എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന തല്‍ക്കാലമില്ല

എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന തല്‍ക്കാലമില്ല

കമ്പനിയുടെ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായം ഉടന്‍ നല്‍കും

ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുന്നു. താല്‍ക്കാലം എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. കമ്പനിയുടെ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായം കേന്ദ്രം ഉടന്‍ നല്‍കുമെന്നും ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പുതിയ എയര്‍ക്രാഫ്റ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് എയര്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്ക്കു വെക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ധനമന്ത്രാലായത്തിന്റെ താല്‍ക്കാലിക ചുമതല വഹിച്ച കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍, കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു, ഗാതഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡ്കരി, ധന, വ്യോമയാന മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്താന്‍ നേരത്തെ നീക്കം നടത്തിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പാലിച്ച് കമ്പനി ഏറ്റെടുക്കാന്‍ ആളെത്താത്തതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 31നായിരുന്നു എയര്‍ ഇന്ത്യ വാങ്ങുന്നതിന് താല്‍പ്പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി. 5.000 കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.

വ്യവസ്ഥകളില്‍ മാറ്റം വരുത്തി ഓഹരികള്‍ വിറ്റഴിച്ചാലും എയര്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിലയിരുത്തല്‍. പ്രവര്‍ത്തന ലാഭം നേടാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ തല്‍ക്കാലം തിരക്കുപിടിച്ച് ഓഹരി വില്‍പ്പന നടത്തേണ്ട ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തിയത്.

ലിസ്റ്റ് ചെയ്യുന്നതിനുമുന്നോടിയായി കമ്പനി മൊത്തമായി വാര്‍ഷിക ലാഭം നേടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. ഒരു കമ്പനി ലിസ്റ്റ് ചെയ്യുന്നതിനുമുന്‍പ് ചില വ്യവസ്ഥകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. സെബി മാനദണ്ഡങ്ങള്‍ അനുസസരിച്ച് ഒരു കമ്പനി ലിസ്റ്റ് ചെയ്യുന്നതിന് മുന്‍പുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും ലാഭം നേടിയിരിക്കണം.

Comments

comments

Categories: Slider, Top Stories