പതഞ്ജലി ഫുഡ്പാര്‍ക്കിന് കീഴ്പാട്ടം നല്‍കാന്‍ കൂടുതല്‍ സമയം തേടി യുപി സര്‍ക്കാര്‍

പതഞ്ജലി ഫുഡ്പാര്‍ക്കിന് കീഴ്പാട്ടം നല്‍കാന്‍ കൂടുതല്‍ സമയം തേടി യുപി സര്‍ക്കാര്‍

അനുമതി വൈകിയാല്‍ യുപി വിടുമെന്ന് പതഞ്ജലി; 15 ദിവസത്തിനകം ശരിയാക്കാമെന്ന് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ യമുന എക്‌സ്പ്രസ് വേക്ക് സമാന്തരമായി സ്ഥാപിക്കാനൊരുങ്ങുന്ന പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ ഭക്ഷ്യ സംസ്‌കരണ, ഉല്‍പാദന കേന്ദ്രത്തിന് കീഴ്പാട്ടം നല്‍കുന്നതിനെപ്പറ്റി തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സമയം തേടി. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ 15 ദിവസം കൂടി നല്‍കണമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തോട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പദ്ധതിക്ക് അനുമതി നല്‍കുന്നത് വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നോയ്ഡക്ക് സമീപം വിഭാവനം ചെയ്തിരിക്കുന്ന സംരംഭം ഉപേക്ഷിക്കുമെന്ന് പതഞ്ജലി ഭീഷണി മുഴക്കിയിരുന്നു. പതഞ്ജലി മാനേജര്‍മാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ നീക്കം. കമ്പനിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്‍കുമെന്ന് യുപി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പദ്ധതിയോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി തന്നെയാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. 15 ദിവസം കൂടി ലഭിച്ചാല്‍ മന്ത്രിസഭക്കും യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് അതോറിറ്റിക്കും പദ്ധതിക്ക് അനുമതി നല്‍കാന്‍ സാധഘിക്കുമെന്നും യോഗി ആദിത്യനാഥ് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഫുഡ് പാര്‍ക്ക് അവതരിപ്പിച്ചത് പതഞ്ജലി ആണെങ്കിലും നടത്തിപ്പ് രേഖകളില്‍ മറ്റൊരു കമ്പനിയുടെ പേര് വന്നതോടെയാണ് കാര്യമായ പരിശോധനകളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. ഫുഡ് പാര്‍ക്ക് സ്ഥാപിക്കാന്‍ 6,000 കോടി രൂപയുടെ നിക്ഷേപമാണ് പതഞ്ജലി തയ്യാറാക്കിയിരുന്നത്. എന്നാല്‍ യുപി സര്‍ക്കാരിന്റെ പിന്തുണ കാര്യമായി ലഭിക്കാഞ്ഞത് തിരിച്ചടിയാവുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനോട് പതഞ്ജലി പരാതി ഉന്നയിച്ചു.

പദ്ധതിയുടെ നിലനില്‍പ് കേന്ദ്ര സര്‍ക്കാരിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് പതഞ്ജലിയുടെ സഹ സ്ഥാപകനായ ആചാര്യ ബാലകൃഷ്ണ പ്രതികരിച്ചു. ‘കര്‍ഷകരുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കാരണമാകുന്ന ഒരു പദ്ധതിയെ പ്രോത്സാഹിപ്പിക്കാനുള്ള ഗൗരവം സര്‍ക്കാരിനുണ്ടോ എന്നതാണ് കാണേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കാണ് വേണ്ടിയാണ് കാത്തിരിക്കുന്നത്. അവര്‍ നിരാശപ്പെടുത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍,’- ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

ഫുഡ് പാര്‍ക്ക് സ്ഥാപിക്കാന്‍ 6,000 കോടി രൂപയുടെ നിക്ഷേപമാണ് പതഞ്ജലി തയ്യാറാക്കിയിരുന്നത്. എന്നാല്‍ യുപി സര്‍ക്കാരിന്റെ പിന്തുണ കാര്യമായി ലഭിക്കാഞ്ഞത് തിരിച്ചടിയാവുകയായിരുന്നു.

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ടെന്നും കാലാവധി നീട്ടുന്നതിന്റെ ആവശ്യകത അവരെ പറഞ്ഞ് ബോധ്യപ്പെ’ുത്തിയിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പതഞ്ജലിയുടെ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ആവശ്യമായ അനുമതികള്‍ നല്‍കാനും ഇത് സഹായകമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിക്ഷേപക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനാല്‍ പദ്ധതിക്ക് സമയം നീട്ടി നല്‍കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. 10,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാന്‍ സാധിക്കുന്നതാണ് നിര്‍ദ്ദിഷ്ട ഫുഡ് പാര്‍ക്ക്. പ്രതിവര്‍ഷം 25,000 കോടി രൂപയുടെ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നതെന്ന്് യോഗാ ഗുരു ബാബാ രാംദേവ് സ്ഥാപിച്ച പതഞ്ജലി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉല്‍പന്ന നിര്‍മാണ കമ്പനിയായി മാറാന്‍ ശ്രമിക്കുന്ന പതഞ്ജലിയുടെ കുതിപ്പില്‍ ഫുഡ്പാര്‍ക്ക് നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy