എണ്ണ ഉല്‍പ്പാദനം കൂടട്ടെ

എണ്ണ ഉല്‍പ്പാദനം കൂടട്ടെ

ഒപെക്ക് ഒരു പക്ഷേ പ്രക്ഷുബ്ദമായേക്കും. എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ കരാര്‍ നീട്ടേണ്ടതില്ലെന്ന് സൗദി പറയുമ്പോള്‍ തീരുമാനം വീറ്റോ ചെയ്യുമെന്നാണ് ഇറാന്റെ ഭീഷണി. ഉല്‍പ്പാദനനിയന്ത്രണം അവസാനിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലത്

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്ക് ജൂണ്‍ 22ന് വിയന്നയില്‍ നിര്‍ണായകമായ യോഗം ചേരുകയാണ്. എണ്ണ വിപണി സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ചേരുന്ന യോഗത്തിന് വളരെയധികം പ്രസക്തിയുണ്ട്. പ്രത്യേകിച്ചും എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയ ഒപെക്ക് കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍. ഈ കരാര്‍ ഇനിയും നീട്ടേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ ഒപെക്കിന് സാധിക്കുമോയെന്നതാണ് പ്രസക്തമായ ചോദ്യം.

എണ്ണ വിലയിലെ വന്‍ ഇടിവിനെ തുടര്‍ന്നാണ് ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാറുമായി ഒപെക്കും പ്രധാന ഒപെക്ക് ഇതര എണ്ണ ഉല്‍പ്പാദനരാജ്യമായ റഷ്യയും മുന്നോട്ടുവന്നത്. 2016ല്‍ ബാരലിന് 43 ഡോളര്‍ എന്ന തലത്തില്‍ നിന്ന് ഇപ്പോള്‍ ബാരലിന് 75 ഡോളര്‍ റേഞ്ചിലേക്ക് എണ്ണ വിപണിയെത്തിയെന്നത് എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാനെടുത്ത തീരുമാനത്തിന്റെ ഫലമാണ്. 18 മാസത്തോളമായി ഒപെക്ക് കരാര്‍ നിലവിലുണ്ട്. അതിനെത്തുടര്‍ന്നാണ് വിപണി സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയത്. എണ്ണ വില ഇടിവില്‍ അറബ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായി കിതപ്പുണ്ടായി. സാമ്പത്തിക സ്രോതസ്സുകളുടെ ഘടന തന്നെ മാറ്റി മറിക്കുന്നതിന് അതവരെ പ്രേരിപ്പിച്ചു.

ഇപ്പോള്‍ വിപണി സ്ഥിരിത കൈവരിക്കുകയാണെന്നും ഇനി ഉല്‍പ്പാദനം നിയന്ത്രിച്ചു നിര്‍ത്തേണ്ട കാര്യമില്ലെന്നുമാണ് ഒപെക്കിലെ പ്രധാനിയായ സൗദിയുടെ നിലപാട്. ഒപെക്കിന് പുറത്താണെങ്കിലും എണ്ണ വിപണിയിലെ ശക്തനായ റഷ്യയും സൗദിയുടെ തീരുമാനത്തിനൊപ്പമാണ്.

അതേസമയം സൗദി അറേബ്യയുടെ പ്രധാന ശത്രുരാജ്യമായ ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത് തങ്ങളോടൊപ്പം വെനെസ്വലയും ഇറാഖും എണ്ണ ഉല്‍പ്പാദനം കൂട്ടാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നാണ്. ഇവര്‍ തീരുമാനം വീറ്റോ ചെയ്യുമെന്നും ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു.

എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ സൗദിയും റഷ്യയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഏകകണ്ഠമായി എല്ലാവരും അംഗീകരിക്കണം. അതല്ല സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനാണ് റഷ്യയുടെയും സൗദിയുടെയും ഭാവമെങ്കില്‍ അത് കരാറിന്റെ ലംഘനമായി തീരും-ഒപെക്കിലെ ഇറാന്റെ പ്രതിനിധി ഹൊസെയ്ന്‍ കാസിംപൂര്‍ പറഞ്ഞു.

വിയന്നയിലെ യോഗം പ്രക്ഷുബ്ദമാകുമെന്നാണ് ഇറാന്‍ പ്രതിനിധിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഉല്‍പ്പാദനിയന്ത്രണം എടുത്ത് മാറ്റിയാല്‍ പെട്ടെന്ന് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദിക്കും റഷ്യക്കും സാധിക്കും. എന്നാല്‍ ഇറാന്‍, വെനെസ്വല പോലുള്ള രാജ്യങ്ങള്‍ക്ക് ഉല്‍പ്പാദന ശേഷി കൂട്ടുകയെന്നത് അത്ര ആയാസകരമായ കാര്യമല്ല. അതാണ് എതിര്‍പ്പിന് കാരണം. എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥയെന്ന സംവിധാനം പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന സൗദി എണ്ണയില്‍ നിന്ന് പരമാവധി ലാഭമുണ്ടാക്കാനുള്ള സാഹചര്യങ്ങളാണ് എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നത്.

24 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ചരിത്രപരമായ കരാറായിരുന്നു എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തിനായി ഒപെക് രൂപപ്പെടുത്തിയത്. എണ്ണ വിപണിയില്‍ സന്തുലിത കൊണ്ടുവരുക ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ കരാറിനായി എന്നത് വസ്തുതയാണ്. ഇതിനെത്തുടര്‍ന്നാണ് ഇനി ഉല്‍പ്പാദനനിയന്ത്രണത്തില്‍ ചില ഇളവുകള്‍ ആകാമെന്ന് സൗദിയും റഷ്യയും വാദിക്കുന്നത്. ദിനംപ്രതി 1.5 മില്ല്യണ്‍ ബാരലിന്റെ വര്‍ധനയെങ്കിലും എണ്ണ ഉല്‍പ്പാദനത്തില്‍ ആകാമെന്നാണ് റഷ്യന്‍ ഊര്‍ജ്ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക്ക് അടുത്തിടെ പറഞ്ഞത്. എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്താന്‍ ഒപെക്ക് രാജ്യങ്ങള്‍ തയാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപെക്ക് യോഗത്തിലേക്ക് ആഗോള എണ്ണ വിപണിയുടെ കണ്ണുകള്‍ ഇനി ചെന്നെത്തുക.

Comments

comments

Categories: Editorial, Slider