ഒഴിവാകില്ല അണ്വായുധ ഭീഷണി

ഒഴിവാകില്ല അണ്വായുധ ഭീഷണി

കൊട്ടിഗ്‌ഘോഷിച്ച കൂടിക്കാഴ്ച നിഷ്ഫലമാണെന്ന് സൂചിപ്പിക്കുന്ന നിരീക്ഷണങ്ങളുമായി വിദഗ്ധര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള സിംഗപ്പുര്‍ കൂടിക്കാഴ്ചയെ ചരിത്രപരം എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സ്വേച്ഛാധിപത്യ ഭരണത്തിന്റെയും ആണവപരീക്ഷണത്തിന്റെയും പേരില്‍ ജനാധിപത്യവിരുദ്ധ രാഷ്ട്രീയചേരിയില്‍ അമേരിക്ക പ്രതിഷ്ഠിച്ചിരുന്ന കിമ്മിനെ രാജ്യത്തെ ഏറ്റവും വലിയ വലതുപക്ഷ നേതാവായ ഡൊണാള്‍ഡ് ട്രംപ് കാണുമ്പോള്‍ അതിന് വലിയ രാഷ്ട്രീയമാനമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ കൂടിക്കാഴ്ചയ്ക്കു മുമ്പും കൂടിക്കാഴ്ചാവേളയിലും അവകാശപ്പെട്ടിരുന്ന ആണവ നിര്‍വ്യാപനം എന്ന അജന്‍ഡ യാഥാര്‍ത്ഥ്യമായെന്ന് ഉറപ്പിച്ചു പറയാന്‍ അമേരിക്കയ്ക്കു കഴിയാത്തത് ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ സംശയമുണര്‍ത്തുകയാണ്. വടക്കന്‍ കൊറിയയില്‍ നിന്നുള്ള ആണവഭീഷണി അവസാനിച്ചതോടെ ശാന്തമായി ഉറങ്ങാനായെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ഒരു അണ്വായുധം പോലും ഉപേക്ഷിക്കാമെന്ന് കിം സമ്മതിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുമില്ല.

യുഎസ് പ്രസിഡന്റായ ശേഷം വളരെ വിവാദകരമായ തീരുമാനങ്ങളെടുക്കുകയും സ്വന്തം ജനങ്ങളുടെയും ലോകരാഷ്ട്രങ്ങളുടെയും മുമ്പില്‍ മോശം പ്രതിച്ഛായ നേടുകയും ചെയ്ത ട്രംപിന് മുഖം രക്ഷിക്കാന്‍ എന്തെങ്കിലും സമ്പര്‍ക്കപരിപാടി വേണമായിരുന്നു. അധികാരമേറ്റെടുത്തതിനു തൊട്ടുപിന്നാലെ പുറപ്പെടുവിച്ച കുടിയേറ്റവിരുദ്ധ നിയമം മുതല്‍ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു പിന്മാറിയതും സംരക്ഷിതനയത്തിലൂന്നിയ സാമ്പത്തികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും വരെയുള്ള നടപടികള്‍ സഖ്യകക്ഷികളുടെ കൂടി പിന്തുണ നഷ്ടപ്പെടുത്താന്‍ പോന്നവയായിരുന്നു. ലോകക്രമത്തില്‍ പഴയതു പോലെ അമേരിക്കയ്ക്ക് മേധാവിത്വം നേടാന്‍ കഴിയുന്ന സാമ്പത്തികസ്ഥിതിയല്ല ഇന്ന്. ഈ സാഹചര്യത്തിലാണ് ഒരു പ്രതിച്ഛായ നന്നാക്കലിന്റെ ഭാഗമായി ചിരവൈരിയായ വടക്കന്‍ കൊറിയയുമായി അമേരിക്ക അനുനയശ്രമങ്ങള്‍ക്കൊരുങ്ങിയത്. കിം ജോംഗിന്റെ സ്വഭാവം അറിയാവുന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്കറിയാം അത്ര പെട്ടെന്ന് വഴങ്ങുന്ന വ്യക്തിയല്ല അദ്ദേഹമെന്ന്.

അമേരിക്കന്‍ പ്രായോഗികകൗശലം, ഇന്ത്യയും പാക്കിസ്ഥാനും പോലെ ആണവരാജ്യങ്ങളുമായി നിലനിര്‍ത്തുന്നതു പോലെ വടക്കന്‍ കൊറിയയുമായുള്ള ഒരു സഹകരണത്തിനാണെന്ന് വിദഗ്ധര്‍ കരുതുന്നു. കൂടിക്കാഴ്ചയ്ക്കു മുമ്പു നിരുപാധികപരിശോധനാവിധേയവും പൂര്‍ണവുമായ ആണവനിരായുധീകരണത്തെപ്പറ്റി കര്‍ശനഭാഷയിലാണ് അമേരിക്ക സംസാരിച്ചിരുന്നതെങ്കിലും ട്രംപും കിമ്മും ഒപ്പുവെച്ച ഒന്നരപ്പുറം വരുന്ന ഉടമ്പടിയില്‍ ഇത്തരം കാര്‍ക്കശ്യങ്ങളൊന്നുമില്ലായിരുന്നുവെന്നതാണു വാസ്തവം. പകരം, വടക്കന്‍ കൊറിയയുടെ ആണവപദ്ധതികള്‍ക്കുള്ള തന്ത്രപരമായ അംഗീകാരത്തിനുള്ള സമ്മതപത്രമായിരുന്നു അതെന്ന് കാലിഫോര്‍ണിയയിലെ മോണ്ടോറിയയിലെ മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ കിഴക്കനേഷ്യ ആണവനിര്‍വ്യാപനപദ്ധതിയുടെ മേധാവി ജെഫ്രി ലൂയീസ് പറയുന്നു. ഇതു ലോകാവസാനമൊന്നുമല്ലെങ്കിലും നാം ജീവിക്കുന്ന ലോകത്തിന്റെ അവസ്ഥയാണ്. ആണവായുധങ്ങള്‍ വെച്ചു കീഴടങ്ങാമെന്ന കിമ്മിന്റെ വാഗ്ദാനത്തില്‍ ട്രംപ് മയങ്ങിയതിലാണു വേവലാതി. പെട്ടെന്ന് ഒരു ദിവസം ഉണരുമ്പോള്‍ എന്താണു സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതോടെ അദ്ദേഹം പൊട്ടിത്തെറിക്കും. അപ്പോഴാണ് നാം ശരിക്കും കുഴപ്പത്തിലാകുന്നതെന്ന് ജെഫ്രി പറയുന്നു.

ട്രംപിന്റെ വിദേശനയത്തെ അനുകൂലിക്കുന്ന വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണസംഘമായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് പോലും ഇക്കാര്യത്തില്‍ മൗനം ദീക്ഷിച്ചിരിക്കുകയാണ്. ഇരുനേതാക്കളുടെയും സംയുക്തപ്രസ്താവന മുമ്പോട്ടുള്ള ചുവടുവെപ്പാണെന്നു വിലയിരുത്താന്‍ ബുദ്ധിമുട്ടാണ്. ആണവനിരായുധീകരണം പരിശോധനാവിധേയമാക്കാമെന്നു കിം സമ്മതിച്ചോ, അതോ മറ്റെന്തെങ്കിലും പരിണിതഫലങ്ങള്‍ക്കു വേണ്ടി ട്രംപ് കാത്തിരിക്കുന്നതിന്റെ സൂചനയാണോ എന്നു കാത്തിരുന്നു കാണാം. എന്നാല്‍ ഇത്തരം ആശങ്കകളെ ആഭ്യന്തരസെക്രട്ടറി മൈക്ക് പോംപിയോ നിര്‍ദാഷിണ്യം തള്ളിക്കളഞ്ഞു. കരാറില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അമേരിക്കന്‍ താല്‍പ്പര്യങ്ങളെ ഉള്‍ക്കൊള്ളുന്നവയാണെന്നും. വിശദീകരിക്കുന്നില്ലെങ്കിലും 2021 ആകുമ്പോഴേക്കും യുഎസ് ഉദ്ദേശിക്കുന്ന ആണവനിരായുധീകരണം നടന്നിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉടമ്പടിയിലെ വാചകങ്ങളെച്ചൊല്ലി നമുക്കു തര്‍ക്കിക്കാമെങ്കിലും ഇക്കാര്യം അതില്‍ ഉറപ്പു വരുത്തുന്നുണ്ടെന്ന് പോംപിയോ വ്യക്തമാക്കി.

തന്റെ തീരുമാനത്തില്‍ പുരോഗതി കാണുന്നില്ലെങ്കില്‍ ചപലനായ ട്രംപ് തന്റെ സമീപനം അതിവേഗം മാറ്റും. ആണവപരീക്ഷണങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരേ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയും ലിറ്റില്‍ റോക്കറ്റ്മാന്‍ എന്ന് കിമ്മിനെ അപഹസിക്കുകയും ചെയ്ത് ഒരു വര്‍ഷം പിന്നിടും മുമ്പേയാണ് ട്രംപ് കൂടിക്കാഴ്ചയ്ക്കു സന്നദ്ധനായതെന്ന് ഓര്‍ക്കണം. കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപിന്റെ പൂര്‍ണ ആണവനിരായുധീകരണത്തിനു സമ്മതിക്കുമ്പോള്‍ത്തന്നെ പകരം ചില ഇളവുകള്‍ കിം ആവശ്യപ്പെട്ടിരുന്നു. ഇത് അമേരിക്കയ്ക്ക് കൃത്യമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങളിലാണ്. 60 ആണവബോംബുകളും അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന ഒരുപറ്റം മിസൈലുകളും നിര്‍വ്യാപനം ചെയ്യാന്‍ ഉടമ്പടിയില്‍ യാതൊരു സമയപരിധിയും നല്‍കിയിട്ടില്ല. ഉടമ്പടിയിലെ വിവരങ്ങള്‍ സംബന്ധിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്താമെന്ന് പോംപിയോ അറിയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച മാതൃക ആദ്യം തയാറാകട്ടെയെന്നാണ് വടക്കന്‍ കൊറിയന്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്. ഫലപ്രദമായ ചര്‍ച്ചകള്‍ അതിനു ശേഷം മതിയെന്നും അവര്‍ പറഞ്ഞു.

അമേരിക്കന്‍ പ്രായോഗികകൗശലം, ഇന്ത്യയും പാക്കിസ്ഥാനും പോലെ ആണവരാജ്യങ്ങളുമായി നിലനിര്‍ത്തുന്നതു പോലെ വടക്കന്‍ കൊറിയയുമായുള്ള ഒരു സഹകരണത്തിനാണെന്ന് വിദഗ്ധര്‍ കരുതുന്നു. കൂടിക്കാഴ്ചയ്ക്കു മുമ്പു നിരുപാധികപരിശോധനാവിധേയവും പൂര്‍ണവുമായ ആണവനിരായുധീകരണത്തെപ്പറ്റി കര്‍ശനഭാഷയിലാണ് അമേരിക്ക സംസാരിച്ചിരുന്നതെങ്കിലും ട്രംപും കിമ്മും ഒപ്പുവെച്ച ഒന്നരപ്പുറം വരുന്ന ഉടമ്പടിയില്‍ ഇത്തരം കാര്‍ക്കശ്യങ്ങളൊന്നുമില്ലായിരുന്നുവെന്നതാണു വാസ്തവം

ആണവവികസനത്തിന് വേണ്ടി കാല്‍ നൂറ്റാണ്ട് കാത്തിരിക്കുകയും ഉപരോധങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്ത വടക്കന്‍ കൊറിയ ഇത്തരത്തില്‍ പ്രതികരിക്കുന്നതില്‍ അല്‍ഭുതമില്ല. സിംഗപ്പുര്‍ ഉടമ്പടിയേക്കാള്‍ വലിയ കരാറുകള്‍ മുമ്പ് ലംഘിക്കപ്പെട്ടുണ്ടെന്നതും ഇതിനോടു ചേര്‍ത്തു വായിക്കണം. വടക്കന്‍കൊറിയയെ കൂടാതെയുള്ള എട്ട് ആണവശക്തികളില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രയേല്‍ എന്നിവര്‍ ഔപചാരിക അന്താരാഷ്ട്ര ആയുധനിയന്ത്രണ ചട്ടക്കൂടിനു പുറത്തു വന്നിട്ടുണ്ട്. വര്‍ഷങ്ങളോളം യുഎസ് ഉപരോധം നേരിട്ട ഇന്ത്യയുടെ കാര്യമെടുത്താല്‍, തുടര്‍ച്ചയായ എതിര്‍പ്പു കൊണ്ടു പ്രയോജനമില്ലെന്നു മനസിലാക്കി യുഎസ് പത്തി താഴ്ത്തുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തോട് എതിര്‍ക്കുന്നതിനേക്കാള്‍ നല്ലത് അനുനയമാണെന്ന് യുഎസ് പതുക്കെയാണെങ്കിലും മനസിലാക്കിയെന്നു വേണം പറയാന്‍. ഇസ്രായേലിന്റെ ആണവായുധ സമാഹരണം അമേരിക്കന്‍പിന്തുണയോടെയായിരുന്നു. സംഘര്‍ഷമേഖലയില്‍ സ്വയരക്ഷ ഉറപ്പുവരുത്തണമെന്ന ഇസ്രായേലിന്റെ വാദം അംഗീകരിച്ചാണ് അമേരിക്ക ഇതിനു കൂട്ടു നിന്നത്.

മേഖലയെ അണ്വായുധവിമുക്തമാക്കാനുള്ള ശ്രമങ്ങളില്‍ സഹകരിക്കുമെന്നു മാത്രമാണ് സംയുക്തപ്രസ്താവനയില്‍ വടക്കന്‍കൊറിയ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടൊപ്പം നിരുപാധികം, പൂര്‍ണം, പിന്‍വലിക്കാനാകാത്ത തുടങ്ങിയ നയതന്ത്രപരമായ പദങ്ങളുടെ അഭാവവും ശ്രദ്ധിക്കണം. നിരായുധീകരണത്തെക്കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ ആണവപരിപാടി ഉപേക്ഷിക്കാന്‍ കിം തയാറാകില്ലെന്നു തന്നെ വേണം അനുമാനിക്കാനെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് അംഗം ആദം മൗണ്ട് ചൂണ്ടിക്കാട്ടുന്നു. ഈ ഉടമ്പടിയെ ആണവപരിപാടിക്കു നല്‍കുന്ന ഇളവുകളായാണ് വടക്കന്‍ കൊറിയ വ്യാഖ്യാനിക്കുക. കൂട്ടായ ശ്രമം എന്നതു കൊണ്ട് അഞ്ച് ആണവരാജ്യങ്ങളെ സമീകരിക്കാനും അവര്‍ ശ്രമിക്കും. സ്വയം ഒരു ആണവശക്തിയായി ചിത്രീകരിക്കാന്‍ ഈ പ്രയോഗം അവരെ സഹായിക്കും. ഇതോടെ ഇതര ആണവശക്തികളെപ്പോലെ നിരായുധീകരണത്തിനായുള്ള പ്രതിബദ്ധത അവഗണിക്കാന്‍ അവര്‍ ഉപായം കണ്ടെത്തും. വടക്കന്‍ കൊറിയയുടെ വിജയമാണിതെന്ന് ട്രംപിന്റെ കൂട്ടാളിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററുമായ ടോം കോട്ടണ്‍ കൂടിക്കാഴ്ച കഴിഞ്ഞ ഉടന്‍ സമ്മതിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയില്‍ കൊറിയന്‍ ഉപദ്വീപിന്റെ പൂര്‍ണ ആണവനിരായുധീകരണത്തിനു സമ്മതിക്കുമ്പോള്‍ത്തന്നെ പകരം ചില ഇളവുകള്‍ കിം ആവശ്യപ്പെട്ടിരുന്നു. ഇത് അമേരിക്കയ്ക്ക് കൃത്യമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങളിലാണ്. 60 ആണവബോംബുകളും അമേരിക്കയെ ആക്രമിക്കാന്‍ കഴിയുന്ന ഒരുപറ്റം മിസൈലുകളും നിര്‍വ്യാപനം ചെയ്യാന്‍ ഉടമ്പടിയില്‍ യാതൊരു സമയപരിധിയും നല്‍കിയിട്ടില്ല

ആണവായുധങ്ങളുടെ ശക്തി നല്‍കിയ പിന്തുണയില്ലായിരുന്നെങ്കില്‍ കിം ഒരിക്കലും ട്രംപിനോട് വിലപേശാന്‍ സന്നദ്ധനാകുമായിരുന്നില്ലെന്നതാണു വാസ്തവമെന്ന് അമേരിക്കന്‍ സായുധ സേനാസമിതിയംഗം കൂടിയായ കോട്ടണ്‍ പറയുന്നു. സിംഗപ്പുര്‍ കൂടിക്കാഴ്ചയ്ക്ക് ട്രംപ് നടത്തിയ യത്‌നങ്ങളെ സമിതി പിന്തുണച്ചിരുന്നു. അമേരിക്കന്‍ വിരുദ്ധചേരിക്കാരായ ഇറാനും ക്യൂബയും ഇതേവരെ ആണവായുധങ്ങള്‍ കരസ്ഥമാക്കിയിട്ടില്ല. അതിനാല്‍ അവര്‍ക്ക് വടക്കന്‍ കൊറിയയെപ്പോലെ വിലപേശലിനോ ഭീഷണിക്കോ സാധ്യമല്ലെന്ന് അദ്ദേഹം വിലയിരുത്തുന്നു. വടക്കന്‍ കൊറിയ അമേരിക്കയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുമ്പോള്‍ ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാനുമായുള്ള അന്താരാഷ്ട്ര ആണവക്കരാറില്‍ നിന്നു ട്രംപ് കഴിഞ്ഞ മാസം ഏകപക്ഷീയമായി പിന്‍വാങ്ങിയതിന്റെ പശ്ചാത്തലത്തിലാണിത്. പുറകെ അമേരിക്ക അവര്‍ക്കെതിരേ ഉപരോധവും പ്രഖ്യാപിച്ചു. ആണവപരിപാടി നിയന്ത്രിക്കാമെന്ന് 2015-ലെ കരാറില്‍ ഇറാന്‍ സമ്മതിച്ചതിനു പിന്നാലെയാണ് ഐക്യരാഷ്ട്രസംഘടന, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഉപരോധം പിന്‍വലിക്കാന്‍ തയാറായത്. പക്ഷേ, മേയ് എട്ടിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറിനെ അപലപിച്ചു കൊണ്ട് പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.

ഇറാനെതിരേയുള്ള അമേരിക്കന്‍ സമ്മര്‍ദ്ദതന്ത്രത്തിലെ ബദല്‍ പദ്ധതിയാണിത്. പുതിയ കരാറിന് ഇറാനെ നിര്‍ബന്ധിക്കുകയായിരുന്നു ലക്ഷ്യം. ആണവനിര്‍വ്യാപനം മാത്രമല്ല, അതിനേക്കാളേറെ ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു അമേരിക്കയുടെ ഉദ്ദേശ്യം. തികച്ചും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത പ്രവൃത്തിയാണിത്. ഉപരോധത്തിനേര്‍പ്പെടുത്തുന്ന ഉപാധികള്‍ സമഗ്രമായിരിക്കണം. സംയുക്ത സമഗ്ര കര്‍മ്മപദ്ധതി (ജെസിപിഒഎ) ഉടമ്പടിയിലേക്കെത്തിച്ച സമ്മര്‍ദ്ദം സുസ്ഥിരവും വ്യാപക അംഗീകാരം നേടിയതുമായിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജെസിപിഒഎയില്‍ ഉറച്ചു നില്‍ക്കണമെന്ന് യൂറോപ്യന്‍ സഖ്യകക്ഷികള്‍ ആവശ്യപ്പെടുന്നു. ഇന്ത്യ, ചൈന, റഷ്യ എന്നീ പ്രമുഖ രാജ്യങ്ങളും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങാന്‍ സാധ്യതയില്ല. ഈ രാജ്യങ്ങളെയെല്ലാം ഇറാനുമായുള്ള വ്യാപാരബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നത് ആഗോള തലത്തിലുള്ള നയതന്ത്രബന്ധങ്ങളെത്തന്നെ തകര്‍ക്കും. രാജ്യങ്ങളുടെ വിശാല താല്‍പര്യങ്ങളെ അമേരിക്കന്‍ സമ്മര്‍ദ്ദം ഹനിക്കുമെന്നതിനാല്‍ ഇതിന് സഖ്യകക്ഷികള്‍ പോലും അമാന്തിക്കും.

ഇരുനേതാക്കളുടെയും സംയുക്തപ്രസ്താവന മുമ്പോട്ടുള്ള ചുവടുവെപ്പാണെന്നു വിലയിരുത്താന്‍ ബുദ്ധിമുട്ടാണ്. ആണവനിരായുധീകരണം പരിശോധനാവിധേയമാക്കാമെന്നു കിം സമ്മതിച്ചോ, അതോ മറ്റെന്തെങ്കിലും പരിണിതഫലങ്ങള്‍ക്കു വേണ്ടി ട്രംപ് കാത്തിരിക്കുന്നതിന്റെ സൂചനയാണോ എന്നു കാത്തിരുന്നു കാണാം

ആണവക്കരാറില്‍ ഉറച്ചു നില്‍ക്കണോ പിന്മാറണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇറാന്‍ ഇപ്പോള്‍. ആണവനിര്‍വ്യാപനക്കരാറില്‍ പുറത്തു വരുന്നതിനെക്കുറിച്ച് ഇറാന്‍ ഭരണകൂടം ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2003-ല്‍ ആദ്യ അണുബോംബ്‌സ്‌ഫോടനത്തിനു മുമ്പു തന്നെ വടക്കന്‍ കൊറിയ കരാറില്‍ നിന്നു പുറത്തു കടന്നിരുന്നു. അയല്‍ രാജ്യങ്ങള്‍ ഉത്തരകൊറിയയെ ഇപ്പോള്‍ വലിയ ഭീഷണിയായി കരുതുന്നില്ല. അവര്‍ ഈ പരിതസ്ഥിതിയോട് ഇണങ്ങിക്കഴിഞ്ഞു. റഷ്യയും ചൈനയും പോലുള്ള ശക്തരായ രാജ്യങ്ങള്‍ യുഎസ് ഉപരോധത്തെ ചെറുക്കാന്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബദ്ധവൈരികളായ തെക്കന്‍ കൊറിയയാകട്ടെ നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരിക്കുന്നു.

വടക്കന്‍കൊറിയയുടെ ആണവപരിപാടികള്‍ സുദൃഢമാണെന്ന് ട്രംപ് പ്രശംസിക്കുകയുണ്ടായി. മാത്രമല്ല, നേരത്തേ അവരുടെ സൈനിക പരിശീലനപരിപാടികളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ഉപരോധഭീഷണി മുഴക്കുകയും ചെയ്ത അദ്ദേഹം നിലപാട് മയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പൂര്‍ണമായ ആണനിര്‍വ്യാപനത്തിന് എത്രസമയമെടുക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഇതൊരു സങ്കീര്‍ണ വിഷയമാണെന്നും ഉടന്‍ തന്നെ തീരുമാനമെടുക്കാന്‍ പറ്റുന്ന ഒന്നല്ലെന്നുമാണ് പ്രതികരിച്ചത്. ഏതായാലും കുറച്ചുസമയമെടുത്തേ ഇതു പരിഹരിക്കാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. വടക്കന്‍ കൊറിയയുടെ ആണവപദ്ധതികള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുകയാണ്. ഇതോടെ ആണവനിര്‍വ്യാപനം കൂടുതല്‍ വൈഷമ്യമേറിയതാകും. ഇത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് ലൂയീസ് ചൂണ്ടിക്കാട്ടുന്നു. ഇത് ആണവനിര്‍വ്യാപനത്തിന്റെ ഭവിഷ്യത്തിനെപ്പറ്റിയുള്ള ഭീകര ഉദാഹരണമായി മാറുമെന്ന് അദ്ദേഹം പറയുന്നു. ആണവപദ്ധതി ഉപേക്ഷിച്ചപ്പോഴാണ് മുന്‍ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈനും ലിബിയന്‍ പ്രസിഡന്റ് മുവാമ്മര്‍ ഗദ്ദാഫിയും കൊല്ലപ്പെട്ടത്. എന്നാല്‍ ഇത് ഉപേക്ഷിക്കാന്‍ തയാറാകാത്ത കിമ്മിന് ജീവന്‍ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച ആണവായുധങ്ങള്‍ സമ്മാനമായി ലഭിക്കുകയും ചെയ്തിരിക്കുന്നു. ഇത് എന്തു സന്ദേശമാണ് ലോകത്തിനു കൊടുക്കുന്നതെന്ന് ഓര്‍ക്കണമെന്ന് ലൂയിസ് മുന്നറിയിപ്പു തരുന്നു.

Comments

comments

Categories: FK Special, Slider