ഭാഗ്യം തേടിയെത്തി; മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ലോകകപ്പ് മത്സരത്തിന്റെ ഭാഗമാകാന്‍ അവസരം

ഭാഗ്യം തേടിയെത്തി; മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ലോകകപ്പ് മത്സരത്തിന്റെ ഭാഗമാകാന്‍ അവസരം

ജലന്ധര്‍: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന റഷ്യയിലേക്ക് പോകാന്‍ ആരുമൊന്നു കൊതിക്കും. പഞ്ചാബിലെ മൂന്ന് പെണ്‍കുട്ടികള്‍ക്കിതാ കളി കാണാനല്ല, മത്സരത്തിന്റെ ഭാഗമാകാനാണ് അവസരം ലഭിച്ചിരിക്കുന്നത്.

പഞ്ചാബിലെ റൂര്‍ക്ക കലന്‍ സ്വദേശിയായ ജസ്പ്രീത് കൗര്‍, സോണിയ റാണി, ബാല്‍ജിന്ദര്‍ കൗര്‍ എന്നീ പെണ്‍കുട്ടികളെയാണ് ഫിഫ റഷ്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ജസ്പ്രീത് കൗര്‍ ഫെസിലിറ്റേറ്ററായാണ് റഷ്യയിലെത്തുന്നത്. ഏഷ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ഫെസിലിറ്റേറ്ററാണ് ജസ്പ്രീത്. മറ്റ് രണ്ട് പേരെയും നേതൃനിരയിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അവരുടെ 15 ദിവസത്തെ ടൂറില്‍ റഷ്യയില്‍ സംഘടിപ്പിക്കുന്ന കായികാഭ്യാസവും യുവജനങ്ങളുടെ വികസനവും എന്ന വിഷയത്തില്‍ സെമിനാറുകളില്‍ പങ്കെടുക്കും.

ഫിഫ ഫൗണ്ടെഷന്‍ ഫെസ്റ്റിവല്‍ വഴിയാണ് ഇവര്‍ക്ക് റഷ്യയിലേക്ക് ക്ഷണം ലഭിച്ചത്. 18 വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ള 200ഓളം കായികതാരങ്ങള്‍ക്കായി ഫിഫ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി യൂത്ത് ഫുട്‌ബോള്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന പെണ്‍കുട്ടികളുടെ മികച്ച പ്രകടനമാണ് ഇവരെ തെരഞ്ഞെടുക്കാന്‍ കാരണമായത്. ഫുട്‌ബോള്‍ ഫോര്‍ ഹോപ് എന്ന പേരില്‍ വനിതാ കളിക്കാരെ അക്കാദമി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പരിശീലനം നല്‍കിയ ഗ്രൂപ്പില്‍ നിന്നും ഫിഫ ആറ് ഫെസിലിറ്റേറ്റര്‍മാരെയും, 48 ഡെലിഗേഷന്‍ ലീഡര്‍മാരെയും, 58 യുവ ലീഡര്‍മാരെയുമാണ് തെരഞ്ഞെടുത്തത്.

 

Comments

comments

Categories: FK News, Motivation, Women