ഡ്രൂം 400 കോടി രൂപ ചെലവഴിക്കും

ഡ്രൂം 400 കോടി രൂപ ചെലവഴിക്കും

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഓട്ടോമൊബീല്‍ വിപണിയായ ഡ്രൂം മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കാന്‍ തീരുമാനിച്ചു. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 400 കോടി രൂപയാണ് ഇതിനായി കമ്പനി അനുവദിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം 225 കോടി രൂപയാണ് മാര്‍ക്കറ്റിംഗിനായി ഡ്രൂം ചെലവഴിച്ചത്. 75 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

മൊത്ത മാര്‍ക്കറ്റിംഗ് ബജറ്റില്‍ 150 കോടി രൂപ ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗിനാണ്. 150 കോടി രൂപ മറ്റ് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും അനുവദിച്ചു. 50 കോടി രൂപ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനും അവര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനുമായുള്ള ഇടപാടുകള്‍ക്കും പ്രൊമോഷനുകള്‍ക്കും വേണ്ടിയാണ് ബാക്കി 50 കോടി രൂപ പ്രയോജനപ്പെടുത്തുകയെന്ന് കമ്പനി അറിയിച്ചു.

മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കാനുള്ള തീരുമാനം കമ്പനിയുടെ നിലവിലെ ഓണ്‍ലൈന്‍ ബിസിനസിന് ശക്തി പകരുമെന്നും കൂടുതല്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ നേടുന്നതിനായി രണ്ടാംനിര മൂന്നാംനിര നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ പദ്ധതിയുണ്ടെന്നും സ്ഥാപകന്‍ സന്ദീപ് അഗര്‍വാള്‍ പറഞ്ഞു. വാര്‍ഷിക വില്‍പ്പന ഇരട്ടിയാക്കാനും ഈ വര്‍ഷം അവസാനത്തോടെ മൊത്ത വ്യാപാര മൂല്യം 4,000 കോടി രൂപയില്‍ നിന്ന് 8,000 കോടി രൂപയാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നുണ്ട്. അടുത്ത വര്‍ഷം മൊത്ത വ്യാപാര മൂല്യം 18,000 കോടി രൂപയാക്കാമെന്നാണ് പ്രതീക്ഷ. മാര്‍ക്കറ്റിംഗ് ബജറ്റ് വര്‍ധിപ്പിക്കുന്നതിലൂടെ ഈ വര്‍ഷം 275 കോടി രൂപയുടെ മൊത്ത വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്. മികച്ച ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് ഡ്രൂം സാന്നിധ്യം വിപുലീകരിക്കുകയും ശരിയായ ഉപഭോക്ത്യ അടിത്തറ നിര്‍മിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ടൊയോട്ട സുഷോ കോര്‍പ്പറേഷന്‍, ടോക്കിയോ ആസ്ഥാനമായ ഇന്‍ക്യുബേറ്റര്‍ ഡിജിറ്റല്‍ ഗാരേജ് എന്നിവരില്‍ നിന്ന് 30 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഡ്രൂം നേടിയിരുന്നു. ലൈറ്റ്‌ബോക്‌സ്, ബീനെസ്റ്റ്, ബീനോസ്, ഇന്റഗ്രേറ്റഡ് അസറ്റ്‌സ് മാനേജ്‌മെന്റ് തുടങ്ങിയവരാണ് കമ്പനിയുടെ മറ്റ് നിക്ഷേപകര്‍.

Comments

comments

Categories: Business & Economy