ഇന്ത്യ-പാക്-ചൈന ത്രിരാഷ്ട്ര ഉച്ചകോടി നടത്താന്‍ ചൈനയുടെ നിര്‍ദേശം

ഇന്ത്യ-പാക്-ചൈന ത്രിരാഷ്ട്ര ഉച്ചകോടി നടത്താന്‍ ചൈനയുടെ നിര്‍ദേശം

ന്യൂഡെല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്ക പരിഹാരത്തിന് ഇരുരാജ്യങ്ങളും ഒന്നിച്ച് കൈകോര്‍ക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് നയതന്ത്ര പ്രതിനിധി ലുവോ ഷഹൂയ്. മറ്റൊരു ഡോക്‌ലാം സംഘര്‍ഷം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള പരിഹാരത്തിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ യോഗം ചേര്‍ന്ന് പരിഹാരം കാണാനാണ് ചൈനയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ സഹകരണത്തിലൂടെ മുന്നോട്ടുപോകാന്‍ കഴിയണം. ചില ഇന്ത്യന്‍ സുഹൃത്തുക്കള്‍ ഇന്ത്യ, ചൈന, പാകിസ്ഥാന്‍ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ത്രിരാഷ്ട്ര ഉച്ചകോടി നടത്താന്‍ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. ഇത് വളരെ ക്രിയാത്മകമായ ചിന്തയാണ്. ഇത് യാഥാര്‍ത്ഥ്യമാകുമോയെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് എംബസ്സിയില്‍ വെച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയ്ക്കും റഷ്യയ്ക്കും മംഗോളിയക്കും ഉച്ചകോടി നടത്താമെങ്കില്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും പാകിസ്താനും എന്തുകൊണ്ട് ഉച്ചകോടി നടത്തിക്കൂടായെന്നും ലൂവോ ചോദിച്ചു. സഹകരണം, ആശയവിനിമയം, ഉഭയകക്ഷി ബന്ധം, സംയോജനം, നിയന്ത്രണം എന്നിവയിലൂടെ ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്തരത്തിലൊരു നിര്‍ദേശം വരുന്നതെന്നത് ശ്രദ്ധേയമാണ്.

 

Comments

comments

Tags: China, India, Pakistan