കാവസാക്കി നിന്‍ജ 300 മോട്ടോര്‍സൈക്കിളിന് വില കുറയും

കാവസാക്കി നിന്‍ജ 300 മോട്ടോര്‍സൈക്കിളിന് വില കുറയും

ഒരു ലക്ഷത്തോളം രൂപ വില കുറഞ്ഞേക്കും ; ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കഴിയുന്ന ഇരട്ട സിലിണ്ടര്‍ മോട്ടോര്‍സൈക്കിളായി നിന്‍ജ 300 മാറും

ന്യൂഡെല്‍ഹി : നിന്‍ജ 300 മോട്ടോര്‍സൈക്കിളിന്റെ വില കാവസാക്കി വൈകാതെ കുറയ്ക്കും. മോട്ടോര്‍സൈക്കിളിനായി ലോക്കലൈസേഷന്‍ വര്‍ധിപ്പിക്കാനാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം. അതോടെ കെടിഎം ആര്‍സി 390, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 എന്നീ എതിരാളികളുടെ വിലയുടെ അടുത്തെത്താന്‍ നിന്‍ജ 300 മോട്ടോര്‍സൈക്കിളിന് കഴിയും.

മാത്രമല്ല, അതോടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കഴിയുന്ന ഇരട്ട സിലിണ്ടര്‍ മോട്ടോര്‍സൈക്കിളായി കാവസാക്കി നിന്‍ജ 300 മാറും. നിലവില്‍ 3.6 ലക്ഷം രൂപയാണ് കാവസാക്കി നിന്‍ജ 300 മോട്ടോര്‍സൈക്കിളിന് എക്‌സ് ഷോറൂം വില. ഇത് 2.6 ലക്ഷം രൂപയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബോഡിവര്‍ക്ക്, ലൈറ്റിംഗ് സംവിധാനം, ബാറ്ററി, വീലുകള്‍, ടയറുകള്‍ എന്നിവയെല്ലാം ഇന്ത്യന്‍ കമ്പനികളില്‍നിന്ന് വാങ്ങാനാണ് കാവസാക്കിയുടെ തീരുമാനം. 2019 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ 125 സിസിക്കും അതിന് മുകളിലും എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ കാവസാക്കി നിന്‍ജ 300 ല്‍ എബിഎസ് നല്‍കുമെന്ന് ഉറപ്പിക്കാം.

296 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് കാവസാക്കി നിന്‍ജ 300 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. സ്ലിപ്പര്‍ ക്ലച്ച് ഉണ്ടായിരിക്കും. ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 39 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും.

ബോഡിവര്‍ക്ക്, ലൈറ്റിംഗ് സംവിധാനം, ബാറ്ററി, വീലുകള്‍, ടയറുകള്‍ എന്നിവയ്ക്കായി ഇന്ത്യന്‍ കമ്പനികളെ സമീപിക്കാനാണ് കാവസാക്കിയുടെ തീരുമാനം

വരുന്ന ഉത്സവ സീസണില്‍ കുറഞ്ഞ വിലയിലുള്ള കാവസാക്കി നിന്‍ജ 300 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്തിറങ്ങിയാല്‍ പുതിയ നിന്‍ജ 300 കൂടുതല്‍ യുവാക്കളെ പ്രലോഭിപ്പിക്കും. ഉയര്‍ന്ന വിലയാണ് നിലവില്‍ ബൈക്കിന്റെ വില്‍പ്പന ഇഴയുന്നതിന് പ്രധാന കാരണം.

Comments

comments

Categories: Auto