2018 കാവസാക്കി ഇസഡ്എക്‌സ്-10ആര്‍ ബുക്കിംഗ് ആരംഭിച്ചു

2018 കാവസാക്കി ഇസഡ്എക്‌സ്-10ആര്‍ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കഴിയുന്ന ലിറ്റര്‍ ക്ലാസ് സൂപ്പര്‍ബൈക്ക് ആയിരിക്കും ; പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില 13.5 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2018 മോഡല്‍ കാവസാക്കി നിന്‍ജ ഇസഡ്എക്‌സ്-10ആര്‍ സൂപ്പര്‍ബൈക്കിന്റെ ബുക്കിംഗ് ഔദ്യോഗികമായി സ്വീകരിച്ചുതുടങ്ങി. ഒരു ലക്ഷം മുതല്‍ 2.5 ലക്ഷം രൂപ വരെ നല്‍കി ഇന്ത്യയിലെ കാവസാക്കി ഷോറൂമുകളില്‍ ബുക്കിംഗ് നടത്താം. ജാപ്പനീസ് സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കള്‍ വരും ആഴ്ച്ചയില്‍ ബൈക്കിന്റെ യഥാര്‍ത്ഥ വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ അവസാനത്തോടെ ഡെലിവറി ആരംഭിക്കും. പുണെയ്ക്കു സമീപം കാവസാക്കിയുടെ ചാകണ്‍ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുമെന്നതാണ് 2018 മോഡല്‍ നിന്‍ജ ഇസഡ്എക്‌സ്-10ആറിനെ ശ്രദ്ധേയമാക്കുന്നത്. ജപ്പാനില്‍നിന്ന് നേരിട്ട് പുതിയ സികെഡി കിറ്റുകള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോടെ, മറ്റ് വാഹന നിര്‍മ്മാതാക്കളുടെ സമാന മോഡലുകളേക്കാള്‍ ഇസഡ്എക്‌സ്-10ആറിന് ഇന്ത്യയില്‍ വില കുറയും.

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാവസാക്കി നിന്‍ജ ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിന് (പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ചശേഷം ഇറക്കുമതി ചെയ്തത്) 18.8 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോടെ വില 13.5 ലക്ഷം രൂപയായി (എക്‌സ് ഷോറൂം) കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ കഴിയുന്ന ലിറ്റര്‍ ക്ലാസ് (1000 സിസി) സൂപ്പര്‍ബൈക്കായി കാവസാക്കി നിന്‍ജ ഇസഡ്എക്‌സ്-10ആര്‍ മാറും. നിലവില്‍ 14.78 ലക്ഷം രൂപയില്‍ വില്‍ക്കുന്ന 2018 ഹോണ്ട സിബിആര്‍1000ആര്‍ആര്‍ മോട്ടോര്‍സൈക്കിളില്‍നിന്നാണ് നിന്‍ജ ഇസഡ്എക്‌സ്-10ആര്‍ ബാറ്റണ്‍ ഏറ്റുവാങ്ങുന്നത്.

ചാകണ്‍ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വിലയേറിയ കാവസാക്കി മോട്ടോര്‍സൈക്കിളായിരിക്കും പുതിയ നിന്‍ജ ഇസഡ്എക്‌സ്-10ആര്‍

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും വിലയേറിയ കാവസാക്കി മോട്ടോര്‍സൈക്കിളായിരിക്കും പുതിയ നിന്‍ജ ഇസഡ്എക്‌സ്-10ആര്‍. 998 സിസി, ഇന്‍-ലൈന്‍ 4 മോട്ടോറാണ് 2018 കാവസാക്കി നിന്‍ജ ഇസസ്എക്‌സ്-10ആറിന് കരുത്തേകുന്നത്. 13,000 ആര്‍പിഎമ്മില്‍ 220 എച്ച്പി കരുത്തും 11,500 ആര്‍പിഎമ്മില്‍ 113.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എന്‍ജിന് കഴിയും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ക്വിക്ക് ഷിഫ്റ്റര്‍ സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്. ട്രാക്ഷന്‍ കണ്‍ട്രോള്‍ (എസ്-കെടിആര്‍സി), മള്‍ട്ടി ലെവല്‍ പവര്‍ മോഡുകള്‍, ലോഞ്ച് കണ്‍ട്രോള്‍ (കെഎല്‍സിഎം), എബിഎസ് കണ്‍ട്രോള്‍ (കിബ്‌സ്), കോര്‍ണറിംഗ് മാനേജ്‌മെന്റ് (കെസിഎംഎഫ്), എന്‍ജിന്‍ ബ്രേക്കിംഗ് ഫംഗ്ഷന്‍ (കെഇബിസി) എന്നിവയാണ് ഫീച്ചറുകള്‍. ഇവയെല്ലാം ഇനേര്‍ഷ്യല്‍ മെഷറിംഗ് യൂണിറ്റിനാല്‍ (ഐഎംയു) നിയന്ത്രിക്കപ്പെടും.

Comments

comments

Categories: Auto