സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം ആറായിരത്തിലേറെ കോടി രൂപ: സി എ ജി

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം ആറായിരത്തിലേറെ കോടി രൂപ: സി എ ജി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 6,348.10 കോടി രൂപയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിഡിറ്റിംഗ് ജനറല്‍ (സി.എ.ജി.)റിപ്പോര്‍ട്ട്. ആകെ 130 പൊതുമേഖലാ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ഇതില്‍ 15 എണ്ണം പ്രവര്‍ത്തന രഹിതമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിയമസഭയില്‍ ഇന്ന് സമര്‍പ്പിച്ച 2017 സാമ്പത്തികവര്‍ഷത്തെ പൊതുമോഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

26,463.28 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള വരവ്. ഇത് ജിഡിപിയുടെ 4.04 ശതമാനമാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 45 എണ്ണം 382.84 കോടി രൂപ ലാഭമുണ്ടാക്കിയപ്പോള്‍ 64 എണ്ണം 2,216.01 കോടി രൂപ നഷ്ടം വരുത്തി. മൂന്ന് സ്ഥാപനങ്ങള്‍ ലാഭമോ നഷ്ടമോ വരുത്തിയിട്ടില്ല.

അതേസമയം, നാലു പൊതുമേഖലസ്ഥാപനങ്ങള്‍ ഇതേവരെ ഒരുവാര്‍ഷികകണക്കു പോലും സമര്‍പ്പിച്ചിട്ടില്ല. ലാഭത്തില്‍ പതിവുപോലെ ബിവറേജസ് കോര്‍പ്പറേഷനാണ് മുന്നില്‍. നഷ്ടത്തില്‍ കെഎസ്ആര്‍ടിസിയും. കെ.എസ്.എഫ.ഇ, സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷന്‍, എന്നിവയാണ്  പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. കെ.എസ്.ഇ.ബിയും സിവില്‍ സപ്ലൈസുമാണ് നഷ്ടത്തില്‍ കെഎസ്ആര്‍ടിസിക്കുതൊട്ടു പിന്നില്‍ നില്‍ക്കുന്നത്.

മലബാര്‍ സിമെന്റ്‌സില്‍ അസംസ്‌കൃതവസ്തുക്കളുടെ പര്‍ച്ചേസ് സുതാര്യമായല്ല നടന്നതെന്ന് സിഎജി കണ്ടെത്തി. ഇ ടെന്‍ഡറും ദര്‍ഘാസും വ്യവസ്ഥ പാലിക്കാതെയാണ് നടന്നത്. ഗുണമേന്മ ഉറപ്പാക്കാതെയാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്നും കല്‍ക്കരി കൃത്യമായി ലഭ്യമല്ലാത്തതിനാല്‍ ഫാക്ടറി രണ്ടുമാസത്തോളം അടച്ചിട്ടതുവഴി കോടികളുടെ നഷ്ടം സംഭവിച്ചെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കയര്‍, കൈത്തറി മേഖലകളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടക്കുന്നില്ല. 2008 ലെ കയര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതേവരെ നടപ്പിലാക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ യന്ത്രവല്‍ക്കരണവും ആധുനികവത്ക്കരണവും നടക്കുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പിക്കാന്‍ കഴിയാത്തതുമൂലം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നത് കയര്‍ ഉല്‍പ്പന്നങ്ങളെ വിപണിയില്‍ കുറഞ്ഞ മത്സരക്ഷമത ഉള്ളതാക്കി.

വ്യവസായവികസനത്തിന് വേണ്ടി കണ്ടെത്തിയ 1320 ഏക്കര്‍ ഭൂമി സ്വന്തം മാനദണ്ഡങ്ങള്‍ക്കും 2008-ലെ നെല്‍വയല്‍തണ്ണീര്‍തടസംരക്ഷണ നിയമപ്രകാരവുമല്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ ഗവണ്‍മെന്റ് നിര്‍ത്തിവെപ്പിച്ചു. മാത്രവുമല്ല 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഏറ്റെടുത്ത 233.62 ഏക്കര്‍ ഭൂമിയുടെ വികസനം ഇതേവരെ പൂര്‍ത്തിയാകാത്തതും ഈ മേഖലക്ക് തിരിച്ചടിയായി. വ്യവസായങ്ങള്‍ക്കായിഏറ്റെടുത്ത 1779.18 ഏക്കര്‍ ഭൂമിയില്‍ ഉല്‍പാദനം തുടങ്ങാത്തതുമൂലം 215.66 ഏക്കര്‍ സ്ഥലം ഇപ്പോഴും വെറുതെ കിടക്കുകയാണ്. വ്യവസായ പാര്‍ക്കിലെ പൊതുചെലവുകള്‍ മുഴുവന്‍ വരാനിരിക്കുന്ന പാട്ടക്കാര്‍ക്കായി നീക്കിവെച്ചതുമൂലം പാട്ട തുക ഒരു ഏക്കറിന് 32.26 ലക്ഷം രൂപയായി ഉയര്‍ന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അക്കൗണ്ടന്റ് ജനറല്‍മാരായ ജി. സുധര്‍മിണി, എസ്. സുനില്‍രാജ്, കെ.പി. ആനന്ദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

 

 

Comments

comments