ജീപ്പ് കോംപസ് ബെഡ്‌റോക്ക് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ജീപ്പ് കോംപസ് ബെഡ്‌റോക്ക് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 17.53 ലക്ഷം രൂപ

ന്യൂഡെല്‍ഹി : കോംപസ് എസ്‌യുവിയുടെ ബെഡ്‌റോക്ക് എന്ന സ്‌പെഷല്‍ എഡിഷന്‍ ജീപ്പ് ഇന്ത്യ പുറത്തിറക്കി. 25,000 യൂണിറ്റ് കോംപസ് എസ്‌യുവി വിറ്റുപോയതിന്റെ ആഘോഷമെന്ന നിലയിലാണ് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിച്ചത്. എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് കോംപസ് ബെഡ്‌റോക്ക് വരുന്നത്.

കോംപസിന്റെ ‘സ്‌പോര്‍ട്’ ട്രിമ്മില്‍ ബെഡ്‌റോക്ക് എഡിഷന്‍ ലഭിക്കും. 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ചേര്‍ത്തിരിക്കുന്നത്. 2 വീല്‍ ഡ്രൈവ് വാഹനത്തിന് 17.53 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, 16 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകള്‍, സൈഡ് സ്‌റ്റെപ്പ്, ബെഡ്‌റോക്ക് ബ്രാന്‍ഡില്‍ സീറ്റ് കവറുകള്‍, ബ്ലാക്ക് റൂഫ് റെയിലുകള്‍, പ്രീമിയം ഫ്‌ളോര്‍ മാറ്റുകള്‍, ബെഡ്‌റോക്ക് ഡീകാളുകള്‍, ബെഡ്‌റോക്ക് മോണോഗ്രാം എന്നിവ ജീപ്പ് കോംപസ് ബെഡ്‌റോക്ക് ലിമിറ്റഡ് എഡിഷന്റെ സവിശേഷതകളാണ്. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രേ, എക്‌സോട്ടിക്ക റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ കോംപസ് ബെഡ്‌റോക്ക് ലഭിക്കും.

25,000 യൂണിറ്റ് കോംപസ് എസ്‌യുവി വിറ്റുപോയതിന്റെ ആഘോഷം. കോംപസിന്റെ ‘സ്‌പോര്‍ട്’ ട്രിമ്മില്‍ ബെഡ്‌റോക്ക് എഡിഷന്‍ ലഭിക്കും

ഇന്ത്യയിലെ വില്‍പ്പന കൂടാതെ എട്ടായിരത്തിലധികം കോംപസ് എസ്‌യുവികള്‍ ജീപ്പ് ഇന്ത്യ ഇതിനകം കയറ്റുമതി ചെയ്തു. ജപ്പാന്‍, ഓസ്‌ട്രേലിയ, യുകെ, അയര്‍ലാന്‍ഡ് തുടങ്ങി ഏഴ് വിപണികള്‍ കയറ്റുമതി രാജ്യങ്ങളില്‍പ്പെടും. ജീപ്പ് കോംപസ് തങ്ങളുടെ അഭിമാന വാഹനമാണെന്ന് എഫ്‌സിഎ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ കെവിന്‍ ഫ്‌ളിന്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ, അവസാന പന്ത്രണ്ട് മാസത്തില്‍ ജീപ്പ് കോംപസിലൂടെ മികച്ച വില്‍പ്പന കരസ്ഥമാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.

Comments

comments

Categories: Auto