പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവര്‍ നവകേരള സൃഷ്ടിയുടെ പങ്കാളികള്‍: മുഖ്യമന്ത്രി

പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവര്‍ നവകേരള സൃഷ്ടിയുടെ പങ്കാളികള്‍: മുഖ്യമന്ത്രി

കെഎസ്എഫ്ഇ പ്രവാസി ചിട്ടി രജിസ്‌ട്രേഷന് തുടക്കമായി

തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവര്‍ നവകേരള സൃഷ്ടിയുടെ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുയായിരുന്നു അദ്ദേഹം.

നല്ലരീതിയില്‍ നാടിനെ സേവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. നാടിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വ്യത്യസ്ത വഴികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കിഫ്ബി ആരംഭിച്ചത്. കിഫ്ബിക്കകത്ത് പണമെത്തിക്കാന്‍ വിവിധ സ്രോതസുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രവാസി ചിട്ടിയുമായി കെഎസ്എഫ്ഇ വരുന്നത്. നമ്മുടെ കരുത്ത് പ്രവാസി സഹോദരങ്ങളാണ്.

പുതിയ കാലത്തും നല്ല രീതിയില്‍ ചിട്ടി നടത്തുന്ന സംസ്ഥാനത്തെ പ്രധാന ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയില്‍ ചിട്ടിയില്‍ ചേരുന്നത് ലളിതമാണ്. സര്‍ക്കാര്‍ ഗ്യാരന്റിയും ഇന്‍ഷുറന്‍സും ലഭിക്കുമെന്നതും പ്രത്യേകതയാണ്. എവിടെയിരുന്നും ലേലത്തില്‍ പങ്കുകൊള്ളാനും ചിട്ടിപിടിക്കാനും കഴിയും.

കിഫ്ബിയുടെ പണം ഉപയോഗിച്ചാണ് തീരദേശ, മലയോര ഹൈവേകള്‍ വരുന്നത്. ഉടന്‍ പണി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത, തിരുവനന്തപുരം-കാസര്‍കോട് റെയില്‍പാതയ്ക്ക് സമാന്തരമായ അതിവേഗ റെയില്‍പാത തുടങ്ങിയവയ്ക്കുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. തങ്ങളുടേതായ പങ്ക് കേരളവികസനത്തില്‍ നിര്‍വഹിക്കാനുള്ള അവസരം വിദേശമലയാളികള്‍ വിനിയോഗിക്കണം. സ്വന്തം സമ്പാദ്യം മിച്ചംവെക്കുന്നതിനൊപ്പം സംസ്ഥാനവികസനവും ഇതിലൂടെ യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ സോഫ്റ്റ്‌വെയറിന്റെയും ഓണ്‍ലൈന്‍ ചിട്ടി രജിസ്‌ട്രേഷന്റെയും ഉദ്ഘാടനം, കെഎസ്എഫ്ഇ പുതിയ ലോഗോ പ്രകാശനം എന്നിവ മുഖ്യമന്ത്രി നിര്‍വഹിച്ചു. പ്രവാസികളായ അഷ്‌റഫ് താമരശേരി, കെ. നവീന്‍കുമാര്‍ എന്നിവരാണ് ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി,കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

comments

Categories: More