ആഗോള ബിസിനസ് പുന:സംഘടിപ്പിച്ചു ; ഇന്ത്യയും യുഎസ്സും യൂറോപ്പും ഹ്യുണ്ടായുടെ മേഖലാ ആസ്ഥാനങ്ങള്‍

ആഗോള ബിസിനസ് പുന:സംഘടിപ്പിച്ചു ; ഇന്ത്യയും യുഎസ്സും യൂറോപ്പും ഹ്യുണ്ടായുടെ മേഖലാ ആസ്ഥാനങ്ങള്‍

യങ് കീ കൂ ആയിരിക്കും ഇന്ത്യ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ തലവന്‍

സോള്‍ : അന്തര്‍ദേശീയ ബിസിനസ് പുന:സംഘടിപ്പിക്കുന്നതായി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയും യുഎസ്സും യൂറോപ്പും ഇനി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ മേഖലാ ആസ്ഥാനങ്ങളായിരിക്കും. ഹ്യുണ്ടായ് മോട്ടോര്‍ നോര്‍ത്ത് അമേരിക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഹ്യുണ്ടായ് മോട്ടോര്‍ യൂറോപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവ ജൂലൈ രണ്ടിന് നിലവില്‍ വരും. സുസ്ഥിര വളര്‍ച്ചയ്ക്കും ഇന്നൊവേഷനുമായി പുതിയ മേഖലാ ആസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി പ്രസ്താവിച്ചു. ഉല്‍പ്പന്ന ആസൂത്രണം, ഉല്‍പ്പാദനം, വിപണനം, വില്‍പ്പന തുടങ്ങി സകല കാര്യങ്ങളിലും മേഖലാ ആസ്ഥാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതായി വരും. വിപണിയിലെ മാറിവരുന്ന പ്രവണതകളും ഉപഭോക്തൃ ആവശ്യങ്ങളും മനസ്സിലാക്കുന്നതില്‍ വീഴ്ച്ച സംഭവിക്കാന്‍ പാടില്ല.

ഈ മൂന്ന് പ്രധാന വിപണികള്‍ കൂടാതെ 2019 ഓടെ ഹ്യുണ്ടായ് മോട്ടോര്‍ കൂടുതല്‍ മേഖലാ ആസ്ഥാനങ്ങള്‍ പ്രഖ്യാപിക്കും. സോളില്‍ പ്രവര്‍ത്തിക്കുന്ന ഹ്യുണ്ടായ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ പുന:സംഘടിപ്പിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍ ഇവിടെ തുടരും. ഗ്ലോബല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ ചുമതല നിര്‍വ്വഹിക്കുന്നതിന് നിലവിലെ ഹ്യുണ്ടായ് പ്രസിഡന്റ് ഹ്യുങ്-ചിയോങ് കിമ്മിന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഉദ്യോഗക്കയറ്റം നല്‍കും. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ യങ് കീ കൂ ആയിരിക്കും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ തലവന്‍. പുതിയ ഇന്ത്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്ത്യന്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സ്, യൂറോപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ഇന്ത്യ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എന്നിവ ജൂലൈ രണ്ടിന് നിലവില്‍ വരും

അലബാമയിലെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ഉള്‍പ്പെടെയുള്ള ഫസിലിറ്റികളുടെയും യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് സെയില്‍സ് യൂണിറ്റുകളുടെയും ചുമതല ഹ്യുണ്ടായ് മോട്ടോര്‍ നോര്‍ത്ത് അമേരിക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഏറ്റെടുക്കും. അമേരിക്കാസ് (വടക്കന്‍, തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍) വിപണികളിലേക്കുള്ള ഹ്യുണ്ടായുടെ പ്രൊഡക്ഷന്‍ ഹബ്ബാണ് അലബാമ പ്ലാന്റ്. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യോങ്-വൂ ലീ ആയിരിക്കും ഹ്യുണ്ടായ് മോട്ടോര്‍ നോര്‍ത്ത് അമേരിക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സ് മേധാവി. നിലവിലെ ഹ്യുണ്ടായ് ബ്രസീല്‍ മേധാവി സ്ഥാനം അദ്ദേഹം ഒഴിയും. ചെക്ക് റിപ്പബ്ലിക് വിപണി, തുര്‍ക്കിയിലെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് തുടങ്ങിയവ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് കീഴില്‍ വരും. സോളിലെ യൂറോപ്യന്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍ തലവനായ ഡോങ്-വൂ ചോയി നേതൃത്വം നല്‍കും. ഇദ്ദേഹത്തിന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Auto