ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഒരു ലക്ഷം ടിഡിഐ എന്‍ജിനുകള്‍ നിര്‍മ്മിച്ചു

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഒരു ലക്ഷം ടിഡിഐ എന്‍ജിനുകള്‍ നിര്‍മ്മിച്ചു

ഒരു ലക്ഷമെന്ന എണ്ണം തികച്ച എന്‍ജിനായി 108 ബിഎച്ച്പി 1.5 ലിറ്റര്‍ ടിഡിഐ മോട്ടോറാണ് നിര്‍മ്മിച്ചത്

പുണെ : ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ ഒരു ലക്ഷം ടിഡിഐ (ടര്‍ബോചാര്‍ജ്ഡ് ഡയറക്റ്റ് ഇന്‍ജെക്ഷന്‍) ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിച്ചു. ഫോക്‌സ്‌വാഗണിന്റെ ചാകണ്‍ പ്ലാന്റില്‍ ഈയിടെ ഒരു ലക്ഷമെന്ന എണ്ണം തികച്ച ടിഡിഐ ഡീസല്‍ എന്‍ജിന്‍ പുറത്തിറക്കി.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ രണ്ട് ടിഡിഐ എന്‍ജിന്‍ മോഡലുകളാണ് നിര്‍മ്മിക്കുന്നത്. 108 ബിഎച്ച്പി, 89 ബിഎച്ച്പി എന്നീ രണ്ട് ട്യൂണുകളില്‍ 1.5 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍, 141 ബിഎച്ച്പി, 175 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ എന്നിവയാണ് രണ്ട് എന്‍ജിന്‍ മോഡലുകള്‍. എന്നാല്‍ ഒരു ലക്ഷമെന്ന എണ്ണം തികച്ച എന്‍ജിനായി 108 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്ത 1.5 ലിറ്റര്‍ ടിഡിഐ മോട്ടോറാണ് നിര്‍മ്മിച്ചത്.

ഫോക്‌സ്‌വാഗണിന്റെ 108 ബിഎച്ച്പി 1.5 ലിറ്റര്‍ ടിഡിഐ എന്‍ജിന് 250 എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. മാന്വല്‍, ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഈ മോട്ടോറുമായി ബന്ധിപ്പിക്കുന്നത്. അമിയോ സബ്‌കോംപാക്റ്റ് സെഡാന്‍, വെന്റോ സെഡാന്‍, പോളോ ജിടി ടിഡിഐ എന്നിവയില്‍ നിലവില്‍ ഈ എന്‍ജിനാണ് നല്‍കുന്നത്. 1.5 ലിറ്റര്‍ ടിഡിഐ എന്‍ജിന്റെ 89 ബിഎച്ച്പി വേര്‍ഷന്‍ സ്റ്റാന്‍ഡേഡ് പോളോ ഡീസല്‍ മോഡലില്‍ മാത്രം നല്‍കുന്നു.

ഫോക്‌സ്‌വാഗണിന്റെ ടിഗ്വാന്‍ എസ്‌യുവി, പസാറ്റ് സെഡാന്‍ എന്നിവയാണ് 2.0 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ ഉപയോഗിക്കുന്നത്. ടിഗ്വാന്‍ എസ്‌യുവിയില്‍ ഈ എന്‍ജിന്‍ പരമാവധി 141 ബിഎച്ച്പിയാണ് ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ പസാറ്റില്‍ 175 ബിഎച്ച്പി പുറത്തെടുക്കും. രണ്ട് മോഡലുകളിലും 2.0 ടിഡിഐ എന്‍ജിനുമായി ഫോക്‌സ്‌വാഗണിന്റെ ഡയറക്റ്റ് ഷിഫ്റ്റ് ഗിയര്‍ബോക്‌സ് (ഡിഎസ്ജി) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്.

ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ രണ്ട് ടിഡിഐ എന്‍ജിന്‍ മോഡലുകളാണ് നിര്‍മ്മിക്കുന്നത്. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ എന്നിവയാണ് അവ

ന്യൂ-ജെന്‍ പോളോ, ഓള്‍-ന്യൂ കോംപാക്റ്റ് എസ്‌യുവിയായ ടി-റോക് എന്നിവ അടുത്തതായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് ഇതുവരെ ഫോക്‌സ്‌വാഗണ്‍ വെളിപ്പെടുത്തിയിട്ടില്ല.

Comments

comments

Categories: Auto