ഉള്ളിലെ അഗ്‌നി ജ്വലിച്ചു നില്‍ക്കട്ടെ

ഉള്ളിലെ അഗ്‌നി ജ്വലിച്ചു നില്‍ക്കട്ടെ

നാം മനസ്സാല്‍ തീര്‍ക്കുന്ന മതില്‍ ഭേദിക്കാന്‍ പ്രതിബന്ധങ്ങള്‍ക്ക് ആവില്ല. ജീവിതത്തിലെ പ്രശ്‌നങ്ങളും തടസ്സങ്ങളും അതിജീവിക്കുവാന്‍ നാം ഓരോരുത്തരും കഴിവുള്ളവരാണ്. എന്തിനേയും നേരിടാന്‍ ശക്തരായിട്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. നാം അത് തിരിച്ചറിയണം എന്ന് മാത്രം.

രണ്ട് മുക്കുവര്‍ കടലില്‍ മീന്‍ പിടിക്കുകയായിരുന്നു. ഇരുട്ടായി തുടങ്ങി. പെട്ടെന്നാണ് ആകാശത്തിന്റെ നിറം മാറിയത്. കാര്‍മേഘങ്ങളെക്കൊണ്ട് ആകാശം നിറഞ്ഞു. അതിശക്തമായ മഴ തുടങ്ങി. കൂടെ ആഞ്ഞടിക്കുന്ന കാറ്റും. വഞ്ചി മറിഞ്ഞ് രണ്ടുപേരും കടലിലേക്ക് വീണു. ശക്തമായ മഴയും ഇരുട്ടും തന്നെ ചുറ്റും. കണ്ണുപോലും കാണുന്നില്ല.

തങ്ങള്‍ വെള്ളത്തില്‍ മുങ്ങി മരിക്കും എന്ന് രണ്ടുപേര്‍ക്കും ഉറപ്പായി. നീന്തല്‍ അറിയാമെങ്കിലും അധിക നേരം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. എങ്കിലും അതിലൊരാള്‍ പ്രതീക്ഷ കൈവിടാതെ അലറി വിളിച്ചു കൊണ്ടിരുന്നു. ആരെങ്കിലും രക്ഷപ്പെടുത്താന്‍ വന്നാലോ എന്നയാള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഒച്ചവെക്കുന്നയാള്‍ വിഡ്ഢിത്തം ആണ് ചെയ്യുന്നത് എന്നാണ് അപരന് തോന്നിയത്. ഈ കനത്ത മഴയില്‍, ഇരുട്ടില്‍, തങ്ങളെ രക്ഷിക്കാന്‍ ആരു വരാന്‍! തണുപ്പ് സിരകളില്‍ അരിച്ച് കയറുന്നു. അത് മരണത്തിന്റെ തണുപ്പാണ് എന്നോര്‍ത്ത് അയാള്‍ വിറകൊണ്ടു.

എന്നാല്‍ ഭാഗ്യത്തിന് അവര്‍ക്ക് അടുത്തുകൂടി പോയ ഒരു ബോട്ടിലെ യാത്രികര്‍ മുക്കുവന്റെ നേര്‍ത്ത കരച്ചില്‍ കേട്ടു. അര്‍ദ്ധ പ്രാണരായ മുക്കുവരെ അവര്‍ രക്ഷപ്പെടുത്തി. അലറിക്കരഞ്ഞ മുക്കുവനോട് കൂട്ടുകാരന്‍ പറഞ്ഞു ”നിന്റെ കരച്ചിലാണ് നമ്മളെ രക്ഷപ്പെടുത്തിയത്. ആ നശിച്ച മഴയത്തും കാറ്റിലും ആരും കേള്‍ക്കില്ല എന്ന് അറിയാമായിരുന്നിട്ടും നീ എന്തിനാണ് അലറി വിളിച്ചത്? അങ്ങിനെ പ്രതീക്ഷിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്താണ്?’

”ആ സമയത്ത് അതല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യുവാനുണ്ടായിരുന്നില്ലല്ലോ? കീഴടങ്ങുന്നതിന് മുന്‍പ് ചെയ്യുവാനുള്ളത് ചെയ്യുക എന്നതേ ചിന്തിച്ചുള്ളൂ” കൂട്ടുകാരന്‍ മറുപടി പറഞ്ഞു.

മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ കീഴടങ്ങണോ അതോ അതിനോട് പോരാടണോ എന്നത് നമ്മുടെ തീരുമാനമാണ്. മരണം മാത്രമല്ല ജീവിതത്തിലെ ഓരോ പ്രതിസന്ധികളും ഇത്തരത്തിലുള്ളതാണ്. ഒന്നുകില്‍ നമുക്ക് പോരാടാം അല്ലെങ്കില്‍ നിരുപാധികം കീഴടങ്ങാം. നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതം മാറ്റിമറിക്കുന്നത്.

ലയണല്‍ മെസ്സി എന്ന വിശ്വോത്തര ഫുട്‌ബോളറെ നാം അറിയും. ആ മാന്ത്രികക്കാലുകളുടെ ഓരോ ചലനവും നമ്മെ ത്രസിപ്പിക്കും. വായില്‍ സ്വര്‍ണ കരണ്ടിയുമായി പിറന്ന് വീണ് ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് വെറുതെ എടുത്തുയര്‍ത്തപ്പെട്ട അവതാരമല്ല മെസ്സി. നാം അറിയാത്ത ഒരു പോരാട്ടത്തിന്റെ കഥ ആ യാത്രക്കുണ്ട്.

പതിനൊന്നാം വയസ്സിലാണ് ആ നടുക്കുന്ന സത്യം മെസ്സിയും മറ്റുള്ളവരും മനസ്സിലാക്കുന്നത്. മെസ്സിയുടെ ശരീരത്തില്‍ വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണ്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം. ഒപ്പമുള്ള കൂട്ടുകാര്‍ ശരീര വളര്‍ച്ച നേടുമ്പോഴും മെസ്സി എന്ന ബാലന്‍ വളരുന്നില്ല. ഫുട്‌ബോളര്‍ ആകുക എന്ന സ്വപ്നം അസ്തമിക്കുകയാണ്. ശരീരം നല്‍കാത്ത ഹോര്‍മോണ്‍ പുറത്ത് നിന്നും കുത്തിവെക്കുക മാത്രമാണ് പോംവഴി . അങ്ങിനെ ആ ചികിത്സ ആരംഭിച്ചു. മെസ്സി പറയുന്നത് കേള്‍ക്കുക.

”എല്ലാ ദിവസവും ഉറങ്ങാന്‍ പോകുമ്പോള്‍ എന്റെ കാലില്‍ ഒരു കുത്തിവെപ്പെടുക്കണമായിരുന്നു. ആഴ്ചയിലെ എല്ലാദിവസങ്ങളിലും മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി,” അതൊരു പോരാട്ടമായിരുന്നു. വളരാതിരുന്ന തന്റെ ശരീരത്തെ വളര്‍ത്താനുള്ള പോരാട്ടം. ഒരു ഫുട്‌ബോളര്‍ ആകുക എന്ന അദമ്യമായ ആഗ്രഹ സാക്ഷാത്കാരത്തിനായുള്ള പോരാട്ടം. ആ പോരാട്ടത്തിനൊടുവിലാണ് നാം ഇന്ന് കാണുന്ന ലയണല്‍ മെസ്സി പിറന്നത്.

തന്നെ തേടി പലതവണ വന്ന മരണത്തെ ചിരിച്ച് തോല്‍പ്പിച്ചു ലീലാ മേനോന്‍. കാന്‍സര്‍ എന്ന രാക്ഷസനെ അപാരമായ മനഃശക്തികൊണ്ട് കീഴടക്കിയ ആ ഉരുക്ക് വനിത കൂടുതല്‍ കരുത്തയായി ജീവിതത്തിലേക്ക് തിരിച്ച് വന്നു. ഒരിക്കലും കീഴടങ്ങാത്ത പോരാട്ടവീര്യം. മനുഷ്യന്റെ മനക്കരുത്തിന് മുന്‍പില്‍ മരണം പോലും തോറ്റുപോകും എന്നത് ലീലാ മേനോന്‍ തെളിയിച്ചു.

പ്രതിബന്ധങ്ങള്‍ക്ക് മുന്‍പില്‍ നാം മനസ്സാല്‍ തീര്‍ക്കുന്ന മതില്‍ ഭേദിക്കാന്‍ അവയ്ക്കാവില്ല. ജീവിതത്തിലെ ഓരോ പ്രശ്‌നങ്ങളും തടസ്സങ്ങളും അതിജീവിക്കുവാന്‍ നാം ഓരോരുത്തരും കഴിവുള്ളവരാണ്. ഭൂമിയിലെ ഒരു ജീവിക്കും എടുത്ത് പൊക്കാന്‍ കഴിയാത്ത വാല്‍ ദൈവം നല്‍കിയിട്ടില്ല. എന്തിനേയും നേരിടാന്‍ ശക്തരായിട്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. നാം അത് തിരിച്ചറിയണം എന്ന് മാത്രം.

നമുക്കുള്ളിലെ അഗ്‌നി ജ്വലിച്ചു തന്നെ നില്‍ക്കട്ടെ.

Comments

comments

Categories: FK Special, Slider