണമി വിഭാഗങ്ങളായിരിക്കും വിമാനത്തിലുണ്ടാകുക. അഞ്ചര മണിക്കൂറിനുള്ളില്‍ സൗദിയില്‍ നിന്ന് വിയന്നയില്‍ എത്താം.

വിനോദ, ബിസിനസ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് വിയന്നയെന്നതിനാല്‍ സൗദിയയ്ക്ക് ഈ റൂട്ടില്‍ മികച്ച പ്രതീക്ഷയാണുള്ളത്

2010ലാണ് വിയന്നയിലേക്കുള്ള സര്‍വീസ് സൗദിയ നിര്‍ത്തിയത്. വ്യോമയാനരംഗത്തെ സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്.

2010ന് ശേഷം വിയന്നയിലേക്ക് വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്-സൗദിയയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍ അല്‍തയെബ് പറഞ്ഞു. വിനോദ, ബിസിനസ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് വിയന്നയെന്നതിനാല്‍ സൗദിയയ്ക്ക് ഈ റൂട്ടില്‍ മികച്ച പ്രതീക്ഷയാണുള്ളത്.

വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോസ്‌കോ, മലഗ, ഇസ്മീര്‍ തുടങ്ങിയിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാന്‍ സൗദി അറേബ്യയുടെ ദേശീയ എയര്‍ലൈനായ സൗദിയ പദ്ധതിയിടുന്നുണ്ട്.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 10 എ320 വിമാനങ്ങളാണ് സൗദിയ വാങ്ങിച്ചത്.

Comments

comments

Categories: Arabia