ജലം ശുദ്ധീകരിക്കാനും മുരിങ്ങ

ജലം ശുദ്ധീകരിക്കാനും മുരിങ്ങ

വാഷിംഗ്ടണ്‍: വളരെയധികം ഔഷധ ഗുണമുള്ളതാണ് മുരിങ്ങ. മുരിങ്ങയിലകളും, മുരിങ്ങക്കായയും നാട്ടുവൈദ്യത്തില്‍ പ്രധാനപ്പെട്ട ചേരുവകളാണ്. പല അസുഖങ്ങളും ഭേദമാകാന്‍ മുരിങ്ങ കഴിച്ചാല്‍ മതി. വെള്ളം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കാം. നല്ല കുടിവെള്ളം ലഭിക്കാത്ത രാജ്യങ്ങളില്‍ മുരിങ്ങ ഉപയോഗിച്ച് ജല ശുദ്ധീകരണം നടത്തി കുടിവെള്ള യോഗ്യമാക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം.

മൊരിംഗ ഒലീഫെറ എന്നാണ് മുരിങ്ങയുടെ ശാസ്ത്രീയനാമം. മൊറിന്‍ഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസ്സായ മൊരിന്‍ഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തുവരുന്ന സ്പീഷിസാണ് മുരിങ്ങ.

ഇതിന്റെ വിത്തുകളും ഇലകളും വെള്ളം ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് അമേരിക്കയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ കാര്‍നെഗി മെലണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് മുരിങ്ങയില പരീക്ഷണത്തിനു പിന്നില്‍. വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള മരമാണിത്. ഭക്ഷണത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന മുരിങ്ങയിലയില്‍ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്.

വികസ്വര രാജ്യങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ വെള്ളം ശുദ്ധീകരിക്കാന്‍ മുരിങ്ങ ഉപയോഗിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പരമ്പരാഗതമായി മുരിങ്ങ ജലം ശുദ്ധീകരിക്കാന്‍ ഉപയോഗിച്ചിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു. മുരിങ്ങയില്‍ നിന്നും ഭക്ഷ്യയെണ്ണ ഉണ്ടാക്കാന്‍ കഴിയും. എണ്ണ എടുത്തതിനു ശേഷമുള്ള പിണ്ണാക്ക് പണ്ട് കാലങ്ങളില്‍ ജലശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്നു. ഈ പിണ്ണാക്കിന് ജലത്തിലെ മിക്ക അശുദ്ധവസ്തുക്കളും നീക്കം ചെയ്യാനുള്ള കഴിവുണ്ട്.

മുരിങ്ങയില്‍ വലിയ തോതില്‍ ഡിസോള്‍വ്ഡ് ഓര്‍ഗാനിക് കാര്‍ബണ്‍( ഡിഒസി) അടങ്ങിയിട്ടുണ്ട്. ഇത് ജലത്തിലുള്ള ബാക്ടീരിയകളുടെ വളര്‍ച്ചയെ 24 മണിക്കൂറിനുള്ളില്‍ ഇല്ലാതാക്കുന്നു. കുടിക്കാന്‍ യോഗ്യമായ രീതിയില്‍ ജലത്തെ ശുദ്ധീകരിച്ച് മാറ്റിയെടുക്കാന്‍ മുരിങ്ങയിലയ്ക്ക് സാധിക്കുമെന്നാണ് ഗവേഷകരുടെ വാദം.

മണലും മുരിങ്ങയുടെ ഇലകളും കായകളും ഉപയോഗിച്ച് ജല ശുദ്ധീകരണ സംവിധാനം നിര്‍മിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതിനെ എഫ്-സാന്‍ഡ് എന്നാണ് വിശേഷിപ്പിച്ചത്. മുരിങ്ങ വിത്തുകളിലെ പ്രോട്ടീനുകള്‍ മണലിലടങ്ങിയിരിക്കുന്ന സിലിക്കയുമായി ചേര്‍ന്ന് ശുദ്ധീകരണത്തിന് സഹായിക്കുന്നു. എഫ്-സാന്‍ഡ് പുനരുപയോഗിക്കാനും സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: FK News, Health, Life